Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 5:38 AM GMT Updated On
date_range 27 Oct 2017 5:38 AM GMTപട്ടികജാതി വിഭാഗങ്ങളുള്ള മേഖലകളിൽ പുതിയ കോളജുകൾ ഈ വർഷം ^മന്ത്രി എ.കെ. ബാലൻ
text_fieldsbookmark_border
പട്ടികജാതി വിഭാഗങ്ങളുള്ള മേഖലകളിൽ പുതിയ കോളജുകൾ ഈ വർഷം -മന്ത്രി എ.കെ. ബാലൻ ആലപ്പുഴ: പട്ടികജാതി വിഭാഗങ്ങളുള്ള മേഖലകളിൽ 250 കോടി രൂപ ചെലവഴിച്ച് കൂടുതൽ കോളജുകൾ ഈ വർഷംതന്നെ ആരംഭിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ െറസിഡൻഷ്യൽ സ്കൂളിലെ പുതിയ അഡ്മിനിസ്േട്രറ്റിവ് മന്ദിരത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹോസ്റ്റൽ സൗകര്യത്തോടെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളുള്ള കോളജുകളാണ് തുടങ്ങുക. കൂടുതൽ മോഡൽ െറസിഡൻഷ്യൽ സ്കൂളുകളും തുടങ്ങും. ലൈഫ് പദ്ധതിയിലൂടെയടക്കം ലഭിക്കുന്ന വീടുകളിൽ കുട്ടികൾക്ക് പഠിക്കുന്നതിന് 100 ചതുരശ്രയടിയുള്ള മുറികൾ നിർമിക്കാൻ രണ്ടുലക്ഷം രൂപ വീതം നൽകും. സംസ്ഥാനത്ത് 20,000 പഠനമുറികൾ നിർമിക്കും. പഠനമുറിയിൽ കമ്പ്യൂട്ടറും മേശയുമടക്കമുള്ള മറ്റ് സൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടും. പട്ടികവർഗ മേഖലയിൽ ഒരു ഉൗരിൽ ഒരു കമ്യൂണിറ്റി പഠനമുറി നിർമിക്കും. ഇതിന് അഞ്ചുലക്ഷം രൂപ വീതം നൽകും. വിദ്യാർഥികൾക്ക് ആറുമാസത്തെ സ്റ്റൈപെൻഡ് മുൻകൂറായി നൽകും. സ്റ്റൈപെൻഡ് കിട്ടാൻ നിലവിലുള്ള കാലതാമസം ഒഴിവാക്കിയിട്ടുണ്ട്. എസ്.സി-എസ്.ടി വിഭാഗങ്ങളിലെ കുട്ടികൾക്ക് 18 വയസ്സ് തികഞ്ഞാൽ മൂന്നുലക്ഷം രൂപ അവരുടെ കുടുംബത്തിന് ലഭിക്കും വിധം ഇൻഷുറൻസ് പദ്ധതി ആരംഭിക്കും. ഇൻഷുറൻസ് പ്രീമിയം സർക്കാർ നൽകും. മണ്ഡലത്തിൽ രണ്ട് കോളനികൾ ഡോ. അംബേദ്കർ കോളനികളാക്കി മികച്ച സൗകര്യം ഏർപ്പെടുത്തും. കോളനികളുടെ വികസനത്തിന് ഒരുകോടി രൂപ വീതമാണ് നൽകുക. പട്ടികജാതി-വർഗ മേഖലയിലെ അഭ്യസ്തവിദ്യരായ ജോലിക്കാർക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം നഗരങ്ങളിൽ വർക്കിങ് വിമൻസ് ഹോസ്റ്റലുകൾ തുടങ്ങും. ഇതിനായി 5.50 കോടി രൂപ അനുവദിച്ചു. പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആദിവാസി മേഖലയിൽ സ്കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്കിന് കാരണമാകുന്ന ഭാഷ പ്രശ്നം പരിഹരിക്കാൻ ഗോത്രമേഖലയിൽനിന്ന് ടി.ടി.സിയും ബി.എഡും പാസായവരെതന്നെ സ്കൂളിൽ അധ്യാപകരായി നിയമിച്ചു. 241 പേരെ ഇങ്ങനെ വയനാട്ടിൽ അധ്യാപകരായി നിയമിച്ചുകഴിഞ്ഞു. ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് വകുപ്പിെൻറ പദ്ധതികളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനുള്ള പദ്ധതിയും നടപ്പാക്കും -മന്ത്രി പറഞ്ഞു. എസ്.സി-എസ്.ടി വിഭാഗക്കാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം കൂടുതൽ സംവരണം നൽകണമെന്ന് ഓപൺ എയർ ഓഡിറ്റോറിയത്തിെൻറ ഉദ്ഘാടനം നിർവഹിച്ച മന്ത്രി ജി. സുധാകരൻ പറഞ്ഞു. തൊഴിൽ നൽകുന്നതിലുള്ള സംവരണം ഉയർത്തണം. എം.ആർ.എസിൽ വിദ്യാർഥികൾ ഏറെയുള്ളതിനാൽ ഇവർക്ക് ഒരു ബസ് അനുവദിച്ചുനൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബസ് നൽകുമെന്ന് ഉറപ്പുനൽകിയാണ് മന്ത്രി എ.കെ. ബാലൻ വേദിവിട്ടത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരം മന്ത്രി എ.കെ. ബാലൻ സമ്മാനിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത് കാരിക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുവർണ പ്രതാപൻ, ബ്ലോക്ക് അംഗം മുരളി, ഗ്രാമപഞ്ചായത്ത് അംഗം ശശികല, എ.ഇ.ഒ സി.ഡി. ആസാദ്, പി.ടി.എ പ്രസിഡൻറ് മനോരാജ്, പ്രിൻസിപ്പൽ ബിന്ദു നടേശ്, പ്രധാനാധ്യാപിക എസ്. സുജാത, സീനിയർ സൂപ്രണ്ട് പി. ഷീല എന്നിവർ പങ്കെടുത്തു. പട്ടികജാതി വികസന വകുപ്പ് അഡീഷനൽ ഡയറക്ടർ എം.എൻ. ദിവാകരൻ സ്വാഗതവും ജില്ല ഓഫിസർ കെ.കെ. ശാന്താമണി നന്ദിയും പറഞ്ഞു.
Next Story