Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 5:42 AM GMT Updated On
date_range 27 Oct 2017 5:42 AM GMTഉപ്പേരിയും ചെറുപഴവും വിളമ്പി ലീലാവതി; പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരുനാഥയെന്ന് ആൻറണി
text_fieldsbookmark_border
കളമശ്ശേരി: എ.കെ. ആൻറണി ഉച്ചക്ക് 12ഒാടെ വീട്ടിലെത്തുമെന്ന് അറിയിച്ചപ്പോൾ മുതൽ എം. ലീലാവതി ടീച്ചർ കാത്തിരിക്കുകയായിരുന്നു. തിരക്കുകളിൽനിന്ന് ആൻറണി ഒാടിയെത്തിയപ്പോൾ ഒന്നരമണിക്കൂർ വൈകി. വന്നപാടെ ടീച്ചർക്ക് മുന്നിൽ ക്ഷമാപണം. പിന്നെ, ഖദർഷാൾ അണിയിച്ച് സ്നേഹപ്രകടനം. നാളുകൾക്ക് ശേഷം ഡോ. എം. ലീലാവതിയും എ.കെ. ആൻറണിയും കണ്ടുമുട്ടിയപ്പോൾ ഒാർമകളിലൂടെ ഇരുവരും മഹാരാജാസ് കോളജിെൻറ പഴയകാലത്തേക്ക് മടങ്ങി. ശരിയെന്ന് തോന്നുന്ന കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിച്ച ആളായിരുന്നു ലീലാവതി ടീച്ചർ എന്ന് ആൻറണി. മഹാരാജാസിൽ പഠിപ്പിക്കുന്ന കാലത്ത് യു.ജി.സി ശമ്പളവുമായി ബന്ധപ്പെട്ട സമരത്തിൽ സ്വന്തം നിലപാടിൽ ടീച്ചർ ഉറച്ചുനിന്നു. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാർ കണ്ടുപഠിക്കണമെന്ന് കൂടെ ഉണ്ടായിരുന്ന പ്രവർത്തകരെ ഉപദേശിക്കാനും മറന്നില്ല. ടീച്ചറെ വീട്ടിൽ വന്ന് കാണണം എന്ന് കുറച്ചുനാളായി ആഗ്രഹിക്കുന്നു. സാനു മാസ്റ്ററാണ് തന്നെ മലയാളം പഠിപ്പിച്ചത്. ടീച്ചറുടെ ക്ലാസിൽ പഠിച്ചിട്ടില്ലെങ്കിലും ഗുരുനാഥയാണ് കാണുന്നതെന്നും ആൻറണി പറഞ്ഞു. ഇതിനിടെയാണ് യു.ജി.സി സമരത്തിൽ തന്നെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തിയ കാര്യം ടീച്ചർ ആൻറണിയോട് പറഞ്ഞത്. സംസാരത്തിനിടെ ആൻറണിക്ക് ടീച്ചർ ഉപ്പേരിയും ചെറുപഴവും നൽകി. കുടിക്കാൻ ആൻറണിയുടെ ഇഷ്ടപ്രകാരം മധുരമില്ലാത്ത കട്ടൻ ചായയും. ഇറങ്ങാൻ നേരം സി. രാധാകൃഷ്ണെൻറ ചെറുകഥകളും നോവലുകളും ഉൾപ്പെടുത്തി ടീച്ചർ തയാറാക്കിയ 'രാധാകൃഷ്ണെൻറ കഥാലോകം' നിരൂപണ ഗ്രന്ഥം സമ്മാനിച്ചു. 100 ദിവസംകൊണ്ടാണ് പുസ്തകം തയാറാക്കിയത്. പൂർത്തീകരിക്കാൻ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും- ടീച്ചർ പറഞ്ഞു. 20 മിനിറ്റോളം ടീച്ചർക്കൊപ്പം ചെലവിട്ട ആൻറണി ഇനിയും ധാരാളം എഴുതാൻ കഴിയട്ടെ എന്നാശംസിച്ച് സഹോദരെൻറ മരണത്തിൽ അനുശോചനവും അറിയിച്ചാണ് മടങ്ങിയത്. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പിന്നീടാണ് ടീച്ചർ യു.ജി.സി സമരത്തെക്കുറിച്ച് വാചാലയായത്. യു.ജി.സി ശമ്പള സ്കെയിൽ ആവശ്യപ്പെട്ടായിരുന്നു അധ്യാപകരുടെ സമരം. പരീക്ഷ അടുത്ത സമയമായിരുന്നു. താൻ മാത്രം കോളജിലെത്തി ക്ലാസെടുത്തു. ഹാജർ ബുക്കിൽ ഒപ്പിട്ടാണ് എല്ലാവരും സമരത്തിനിറങ്ങിയത്. ഒപ്പിട്ടിട്ട് ക്ലാസെടുക്കാതിരിക്കുന്നത് ശരിയല്ലെന്നായിരുന്നു തെൻറ നിലപാട്. തങ്ങളുടെ ചോരയും വിയർപ്പും നക്കിക്കുടിക്കുന്ന ഭദ്രകാളി എന്ന് സമരക്കാർ ആക്ഷേപിച്ചു. താൻ ക്ലാസെടുക്കുന്ന ചിത്രം അനുവാദമില്ലാതെ ഒരാളെടുത്ത് പിറ്റേദിവസം പത്രത്തിൽ കൊടുത്തു. ചോദിച്ചപ്പോൾ പത്രധർമമാണെന്നായിരുന്നു മറുപടി. അന്നുമുതൽ പത്രക്കാരെ വിശ്വാസമില്ലെന്നും ടീച്ചർ പറഞ്ഞു.
Next Story