രമണിയമ്മ മതിൽ പുതുക്കിപ്പണിയുന്നു; 35ാം തവണ

05:47 AM
17/04/2018
കറ്റാനം: 35ാം തവണയും വീടി​െൻറ മതിൽ പുതുക്കിപ്പണിയാൻ ഒരുങ്ങുകയാണ് രമണിയമ്മ. വളഞ്ഞ നടയ്ക്കാവ് രമണിഭവനത്തിൽ രമണിയമ്മ വീട് നിർമിക്കുന്നത് 18 വർഷം മുമ്പാണ്. മുന്നിൽ മതിലും പണിതു. കുറ്റിത്തെരുവ് --മാവേലിക്കര സംസ്ഥാന പാതയോരത്തെ വളഞ്ഞ നടയ്ക്കാവ് ജങ്ഷൻ വളവിൽ വീടും മതിലും നിർമിച്ചപ്പോൾ ഇടക്കിടെ മതിൽ പുതുക്കിപ്പണിയേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ല. മാവേലിക്കര ഭാഗത്തുനിന്ന് വേഗത്തിലെത്തുന്ന വാഹനങ്ങൾ വളവിൽ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറുകയാണ് പതിവ്. ജില്ല കലക്ടർക്കും പൊതുമരാമത്ത് അധികൃതർക്കും അടക്കം ഒട്ടേറെ പരാതികൾ കൈമാറിയതി​െൻറ അടിസ്ഥാനത്തിൽ രണ്ടുവർഷം മുമ്പ് റോഡിൽ ഹംപുകൾ സ്ഥാപിച്ചു. പിന്നീട് പകൽ അപകടങ്ങൾ കുറഞ്ഞുവന്നെങ്കിലും രാത്രി വാഹനങ്ങൾ നിയന്ത്രണം വിടുന്നത് തുടർന്നു. കഴിഞ്ഞ ദിവസം പുലർച്ച 2.30ന് തമിഴ്നാട് സ്വദേശി ഓടിച്ച കാറാണ് ഒടുവിൽ മതിൽ തകർത്തത്. രമണിയമ്മ ഉടൻ പൊലീസിൽ അറിയിക്കുകയും ഡ്രൈവർക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. വടക്കേ ഇന്ത്യയിൽ ജോലി ഉണ്ടായിരുന്ന ഇവർ വിരമിച്ചശേഷമുള്ള സമ്പാദ്യമെല്ലാം മതിലിനുവേണ്ടി ചെലവഴിക്കുകയായിരുന്നു. വളഞ്ഞ നടയ്ക്കാവിലെ ഈ കൊടുംവളവിൽ തെരുവുവിളക്കി​െൻറ അഭാവമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നും ഇതിനെതിരെ സമരം തുടങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.
Loading...
COMMENTS