Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാത്രക്കാരൻ...

യാത്രക്കാരൻ കുഴഞ്ഞുവീണ്​ മരിച്ച സംഭവം: ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു

text_fields
bookmark_border
കൊച്ചി: യാത്രക്കിടെ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് സുൽത്താൻ ബത്തേരി നെന്മേനിയിൽ ലക്ഷ്മണൻ (40) മരിച്ച സംഭവത്തിൽ ഹോട്ടൽ മാേനജർ ശ്രീജിത്തി​െൻറ പരാതിയിലാണ് എളമക്കര പൊലീസ് കേസെടുത്തത്. എറണാകുളം-ആലുവ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എല്‍ 17 സി 1300 ബസിലെ ഡ്രൈവർ ദിനു, കണ്ടക്ടർ ബിജോയി എന്നിവർക്കെതിരെയാണ് കേസ്. യാത്രക്കിടെ അബോധാവസ്ഥയിലായിട്ടും പ്രാഥമിക ശുശ്രൂഷ നല്‍കാനോ ആശുപത്രിയില്‍ എത്തിക്കാനോ ബസ് നിര്‍ത്താനോ ജീവനക്കാര്‍ തയാറായില്ലെന്നാണ് പരാതി. ബസ് ജീവനക്കാരുടെ വിശദീകരണം കേട്ടശേഷമാകും പരാതിയിൽ തുടർനടപടിയെന്ന് പൊലീസ് അറിയിച്ചു. ബസ് ഉടമയോട് സംസാരിച്ചപ്പോൾ ജീവനക്കാരെ ഉടൻ സ്റ്റേഷനിലെത്തിക്കുമെന്ന് അറിയിച്ചെന്നും എളമക്കര പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ശനിയാഴ്ച രാവിലെ പത്തോടെ മഹാരാജാസ് കോളജ് ഗ്രൗണ്ട് സ്റ്റോപ്പിൽനിന്നാണ് ലക്ഷ്മണൻ ബസിൽ കയറിയത്. തൊട്ടടുത്ത ജങ്ഷനിലെത്തിയപ്പോഴേക്കും ദേഹാസ്വാസ്ഥ്യവും അപസ്മാരവും ഉണ്ടായി. തുടർന്ന് ബസ് നിർത്താനും ആശുപത്രിയിൽ എത്തിക്കാനും യാത്രക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ബസ് ഇടിച്ചിട്ടുണ്ടായതല്ലല്ലോ എന്നായിരുന്നു മറുപടിയെന്ന് കൂടെ യാത്ര ചെയ്ത അനിൽകുമാർ പറഞ്ഞു. നിർത്തിയാൽ ട്രിപ്പ് മുടങ്ങുമെന്നും ആലുവയിലെത്തി ആശുപത്രിയിലാക്കാമെന്നുമായിരുന്നു ബസ് ജീവനക്കാരുടെ നിലപാട്. തുടർന്ന് യാത്രക്കാര്‍ ഒറ്റക്കെട്ടായി ബഹളമുണ്ടാക്കിയതോടെ ബസ് ഇടപ്പള്ളിയില്‍ നിർത്തി. ട്രാഫിക് വാര്‍ഡ​െൻറ സഹായത്തോടെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അത്യാസന്ന നിലയിലായ ലക്ഷ്മണനുമായി സ്വകാര്യ, ജനറല്‍ ആശുപത്രികളുള്ള വഴിയിലൂടെ അരമണിക്കൂറോളമാണ് ബസ് യാത്ര ചെയ്തത്. പാലാരിവട്ടം പോളക്കുളത്ത് റീജന്‍സിയിലെ വെയിറ്ററായിരുന്നു ലക്ഷ്മണൻ. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഹോട്ടലിലേക്ക് വരുന്നവഴിയായിരുന്നു അപകടം.
Show Full Article
TAGS:LOCAL NEWS
Next Story