Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 5:02 AM GMT Updated On
date_range 31 Oct 2017 5:02 AM GMTകൊച്ചിൻ കോർപറേഷന് ആഘോഷ പരിപാടികളില്ലാതെ സുവർണ ജൂബിലി
text_fieldsbookmark_border
മട്ടാഞ്ചേരി: കൊച്ചിൻ മുനിസിപ്പൽ കോർപറേഷൻ രൂപവത്കൃതമായി 50 പിന്നിടുന്നു. കാര്യമായ ആഘോഷമൊന്നുമില്ലാതെയാണ് സുവർണ ജൂബിലി കടന്നു പോകുന്നത്. 1967 നവംബർ ഒന്നിന് രൂപവത്കൃതമായതാണ് കൊച്ചിൻ കോർപറേഷൻ കേരളപ്പിറവി ദിനത്തിൽ അരനൂറ്റാണ്ട് പിന്നിടുമ്പോൾ ഭരണ സ്തംഭനത്തിെൻറയും ആഘോഷവിസ്മൃതിയിലാണ് കൊച്ചി കോർപറേഷൻ അധികൃതർ. 1960 ജൂലായ് 9 ന് മട്ടാഞ്ചേരി കൗൺസിൽ പാസ്സാക്കിയ പ്രമേയമായിരുന്നു രൂപവത്കരണ ചിന്തയുടെ തുടക്കം. ഫോർട്ട്കൊച്ചി കൗൺസിൽ ഇതിനെ എതിർത്തു. എറണാകുളം കൗൺസിൽ 1963 ആഗസ്റ്റ് മൂന്നിന് അനുകൂലപ്രമേയം പാസ്സാക്കിയതോടെ കോർപറേഷൻ രൂപവത്കരണത്തിന് സർക്കാർ കമീഷനെ നിയമിച്ചു. ബാലഗംഗാധര മേനോൻ സ്പെഷൽ ഓഫിസറായ കമീഷൻ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, എറണാകുളം മുനിസിപ്പാലിറ്റികളും ഇടപ്പള്ളി വെണ്ണല പള്ളുരുത്തി പഞ്ചായത്തുകളും ഐലൻഡ്, താന്തോന്നി തുരുത്ത് തുടങ്ങിയ ദ്വീപുകളും ചേർത്ത് കൊച്ചി കോർപറേഷൻ രൂപവത്കരിക്കാനുള്ള നിർദേശവും നൽകി. 1967 ജൂലായ് ഒന്നിന് കേരളനിയമസഭ അംഗീകാരവും സെപ്റ്റംബർ 27 ന് കോർപറേഷൻ രൂപവത്കരിച്ച് ഉത്തരവുമിറങ്ങി. 1967 നവംബർ ഒന്നിന് ദർബാർഹാൾ മൈതാനിയിൽ കേരള മുൻസിപ്പൽ വകുപ്പ് മന്ത്രി ടി.കെ. ദിവാകരെൻറ അധ്യക്ഷതയിൽ മുഖ്യമന്ത്രി ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് പ്രഖ്യാപനവും നടത്തി. പി. ലക്ഷ്മണൻ സ്പെഷ്യൽ ഓഫീസറായുള്ള ഭരണ സംവിധാനമായിരുന്നു ആദ്യത്തേത്. 83.5 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള കോർപറേഷനിൽ രണ്ട് ഹരിജൻ പ്രതിനിധികളും 46 ഡിവിഷൻ പ്രതിനിധികളുമായിരുന്നു. 1969 മെയ് മാസം െതരഞ്ഞെടുപ്പും,1969 ജൂൺ രണ്ടിന് കൗൺസിലും നിലവിൽ വന്നു. തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളുടെയും തുല്യ അംഗബലമായതിനെ തുടർന്നുള്ള നറുക്കിൽ എ.എ. കൊച്ചുണ്ണി മാസ്റ്റർ മേയറും, എൽ.ജി. പൈ ഡെപ്യൂട്ടി മേയറുമായി 1969 ജൂൺ 26 ന് സത്യപ്രതിജ്ഞ ചെയ്ത കൗൺസിൽ പത്ത് വർഷവും നാല് മാസവും ഭരിച്ചു. തുടർന്ന് കൗൺസിലർമാരുടെ എണ്ണം വർദ്ധിപ്പിച്ച് 50, 60, 66 , 71 എന്നിവയാക്കി 76 ലെത്തി.1970ൽ കൊച്ചിൻ കോർപ്പറേഷൻ പേരും കപ്പലും ഉൾക്കൊള്ളുന്ന കൊടിയും അംഗീകരിച്ചു. ഇതിനിടെ നാല് തവണ ജില്ല കലക്ടർ ഭരണത്തിലുമായി. രൂപവത്കരിച്ച് അൻപതാണ്ടുകൾ കാര്യമായ ആഘോഷങ്ങളില്ലാതെ സുവർണ്ണ ജൂബിലി കടന്നു പോകുകയാണ്.
Next Story