Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുഴയിലേക്ക് മാലിന്യം...

പുഴയിലേക്ക് മാലിന്യം വീണ്ടും ഒഴുകി; ഏലൂരിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി

text_fields
bookmark_border
കളമശ്ശേരി: പാതാളം ബണ്ടിന് താഴെ പുഴയിലേക്ക് വീണ്ടും മാലിന്യം ഒഴുകിയെത്തിയതോടെ മത്സ്യങ്ങൾ വ്യാപകമായി ചത്തുപൊങ്ങി. കരിമീൻ, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങളാണ് ചത്തത്. നാട്ടുകാർ കൊട്ടയിലും ചാക്കിലുമായി മത്സ്യങ്ങൾ കോരിയെടുത്തു. രൂക്ഷമായ മാലിന്യപ്രശ്നം ഉണ്ടായിട്ടും മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ സ്ഥലത്തെത്തി പരിശോധിക്കാനോ മാലിന്യത്തി​െൻറ സാമ്പിൾ ശേഖരിക്കാേനാ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. രണ്ട് ദിവസമായി പാതാളം റെഗുലേറ്റർ ബ്രിഡ്ജിലെ ഷട്ടർ തുറക്കുന്നതിനാൽ മാലിന്യം ഒഴുക്കൽ രൂക്ഷമാണ്. രാവിലെ ഒമ്പതോടെ തുറന്ന ഷട്ടർ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇറിഗേഷൻ അധികൃതർ 11.30ഒാടെ അടച്ചു. ഷട്ടർ തുറന്ന രണ്ടുദിവസവും പലനിറത്തിലുള്ള മാലിന്യമാണ് ഒഴുകിയിരുന്നത്. ആദ്യ ദിവസം പച്ചയും ചാരനിറത്തിലുമായിരുന്നെങ്കിൽ അടുത്തദിവസം ദുർഗന്ധത്തോടെ കറുത്ത നിറത്തിലുള്ളതായിരുന്നു. റബറും എല്ലും രാസമാലിന്യവും കൂടി കലർന്നതാണിതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ദുർഗന്ധത്താൽ പാതാളം ബണ്ട് മുതൽ ഡിപ്പോ കടവ് വരെ ജനം മൂക്കുപൊത്തിയാണ് കടന്നുപോയത്. മലിനജലത്തി​െൻറ സാമ്പിൾ ശേഖരിച്ചതായും മത്സ്യങ്ങൾ ചത്തുപൊങ്ങിയത് കാണാൻ കഴിഞ്ഞില്ലെന്നുമാണ് മലിനീകരണ നിയന്ത്രണ ബോർഡി​െൻറ നിലപാട്. ആലുവ ഭാഗത്തുനിന്നടക്കം ഒഴുകിയെത്തുന്ന മാലിന്യം കെട്ടിക്കിടക്കുന്നത് ഷട്ടർ തുറക്കുമ്പോൾ ഒഴുകിപ്പോകുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒാരുവെള്ള ഭീഷണി ഉള്ളതിനാൽ ആലങ്ങാട് പഞ്ചായത്തി​െൻറ ആവശ്യപ്രകാരമാണ് ഷട്ടർ തുറന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ, പുഴയിൽ ക്ലോറൈഡി​െൻറ അളവ് കൂടിയതിനാലാണ് ഷട്ടർ തുറന്നതെന്നാണ് കഴിഞ്ഞദിവസം പറഞ്ഞത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കെട്ടിക്കിടക്കുന്ന രാസമാലിന്യം ഒഴുക്കിക്കളയാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നുമാണ് നാട്ടുകാരുടെ ആരോപണം.
Show Full Article
TAGS:LOCAL NEWS
Next Story