Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഴുകുതിരി...

മെഴുകുതിരി നിർമാണശാലക്ക് തീപിടിച്ചു; മൂന്നുപേർക്ക് പൊള്ളലേറ്റു ഒരാളുടെ നില ഗുരുതരം

text_fields
bookmark_border
പറവൂർ: വടക്കേക്കര ചെട്ടിക്കാടിൽ മെഴുകുതിരി നിർമാണശാലക്ക് തീപിടിച്ചു. നിർമാണശാലയോട് ചേർന്ന വീടിനും തീപിടിക്കുകയും വീട്ടിൽ ഉറങ്ങിക്കിടന്ന മൂന്നുപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഒരാളുടെ നില അതിഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ച ഒന്നോടെ വടക്കേക്കര ചെട്ടിക്കാട് പള്ളിക്ക് സമീപത്തെ മെഴുകുതിരി നിർമാണശാലക്കാണ് തീപിടിച്ചത്. പടമാട്ടുമ്മൽ ആൻറണിയുടെ വീടിനോടുചേർന്ന് പ്രവർത്തിക്കുന്ന മെഴുകുതിരി നിർമാണശാലയാണ് അഗ്നിക്കിരയായത്. ആൻറണിയുടെ മകൻ ആൽബിയുടെ ഉടമസ്ഥതയിലാണ് നിർമാണ കേന്ദ്രം. ആൻറണി, ഭാര്യ ഷൈബി, ആൽബി എന്നിവർക്കാണ് പൊള്ളലേറ്റത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ആൽബിയുടെ ഭാര്യ ജാസ്മിന് പരിക്കേറ്റില്ല. തീ പടരുന്നത് കണ്ട് ഉണർന്ന ആൻറണി വാതിൽ തുറന്നപ്പോൾ കാൽവഴുതി ഉരുകിയ മെഴുകിലേക്ക് വീഴുകയായിരുന്നു. ആൻറണിയുടെ ദേഹമാസകലം പൊള്ളലേറ്റു. ഇയാൾ, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഗർഭിണിയായ ജാസ്മിനെ ആൽബി വീടിന് പുറത്തേക്ക് മാറ്റിയത് രക്ഷയായി. ഇവരെ വീടിന് വെളിയിലേക്ക് മാറ്റുന്നതിനിടെ ആൽബിക്കും ആൻറണിയെ രക്ഷിക്കുന്നതിനിടെ ഷൈബിക്കും കാലിൽ പൊള്ളലേറ്റു. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറും വാഹനവും ആൽബി തീയുടെ സമീപത്തുനിന്ന് നീക്കി. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. നിർമാണശാലയിലെ ഉപകരണങ്ങളും വീട്ടിലെ വസ്തുക്കളും കത്തി ചാമ്പലായി. സംഭവമറിഞ്ഞ് സമീപവാസികളും നാട്ടുകാരും ഓടിക്കൂടി. കെ.എസ്.ഇ.ബി അധികൃതർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പറവൂർ, വൈപ്പിൻ, കൊടുങ്ങല്ലൂർ, മാള എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. അപകടസ്ഥലത്തേക്കുള്ള ഇടുങ്ങിയ വഴി ഫയർഫോഴ്സ് വാഹനങ്ങൾ എത്തുന്നതിന് തടസ്സമായി. സമീപത്തെ കുളത്തിലെയും പുഴയിലെയും വെള്ളം പമ്പ് ചെയ്തും ഫോം ഉപയോഗിച്ചും നാലുമണിക്കൂറെടുത്താണ് തീയണച്ചത്. നിർമാണ കേന്ദ്രത്തിന് സമീപത്തായി സ്ഥലം വാങ്ങി കേന്ദ്രം അങ്ങോട്ടേക്ക് മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനായി കരുതിയിരുന്ന പണം, സ്വര്‍ണാഭരണങ്ങൾ, വിവിധ രേഖകൾ എന്നിവ അഗ്നിക്കിരയായി. 20 ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story