Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2017 5:31 AM GMT Updated On
date_range 30 Sep 2017 5:31 AM GMTകൊച്ചിയുടെ ഒാർമകളിലുണ്ട് ആ ടേക്ക് ഒാഫിെൻറ ഇരമ്പൽ
text_fieldsbookmark_border
മട്ടാഞ്ചേരി: കൊച്ചി തുറമുഖ മേഖലയിൽ വാത്തുരുത്തിയിലെ പഴയ കൊച്ചി വിമാനത്താവളത്തിൽനിന്ന് അവസാന സിവിലിയൻ യാത്രവിമാനം പറന്നുയർന്നിട്ട് 18 വർഷം പിന്നിടുന്നു. 1999 സെപ്റ്റംബർ 27നാണ് പഴയ കൊച്ചിൻ എയർപോർട്ടിൽനിന്ന് അവസാന വിമാനം ഡിപ് സല്യൂട്ട് സ്വീകരിച്ച് പറന്നുയർന്നത്. നെടുമ്പാശ്ശേരിയിൽ അന്താരാഷ്ട്ര വിമാനത്താവളം പൂർത്തിയായതോടെയാണ് വാത്തുരുത്തി എയർപോർട്ടിന് താഴുവീണത്. അന്തർദേശീയ സർവിസുകൾ നെടുമ്പാശ്ശേരിയിലേക്ക് മാറ്റി ആഭ്യന്തര സർവിസുകൾ പഴയ കൊച്ചി താവളത്തിലാക്കാനാണ് പദ്ധതിയിട്ടിരുന്നത്. 1999 മേയ് 25ന് വിമാനത്താവളം നെടുമ്പാശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയും ജൂൺ പത്തിന് സർവിസ് ആരംഭിക്കുകയും ചെയ്തതോടെ തീരുമാനം അട്ടിമറിക്കപ്പെട്ടു. ദക്ഷിണ നാവിക ആസ്ഥാനത്തിന് സമീപത്തെ വിമാനത്താവളം നാവിക ആവശ്യങ്ങൾക്ക് വേണമെന്ന നിർദേശം കേന്ദ്രസർക്കാറിന് മുന്നിലെത്തിയതോടെ ഇവിടേക്ക് യാത്രവിമാനങ്ങൾ വേണ്ടെന്ന് വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. താവളം നാവികസേനക്ക് കൈമാറുകയും ചെയ്തു. കര, ജലം, വായു, റെയിൽ തുടങ്ങിയ ഗതാഗതസൗകര്യങ്ങൾ സമന്വയിപ്പിച്ചാണ് കൊച്ചി തുറമുഖ ശിൽപിയായിരുന്ന ബ്രിട്ടീഷ് ഹാർബർ എൻജിനീയർ വാത്തുരുത്തി ദ്വീപിനോട് ചേർന്ന 800 ഏക്കർ കായൽ നികത്തി തുറമുഖം പടുത്തുയർത്തിയത്. 1939ൽ രണ്ടാം ലോകയുദ്ധത്തോടെ നിർമാണം പൂർത്തിയാക്കി. തുടർന്ന് ബ്രിട്ടീഷ് നാവിക വിമാനത്താവളമാക്കി. യുദ്ധം തുടങ്ങുന്നതിന് കുറച്ചുദിവസം മുമ്പാണ് ബ്രിട്ടീഷ് റോയൽ നേവി കൊച്ചിയിലെത്തിയത്. ഫോർട്ട്കൊച്ചിയിലെ സൈനിക ബാരക്കുകളിലാണ് നാവികർക്ക് താമസമൊരുക്കിയത്. യുദ്ധം മുറുകിയതോടെ കൊച്ചി നാവിക വിമാനത്താവളത്തിെൻറ പ്രാധാന്യം വർധിച്ചു. പിന്നീട് ബ്രിസ്റ്റോയുടെ ഇടപെടലുകളെത്തുടർന്ന് 1941 സെപ്റ്റംബറിൽ വെണ്ടുരുത്തിയിൽ നാവികസേന താവളത്തിന് 50 ഏക്കർ സ്ഥലം ബ്രിട്ടീഷ് സർക്കാർ അനുവദിച്ചു. 1943 ജൂൺ 23ന് ഐ.എൻ.എസ് വെണ്ടുരുത്തി ഉദ്ഘാടനം ചെയ്തു. രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെയാണ് കൊച്ചി വിമാനത്താവളം സിവിലിയൻ ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്. തുറമുഖത്തിെൻറ വികസനത്തോടെ വ്യവസായ, വാണിജ്യ ആവശ്യങ്ങൾക്ക് വിമാനങ്ങളിൽ വന്നുപോകുന്നവരുടെ എണ്ണവും വർധിച്ചു. ഇതോടെ ചെറുകിട വിമാനങ്ങൾക്ക് പകരം ബോയിങ് വിമാനങ്ങൾ ലാൻഡ് ചെയ്തുതുടങ്ങി. കൊച്ചി അന്തർദേശീയ വിമാനത്താവളമാക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് നെടുമ്പാശ്ശേരിക്ക് നറുക്കുവീണത്.
Next Story