Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2017 5:31 AM GMT Updated On
date_range 30 Sep 2017 5:31 AM GMTമതസൗഹാർദ നിറവിൽ മട്ടാേഞ്ചരിയിലെ നവരാത്രി ആഘോഷം
text_fieldsbookmark_border
മട്ടാഞ്ചേരി: മിനി ഇന്ത്യ എന്നറിയപ്പെടുന്ന മട്ടാഞ്ചേരിയിൽ മതസൗഹാർദത്തിെൻറ പ്രതീകമാണ് മഹാജനവാടിയിലെ ശ്രീ മഹാദേവി ക്ഷേത്രവും നവരാത്രി ആഘോഷവും. ഒന്നര നൂറ്റാണ്ട് മുമ്പ് കൊച്ചിയിലെത്തിയ ഒരു കൂട്ടം കർണാടക സ്വദേശികൾക്ക് കിടപ്പാടം നൽകിയത് നിയമസഭ ഡെപ്യൂട്ടി സ്പീക്കറായിരുന്ന എം.ജെ. സക്കരിയ സേട്ടിെൻറ മുൻ തലമുറക്കാരായിരുന്നു. ഹാജി അഹമ്മദ് ഇബ്രാഹിം സേട്ട് വക ട്രസ്റ്റിെൻറ മഹാജനവാടി പറമ്പിൽ ചെറിയ വാടകക്ക് വീടുകൾ നിർമിച്ചുനൽകി. ആരാധനക്ക് സൗകര്യം വേണമെന്ന അഭ്യർഥന മാനിച്ച് ക്ഷേത്രം നിർമിക്കാൻ സൗജന്യമായി സ്ഥലവും അനുവദിച്ചു. ഒമ്പത് ദിവസത്തെ നവരാത്രി ആഘോഷത്തിനുള്ള തിരക്ക് കണക്കിലെടുത്ത് നാല് സെൻറ് സ്ഥലവും വിട്ടുനൽകി. മറ്റവസരങ്ങളിൽ പൊതു ആവശ്യങ്ങൾക്കായും സ്ഥലം ഉപയോഗപ്പെടുത്തും. 130 വർഷമായി ഇവിടെയാണ് നവരാത്രി ആഘോഷങ്ങൾ നടക്കുന്നത്. ട്രസ്റ്റ് വക സ്ഥലം താമസക്കാർക്ക് വഖഫ് ബോർഡിെൻറ മേൽനോട്ടത്തിൽ പതിച്ചുനൽകിയപ്പോഴും നവരാത്രി ആഘോഷിക്കുന്ന സ്ഥലം അങ്ങനെതന്നെ നിലനിർത്തിയിരിക്കുകയാണ്. ആഘോഷങ്ങൾക്കുള്ള പന്തൽ കെട്ടാനും അന്നദാനത്തിനും ചടങ്ങുകൾക്കുമൊക്കെ മുസ്ലിം യുവാക്കൾ മുൻപന്തിയിലുണ്ടെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ എൻ.സി. സുഭാഷ് പറഞ്ഞു. മതത്തിെൻറ പേരിൽ അക്രമങ്ങൾ നടക്കുമ്പോൾ ഏകോദര സഹോദരങ്ങളെപ്പോലെയാണ് മഹാജനവാടിക്കാർ കഴിയുന്നത്. പൂജയും ഭജനയും ഉൾപ്പെടെ ചടങ്ങുകൾ കാണാൻ മുസ്ലിം സ്ത്രീകൾ ഉൾപ്പെടെ എത്തുന്നത് സാഹോദര്യത്തിെൻറ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Next Story