Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 11:02 AM IST Updated On
date_range 29 Oct 2017 11:02 AM ISTമട്ടാഞ്ചേരി പാലസ് മ്യൂസിയം കേന്ദ്രസർക്കാർ ദത്തെടുത്തു
text_fieldsbookmark_border
മട്ടാഞ്ചേരി: പോർചുഗീസുകാർ പണിത് ഡച്ചുകാർ നവീകരിച്ച ഡച്ച് പാലസ് എന്ന മട്ടാഞ്ചേരി പാലസ് കേന്ദ്രസർക്കാറിെൻറ പൈതൃക സംരക്ഷിത സമുച്ചയ ദത്തെടുക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി. കൊട്ടാരത്തിലെ മുകൾനിലയിലെ മ്യൂസിയമാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിെൻറ സ്മാരകമിത്രം പദ്ധതി പ്രകാരം ട്രാവൽ കോർപറേഷൻ ഓഫ് ഇന്ത്യ ദത്തെടുത്തത്. പൈതൃകകേന്ദ്രങ്ങളെ ടൂറിസ്റ്റ് സൗഹൃദകേന്ദ്രങ്ങളാക്കി മാറ്റാനുള്ള തീരുമാനപ്രകാരമാണ് ദത്തെടുക്കൽ. അഞ്ചുവർഷമാണ് കാലാവധി. ഈ കാലയളവിൽ പൈതൃക തനിമ നിലനിർത്തി സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതി ഒരുക്കും. പൗരസ്ത്യമാതൃകയിൽ പോർചുഗീസുകാർ ഇന്ത്യയിൽ നിർമിച്ച ഏറ്റവും പഴക്കമുള്ള സൗധങ്ങളിൽ ഒന്നാണ് മട്ടാഞ്ചേരി പാലസായി മാറിയ മട്ടാഞ്ചേരി കോവിലകം. ഇവിടെയുണ്ടായിരുന്ന കൊട്ടാരം പോർചുഗീസ് പട്ടാളക്കാർ കൊള്ളയടിച്ച് നശിപ്പിച്ചതിൽ കൊച്ചി രാജാവായിരുന്ന വീരകേരളവർമ പ്രതിഷേധിച്ചപ്പോൾ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ 1555ൽ പോർചുഗീസുകാർ നിർമിച്ച് സമർപ്പിച്ചതാണ് ഈ കൊട്ടാരം . രാജകുടുംബത്തിെൻറ പരദേവതയായ പഴയന്നൂർ ഭഗവതിയുടെ ശ്രീകോവിലിനെ ചുറ്റിയാണ് പുരാണ ഇതിഹാസങ്ങളിലെ ദൃശ്യങ്ങളും വർണചിത്രങ്ങളും കോറിയിട്ട കൊട്ടാരം നിർമിച്ചത്. ശ്രീകൃഷ്ണെൻറയും ശിവെൻറയും ക്ഷേത്രങ്ങൾ പിന്നീട് ഇരുപാർശ്വത്തിൽ പണിതു. പോർചുഗീസുകാരും ഡച്ചുകാരും തമ്മിൽ നടന്ന യുദ്ധത്തിൽ കൊട്ടാരത്തിനും കേടുപാട് പറ്റി. തുടർന്ന് 1665ൽ ഡച്ചുകാർ കെട്ടിടം നവീകരിച്ചു. ഇതോടെ ഡച്ചു കൊട്ടാരം എന്നറിയപ്പെട്ടു. രാജകുടുംബവുമായി ബന്ധപ്പെട്ട പല്ലക്കുകൾ, ആയുധങ്ങൾ, നാണയങ്ങൾ, ഉടയാടകൾ എന്നിവ കൊട്ടാരത്തിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അടുത്തിടെ തനിമ നിലനിർത്തി പുരാവസ്തു സംരക്ഷണ വകുപ്പ് നവീകരണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story