Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2017 11:10 AM IST Updated On
date_range 20 Sept 2017 11:10 AM ISTകേന്ദ്ര സ്മാർട്ട്സിറ്റി പദ്ധതിക്ക് ജീവൻ വെക്കുന്നു
text_fieldsbookmark_border
കൊച്ചി: ഒരുവർഷമായി ഇഴഞ്ഞുനീങ്ങുന്ന കൊച്ചിയുടെ കേന്ദ്രസ്മാർട്ട്സിറ്റി പദ്ധതിക്ക് ജീവൻ വെക്കുന്നു. നഗരത്തിെൻറ സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്ര നഗരവികസന മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള കർമപരിപാടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ ചേർന്ന യോഗം രൂപം നൽകി. അടിസ്ഥാനസൗകര്യ വികസനമടക്കം കൊച്ചിയുടെ മുഖഛായ മാറ്റുന്ന പദ്ധതികളാണ് കൊച്ചി സ്മാർട്ട്സിറ്റി മിഷൻ വഴി നടപ്പാക്കുക. രാജ്യത്തെ 20 നഗരങ്ങളെയാണ് കേന്ദ്രം പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിെൻറ പ്രവർത്തനങ്ങളിൽ അഞ്ചാംസ്ഥാനത്തായിരുന്ന കൊച്ചി ഒരു വർഷത്തോളമായി ഏറെ പിന്നിലാണ്. ഇൗ സാഹചര്യത്തിൽ നടപടികൾ ത്വരിതപ്പെടുത്തുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. വൈദ്യുതി ബോർഡ്, വാട്ടർ അതോറിറ്റി, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, നഗരാസൂത്രണ വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സ്മാർട്ട്സിറ്റിയുടെ ഭാഗമായ 83 പദ്ധതികൾ നടപ്പാക്കുക. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥതലത്തിലുണ്ടായ മാറ്റങ്ങളും പദ്ധതിയുടെ മാനേജ്മെൻറ് കൺസൾട്ടൻറിനെ നിയമിക്കുന്നതിൽ സർക്കാർ തലത്തിലുണ്ടായ കാലതാമസവുമാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വൈകിപ്പിച്ചത്. ഫോർട്ട് കൊച്ചി മേഖല, മട്ടാഞ്ചേരി മേഖല, മധ്യനഗര മേഖല എന്നിവക്കായുള്ള പ്രത്യേക നഗരാസൂത്രണ പദ്ധതികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനുവരി ആദ്യം പ്രസിദ്ധീകരിക്കാൻ യോഗം തീരുമാനിച്ചു. സ്മാർട്ട്സിറ്റിയിൽ ഉൾപ്പെടുന്ന 165 കോടിയുടെ 25 പദ്ധതികൾ ഡിസംബർ 31നകം ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം തുടങ്ങാൻ കഴിയുമെന്ന് സ്മാർട്ട്സിറ്റി മിഷൻ സി.ഇ.ഒ എ.പി.എം മുഹമ്മദ് ഹനീഷ് യോഗത്തെ അറിയിച്ചു. പദ്ധതിക്കായി 400 കോടിയുടെ ഫണ്ട് നിലവിൽ മിഷെൻറ കൈവശമുണ്ട്. ഇത് വിനിയോഗിക്കുന്നതിൽ ഇനി അലംഭാവം പാടില്ലെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതികളാണ് സ്മാർട്ട്സിറ്റിയുടെ ഭാഗമായി വാട്ടർ അതോറിറ്റി നടപ്പാക്കുന്നത്. ഇതിനാവശ്യമായ ഫണ്ട് കിഫ്ബി വഴി ലഭ്യമാക്കണമെന്ന നിർദേശം മുഖ്യമന്ത്രി തത്ത്വത്തിൽ അംഗീകരിച്ചു. പദ്ധതിയുടെ മാനേജ്മെൻറ് കൺസൾട്ടൻസിയായ െഎ.പി.ഇ ഗ്ലോബൽ ടീമിനോട് അടുത്തമാസേത്താടെ പൂർണസജ്ജരാകാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആകെ പദ്ധതികൾ 83; രണ്ടെണ്ണം ഇൗ വർഷം കൊച്ചി: കേന്ദ്രനഗരവികസന പദ്ധതിയായ കൊച്ചി സ്മാർട്ട്സിറ്റിയിൽ ആകെ 83പദ്ധതികളാണുള്ളത്. സ്മാർട്ട്സിറ്റി മിഷന് പുറമെ വാട്ടർ അതോറിറ്റി, കൊച്ചി മെട്രോ, വൈദ്യുതി ബോർഡ്, നഗരാസൂത്രണ വകുപ്പ് എന്നിവയും പദ്ധതി നടത്തിപ്പിൽ പങ്കാളികളാണ്. 2020 ജൂണോടെ പദ്ധതികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. മട്ടാഞ്ചേരി മേഖലയിൽ ചേരിനിർമാർജനത്തിനും ഫോർട്ട്കൊച്ചി മേഖലയിൽ പൈതൃകസംരക്ഷണത്തിനും മധ്യനഗരമേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഉൗന്നൽ. നിലവിൽ നിർമാണം പുരോഗമിക്കുന്നത് രണ്ട് പദ്ധതികളാണ്. ഒമ്പത് കോടി ചെലവുവരുന്ന ജനറൽ ആശുപത്രി റോഡിലെ വാക്വേ നിർമാണവും ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, മധ്യനഗര മേഖലകളിലെ ബൈസിക്കിൾ ഷെയറിങ് പദ്ധതിയും. രണ്ടിെൻറയും ഉദ്ഘാടനം ഇൗ വർഷം നടക്കുമെന്ന് സ്മാർട്ട്സിറ്റി മിഷൻ സി.ഇ.ഒ എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു. വാട്ടർ മെട്രോ: 75 ബോട്ടുകൾ; 38 ജെട്ടികൾ കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) നടപ്പാക്കുന്ന വാട്ടർ മെട്രോ പദ്ധതിയും കേന്ദ്ര സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമാണ്. പദ്ധതി പൂർത്തിയാകുേമ്പാൾ ഒരു ലക്ഷം പേർക്ക് സഞ്ചാരത്തിന് സൗകര്യമൊരുങ്ങും. നൂറുകിലോമീറ്റർ ചുറ്റളവിൽ യാത്ര നടത്താൻ 75 ബോട്ടുകളുണ്ടാകും. 38 ജെട്ടികളാണ് വാട്ടർ മെട്രോയുടെ ഭാഗമായി സജ്ജീകരിക്കുന്നത്. പദ്ധതി എത്രയും വേഗം നടപ്പാക്കാൻ മുഖ്യമന്ത്രി യോഗത്തിൽ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story