ഹൗസ്ബോട്ടുകളിലെ സുരക്ഷ; പരിശോധന ശക്തമാക്കാൻ തീരുമാനം

05:44 AM
17/04/2018
ആലപ്പുഴ: ഹൗസ്ബോട്ടുകളിലെ യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ ബോട്ട് ഉടമകളുമായി ചർച്ച നടത്തി. ഹൗസ്ബോട്ട് അടക്കമുള്ള ജലയാനങ്ങളിൽനിന്ന് പിഞ്ചുകുട്ടികൾ അടക്കം കായലിൽ വീണ് മരിക്കുന്നത് ആവർത്തിക്കാതിരിക്കാനായിരുന്നു തിങ്കളാഴ്ച യോഗം വിളിച്ചത്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനയും നടപടികളും കർശനമാക്കാൻ തീരുമാനിച്ചു. യോഗത്തിൽ ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോസുകുട്ടി ജോസഫ്, കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് ആൻഡ് ഓപറേറ്റേഴ്‌സ് സമിതി പ്രസിഡൻറ് ജോസി, ഇ. അനസ്, പി.കെ. സജീവ്കുമാർ, മോട്ടോർ ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ സെക്രട്ടറി തൊമ്മി ജോസഫ്, പോർട്ട് ഉദ്യോഗസ്ഥർ, ഡി.ടി.പി.സി സെക്രട്ടറി എം. മാലിൻ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിലെ പ്രധാന തീരുമാനങ്ങൾ 1. ബോട്ടി​െൻറ മുൻഭാഗത്തെ (ലിവിങ് ഏരിയ) ഒരുമീറ്റർ ഉയരത്തിൽ സ്റ്റീൽ ഉപയോഗിച്ച് സുരക്ഷവേലി സ്ഥാപിക്കും. കൂടുതലും മുൻഭാഗത്താണ് കുട്ടികൾ അടക്കമുള്ളവർ കായലിൽ വീണ് അപകടം ഉണ്ടാകുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ജില്ലയിൽ സർവിസ് നടത്തുന്ന 1097 ജലയാനങ്ങൾക്കും ഇത് നിർബന്ധമാക്കും. മൂന്ന് മാസത്തിനുള്ളിൽ സുരക്ഷവേലി സ്ഥാപിക്കണമെന്നാണ് നിർദേശം. 2. ഹൗസ്ബോട്ട് രംഗത്തെ ലൈസൻസിങ് സമ്പ്രദായം പരിഷ്കരിക്കും. ഇതിന് യോഗ്യത പരീക്ഷ അടിസ്ഥാനമാക്കും. അനർഹരായവരെ ഒഴിവാക്കും. 3. സഞ്ചരിക്കേണ്ട വഴി അടക്കം മികച്ച പരിജ്ഞാനമുള്ളവരെ ബോട്ട് ക്രൂമാരായി നിയമിക്കും. ഇവരുടെ സ്വഭാവ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും. പിഴവുകൾ കണ്ടാൽ ജീവനക്കാരെ ഒഴിവാക്കും. 4. സുരക്ഷയുടെ ഭാഗമായി നീന്തൽ വശമുള്ള ജീവനക്കാരാണെന്ന് ഉറപ്പ് വരുത്തും. കൂടാതെ ലൈഫ്ബോയ അടക്കമുള്ള ജീവൻ രക്ഷ ഉപകരണങ്ങൾ ഉണ്ടോ എന്ന് പരിശോധന കർശനമാക്കും. 5. ജീവനക്കാരുടെ ഭാഗത്തുനിന്നുമുള്ള മോശം പെരുമാറ്റം കണ്ടാൽ ശക്തമായ നടപടി സ്വീകരിക്കും. മദ്യപാനം, കഞ്ചാവ്, പുകയില തുടങ്ങിയവ ഉപയോഗിക്കുന്ന ജീവനക്കാരെ പ്രോസിക്യൂഷൻ അടക്കമുള്ള ശിക്ഷണ രീതി അവലംബിക്കും. 6. ഇവ പരിശോധിക്കാൻ ഡിവൈ.എസ്.പി, സി.ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ഹൗസ്ബോട്ട് അപകടങ്ങൾ തടഞ്ഞില്ലെങ്കിൽ വ്യവസായം തകരും -കെ.സി. വേണുഗോപാൽ എം.പി ആലപ്പുഴ: സഞ്ചാരികൾക്ക് വേണ്ടത്ര സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ കാട്ടുന്ന ഉദാസീനത ഹൗസ്ബോട്ട് വ്യവസായത്തെ തകർക്കുമെന്ന് കെ.സി. വേണുഗോപാൽ എം.പി. അടിക്കടി അപകടങ്ങൾ ഉണ്ടായിട്ടും ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു നടപടിയും ടൂറിസം വകുപ്പ് സ്വീകരിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടുപേർ കായലിൽ വീണ് മരിച്ചിട്ടും സംഭവത്തെ സർക്കാർ ഗൗരവമായി കാണുന്നില്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പേരിന് നടപടിയെടുക്കുന്ന രീതി അവസാനിപ്പിക്കണം. വകുപ്പ് മന്ത്രി നേരിട്ട് ഹൗസ്ബോട്ട് സംരംഭകരുടെയും ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെ തലവൻമാരുടെയും യോഗം വിളിക്കണം. ബോട്ടുകൾക്കും ജീവനക്കാർക്കും ആവശ്യമായ ലൈസൻസ് ഉറപ്പുവരുത്തണം. ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് മൂന്നുമാസത്തെ പരിശീലനം നൽകി ലൈസൻസ് നിർബന്ധമാക്കണമെന്ന മുൻ തീരുമാനം പോലും നടപ്പാകുന്നില്ല. ക്രൂ ലൈസൻസ് നൽകുന്നതിനുള്ള സംവിധാനം പോലും പ്രവർത്തിക്കുന്നില്ല. ബോട്ട് ലൈസൻസ് നൽകുന്നതിനും മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി ലഭിക്കുന്നതിനും ഉള്ള കാലതാമസം പരിഹരിക്കണം. ടൂറിസം മേഖലയിൽ ഹൗസ്ബോട്ട് കേന്ദ്രീകരിച്ച് അനാരോഗ്യ പ്രവണതകൾ ഉള്ളതായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കണം. 1500ലധികം ഹൗസ്ബോട്ടുകൾ സർവിസ് നടത്തുന്ന ആലപ്പുഴയിൽ അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാനാവശ്യമായ എമർജൻസി റെസ്പോൺസ് സംവിധാനം സ്പീഡ് ബോട്ടോടുകൂടി നടപ്പാക്കണം. പൊലീസ്, ഫയർ,- ജലഗതാഗതം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് എയ്സ് പോസ്റ്റുകളും സഞ്ചാരികൾക്ക് മതിയായ വിവരങ്ങളും മാർഗനിർദേശങ്ങളും നൽകാൻ വേണ്ട സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നും അദ്ദേഹം വകുപ്പ്മന്ത്രിയോട് ആവശ്യപ്പെട്ടു.
Loading...
COMMENTS