Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംവരണ നഷ്​ടം...

സംവരണ നഷ്​ടം നികത്തിയില്ല; കുഫോസിലെ അധ്യാപകനിയമനം വിവാദത്തിൽ

text_fields
bookmark_border
കൊച്ചി: സംവരണ നഷ്ടം നികത്താതെ ഗവേണിങ് കൗൺസിലി​െൻറ തീരുമാനം മറികടന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) അധ്യാപക നിയമനം നടത്തുന്നതായി പരാതി. നിയമന നടപടികൾ നിർത്തിവെക്കണമെന്നും ഇതുസംബന്ധിച്ച് വൈസ് ചാൻസലറിൽനിന്നും രജിസ്ട്രാറിൽനിന്നും വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ട് അധ്യാപക, അനധ്യാപക, വിദ്യാർഥി സംഘടനകൾ പ്രോ ചാൻസലർ കൂടിയായ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് പരാതി നൽകി. കുഫോസിൽ പ്രഫസർ, അസി. പ്രഫസർ, അസോസിയേറ്റ് പ്രഫസർ തുടങ്ങിയ 29 തസ്തികകളിലേക്ക് സ്ഥിരനിയമനത്തിന് കഴിഞ്ഞ ജൂൺ 13നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനത്തിൽ ക്രമക്കേടുണ്ടെന്നും യോഗ്യരായ ഉദ്യോഗാർഥികളെ ബോധപൂർവം ഒഴിവാക്കാൻ നീക്കം നടക്കുന്നതായും കാണിച്ച് വിവിധ സംഘടനകളും ഉദ്യോഗാർഥികളും സർവകലാശാല ഗവേണിങ് കൗൺസിൽ അംഗങ്ങൾക്ക് പരാതി നൽകി. എന്നാൽ, ഇതൊന്നും വകവെക്കാതെ നവംബർ, ഡിസംബർ മാസങ്ങളിൽ ഏതാനും തസ്തികകളിലേക്ക് അഭിമുഖം നടത്തി. കുഫോസിനെ മൂന്നാമത് സർവകലാശാല ഭേദഗതി നിയമത്തി​െൻറ പരിധിയിൽപ്പെടുത്താത്തതിനാൽ അധ്യാപക തസ്തികകൾ ഒരുമിച്ച് കണക്കാക്കി സാമുദായിക സംവരണം നൽകാതെയായിരുന്നു 2015ലെ നിയമനം. ഇൗ സംവരണ നഷ്ടം അടുത്ത നിയമനത്തിൽ നികത്താനായിരുന്നു 2015 ഒക്ടോബർ അഞ്ചിന് ചേർന്ന ഗവേണിങ് കൗൺസിൽ യോഗത്തി​െൻറ തീരുമാനം. എന്നാൽ, ഇത് പൂർണമായും ലംഘിച്ചാണത്രെ കഴിഞ്ഞ ജൂണിൽ പുനിർവിജ്ഞാപനം പുറപ്പെടുവിച്ചത്. സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്തശേഷമേ നിയമനം നടത്താവൂ എന്ന് 2016 സെപ്റ്റംബർ അഞ്ചിന് സർക്കാർ സർവകലാശാലയോട് നിർദേശിച്ചിരുന്നു. ചാൻസലറുടെ അനുമതി ലഭിച്ചിട്ടും സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്തിട്ടില്ല. നിശ്ചിത യോഗ്യത ഇല്ലാത്ത ഉദ്യോഗാർഥികളെ സർവകലാശാലയിലെ ഉന്നതോദ്യോഗസ്ഥ​െൻറ പൂർവവിദ്യാർഥി എന്ന പരിഗണനയിൽ മാത്രം അഭിമുഖത്തിൽ പെങ്കടുപ്പിച്ചതായും പരാതിയുണ്ട്. നിയമനവുമായി ബന്ധപ്പെട്ട് സർവകലാശാല സ്വീകരിച്ച നടപടികളും പരാതികളും വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡിസംബറിൽ ചേർന്ന ഗവേണിങ് കൗൺസിൽ യോഗം കുസാറ്റ് മുൻ രജിസ്ട്രാർ അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. തുടർന്ന്, നിയമന നടപടികൾ പൂർണമായും നിർത്തിവെക്കുകയും ചെയ്തു. എന്നാൽ, ഏപ്രിൽ 10,11, 12തീയതികളിൽ ബയോകെമിസ്ട്രി, അറ്റ്മോസ്ഫെറിക് സയൻസ് വിഭാഗങ്ങളിലെ അഭിമുഖത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് രജിസ്ട്രാർ ഉദ്യോഗാർഥികൾക്ക് കത്തയച്ചു. വിദേശത്തുള്ള വി.സിയുടെ ചുമതല വഹിക്കുന്ന ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും പറയുന്നു. നിയമനത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി അയ്യങ്കാളി സാംസ്കാരിക സമിതിയും മന്ത്രിക്ക് പരാതി നൽകിയിരുന്നു.
Show Full Article
TAGS:LOCAL NEWS
Next Story