Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:14 AM IST Updated On
date_range 31 Oct 2017 11:14 AM ISTഡ്രൈവർമാർ ലഹരിയിൽ; ബസുകൾക്ക് 'മരണ ലഹരി'
text_fieldsbookmark_border
ആലുവ: ബസുകളുടെ മരണപ്പാച്ചിൽ റോഡുകളെ കുരുതിക്കളമാക്കുന്നു. മത്സരയോട്ടത്തിന് പുറമെ ഡ്രൈവർമാരുടെ ലഹരിയും അപകടങ്ങൾക്കിടയാക്കുന്നതായാണ് ആക്ഷേപം. നഗരത്തിലും സമീപ റോഡുകളിലും സ്വകാര്യ ബസുകൾ വീണ്ടും പേടിസ്വപ്നമാവുകയാണ്. ഇവക്ക് പുറമെ കെ.എസ്.ആർ.ടി.സി ബസുകളും ലോറികളും അപകടങ്ങളുണ്ടാക്കുന്നുണ്ട്. ഒരിടവേളക്ക് ശേഷം അപകടങ്ങളും അപകടമരണങ്ങളും മേഖലയിൽ പതിവായി. തിങ്കളാഴ്ച നഗരത്തിലുണ്ടായ അപകടത്തിൽ മരിച്ച യുവതിയാണ് പുതിയ ഇര. ഫെഡറൽ ബാങ്ക് തിരൂർ ശാഖയിലെ ജീവനക്കാരി ആലുവ മുപ്പത്തടം കാർത്തിക ജ്വല്ലറിക്ക് എതിർവശം തെരുവിപറമ്പിൽ വീട്ടിൽ ജെറോച്ചെൻറ മകൾ അനീസ ഡോളിയാണ് (20) മരിച്ചത്. പിതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ജെറോച്ചൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 6.30ഒാടെ ആലുവ സെൻറ് ഫ്രാൻസിസ് സ്കൂളിന് മുന്നിലായിരുന്നു അപകടം. ആലുവയിൽനിന്ന് എറണാകുളത്തേക്ക് പോയ സ്വകാര്യ ബസ് ഇവരുടെ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. അദ്വൈതാശ്രമത്തിന് സമീപത്തെ കുഴി ഒഴിവാക്കാൻ ബസ് വെട്ടിച്ചതാണ് അപകട കാരണം. ബസ് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് യാത്രക്കാർ പൊലീസിന് മൊഴി നൽകിയത്. നഗരം കേന്ദ്രീകരിച്ച് സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ അമിതവേഗത്തിൽ പായുന്നവയാണ്. എറണാകുളം, പെരുമ്പാവൂർ, പൂക്കാട്ടുപടി റൂട്ടുകളിലെ ബസുകളാണ് പ്രധാനമായും മരണപ്പാച്ചിൽ നടത്താറുള്ളത്. നിലവിൽ എറണാകുളം സിറ്റി സർവിസിൽ ബസുകൾ തമ്മിൽ മത്സരിക്കേണ്ട കാര്യമില്ല. മെട്രോയുടെ വരവോടെ ദേശീയപാതയടക്കം നവീകരിക്കുകയും ബസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുകയും ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന ബസുകൾ പലതും പല സംഘടനകൾക്ക് കീഴിൽ മത്സരങ്ങളില്ലാതെ സർവിസ് നടത്തുകയാണ്. എന്നിട്ടും ചില ഡ്രൈവർമാർ അമിതവേഗം കൈവിടുന്നില്ല. ഇത്തരം ഡ്രൈവർമാർ പലപ്പോഴും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നവരാണെന്നാണ് അധികൃതർ പറയുന്നത്. ഇതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ആലുവ-പെരുമ്പാവൂർ റൂട്ടിലെ രണ്ട് റോഡുകളിലും ആലുവ-കാലടി റോഡുകളിലും ചൂണ്ടി-കിഴക്കമ്പലം റോഡിലും പുക്കാട്ടുപടി-ഇടപ്പള്ളി റോഡിലും അപകടം പതിവായിരിക്കുകയാണ്. ഈ റോഡുകളിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അമിത വേഗത്തിൽ നിയമം ലംഘിച്ച് പായുന്ന സ്വകാര്യ ബസുകൾക്ക് പുറമെ കെ.എസ്.ആർ.ടി.സി ബസുകൾ, ടിപ്പർ, ടോറസ് ലോറികൾ തുടങ്ങിയവയും പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ഇവരുടെ അമിതവേഗം മൂലം മറ്റ് യാത്രക്കാർ ഭയപ്പാടോടെയാണ് റോഡിലിറങ്ങുന്നത്. അപകടങ്ങൾ നിത്യസംഭവമായിട്ടും അധികൃതർ കാര്യമായ നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story