പൊലീസ്​ യുവാക്കളുടെ ചെവി അടിച്ചുപൊട്ടിച്ചു; ഭീഷണിപ്പെടുത്തി കേസ്​ ഒതുക്കി

05:47 AM
17/04/2018
കൊച്ചി: പൊതുസ്ഥലത്ത് പുകവലിച്ചെന്ന പേരിൽ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ ചെവി പൊലീസ് അടിച്ചുപൊട്ടിച്ചു. കൈവശമുള്ള പണം പൊലീസ് തട്ടിയെടുക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് യുവാക്കൾക്ക് ക്രൂര മർദനമേറ്റത്. ഒടുവിൽ യുവാക്കളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് വിളിച്ചുവരുത്തി പരാതിയില്ലെന്ന് എഴുതി വാങ്ങി. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഡി.ജി.പി ലോക്നാഥ് െബഹ്റ എറണാകുളം റേഞ്ച് െഎ.ജി വിജയ് സാക്കറെക്ക് നിർദേശം നൽകി. മാർച്ച് 22ന് നടന്ന സംഭവം തിങ്കളാഴ്ചയാണ് ചാനലുകളിലൂടെ പുറത്തുവന്നത്. സിറ്റി പൊലീസ് കമീഷണറുടെ ഷാഡോ സ്ക്വാഡ് അംഗങ്ങളായ സജുമോൻ, രഞ്ജിത്ത്, ഹരി, രാഹുൽ എന്നിവർക്കെതിരെയാണ് ആരോപണം. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപത്തെ റോഡിൽ പുലർച്ച രേണ്ടാടെയെത്തിയ ഷാഡോ പൊലീസ് പൊതുസ്ഥലത്ത് പുകവലിച്ചെന്ന കുറ്റം ചുമത്തി മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്ത് എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവാക്കളുടെ ബാഗും പഴ്സും പരിശോധിച്ച പൊലീസ് നാലായിരത്തോളം രൂപയും മൊബൈൽ ചാർജറും കൈക്കലാക്കി. ഇത് ചോദ്യം ചെയ്തതോടെയാണ് മർദിച്ചത്. രണ്ട് യുവാക്കളുടെ കർണപടം പൊട്ടി. രണ്ടുപേർക്കെതിരെ പുക വലിച്ചതിനും ഒരാളുടെ ബൈക്കിന് ഇൻഷുറൻസ് ഇല്ലെന്ന കുറ്റവും ചുമത്തിയാണ് കേസെടുത്തത്. യുവാക്കൾ പരാതി നൽകാൻ ശ്രമിക്കുന്നതായി ആശുപത്രിയിൽനിന്ന് അറിഞ്ഞ പൊലീസ് അവരെ പിന്തിരിപ്പിക്കാൻ നീക്കം തുടങ്ങി. മർദിച്ച സംഘത്തിലുണ്ടായിരുന്ന രാഹുൽ യുവാക്കളെ ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിന് സമീപം വരാൻ പറഞ്ഞു. ഭീഷണിയും സമ്മർദവുമെല്ലാം രാഹുൽ പയറ്റിയെങ്കിലും യുവാക്കൾ വഴങ്ങിയില്ല. ഇതോടെ, നഗരത്തിലെതന്നെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് യുവാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പരാതിയില്ലെന്ന് എഴുതി വാങ്ങിച്ചെന്നാണ് ആരോപണം. പൊലീസി​െൻറ കടുത്ത സമ്മർദത്തെത്തുടർന്ന് പരാതിയിൽനിന്ന് പിന്മാറാൻ നിർബന്ധിതരാകുകയായിരുന്നെന്ന് യുവാക്കൾ പറയുന്നു. സംഭവം വിവാദമായതോടെയാണ് ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടത്.
COMMENTS