Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപാത 17ൽ...

ദേശീയപാത 17ൽ മൂത്തകുന്നം കവല അപകടമേഖലയാകുന്നു

text_fields
bookmark_border
പറവൂർ: അപകടമേഖലയായ ദേശീയപാത 17 കടന്നുപോകുന്ന മൂത്തകുന്നം കവലയിൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങളൊരുക്കുന്നില്ല. മോട്ടോർ വാഹനവകുപ്പോ പൊലീസോ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ താൽപര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം. വാഹനാപകടങ്ങളിൽപെട്ട് സിഗ്നൽ ലൈറ്റ് റോഡരികിൽ തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അറ്റകുറ്റപ്പണിക്ക് അധികൃതർ തയാറാകുന്നില്ല. സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ നിയന്ത്രണമില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്നു. ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. രണ്ടാഴ്ച മുമ്പ് മൂത്തകുന്നം-കോട്ടപ്പുറം പാലത്തിന് സമീപത്തെ അപകടത്തിൽ ബൈക്ക് യാത്രികന്‍ മരിച്ചു. ഒരുമാസം മുമ്പ് കുര്യാപ്പിള്ളി ബാങ്ക് കവലയില്‍ ഓട്ടോറിക്ഷയില്‍ മറ്റൊരു വാഹനം ഇടിച്ച് അധ്യാപിക മരിച്ചിരുന്നു. കുര്യാപ്പിള്ളി ഭാഗവും അപകടം പതിയിരിക്കുന്ന സ്ഥലമാണ്. ഇവിടെയും മതിയായ സുരക്ഷ സംവിധാനം ഒരുക്കിയിട്ടില്ല. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്ന പ്രദേശമായതിനാലും വാഹനാപകടം വർധിച്ചതിനാലും വാഹനങ്ങള്‍ വേഗം കുറച്ച് പോകണമെന്ന് നിർദേശിക്കുന്ന സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. കണ്ടെയ്‌നര്‍ ലോറികള്‍ ഉള്‍പ്പെടെ രാത്രിയും പകലും ഇടതടവില്ലാതെ കവലയിലൂടെ കടന്നുപോകുന്നു. മൂത്തകുന്നത്ത് എത്തിയാല്‍ വടക്കുനിന്ന് വരുന്ന വാഹനങ്ങള്‍ ഇടതുവശത്തേക്ക് തിരിഞ്ഞ് പഴയ കുര്യാപ്പിള്ളി പാലം വഴിയാണ് പറവൂരിലേക്ക് പോകേണ്ടതെങ്കിലും പല വാഹനങ്ങള്‍ക്കും രാത്രി ഇവിടെ ദിശതെറ്റുന്നു. ഈ വാഹനങ്ങള്‍ പലതും മൂത്തകുന്നം കവലയില്‍ എത്തുമ്പോള്‍ വേഗം കുറക്കുന്നില്ല. മൂത്തകുന്നം കവലയിൽനിന്ന് ദേശീയപാത മുറിച്ചുകടന്നാണ് വാഹനങ്ങളും കാൽനടക്കാരും മാല്യങ്കര റോഡിലേക്ക് പ്രവേശിക്കുന്നത്. റോഡ് ക്രോസിങ് ഉള്ളതിനാൽ ഇവിടെ ട്രാഫിക് സിഗ്നൽ ആവശ്യമാണ്. സിഗ്നൽ ഇല്ലാത്തതിനാൽ വിവിധ ദിശകളിൽനിന്ന് എത്തുന്ന വാഹനങ്ങൾ തമ്മില്‍ കൂട്ടിയിടിക്കാൻ സാധ്യതയുണ്ട്. ചിലസമയങ്ങളിൽ തലനാരിഴക്കാണ് അപകടം ഒഴിവാകുന്നതെന്നു പ്രദേശവാസികൾ പറയുന്നു. പറവൂരില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കുര്യാപ്പിള്ളി ലേബര്‍ കവലയിൽനിന്ന് തിരിഞ്ഞ് പുതിയ വണ്‍വേ റോഡ് വഴിയാണ് കൊടുങ്ങല്ലൂരിലേക്ക് പോകുന്നത്. ട്രാഫിക് നിയമം പാലിക്കാത്ത വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ട്. അപകടമേഖലയിൽ സുരക്ഷ സംവിധാനം ഒരുക്കുന്ന കാര്യത്തിൽ അധികൃതർക്ക് നിസ്സംഗതയാണെന്ന് ആക്ഷേപവുമുണ്ട്.
Show Full Article
TAGS:LOCAL NEWS
Next Story