Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 5:38 AM GMT Updated On
date_range 25 Oct 2017 5:38 AM GMTനിർമാണ കമ്പനിക്ക് അധിക തുക; നാല് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.െഎ കേസ്
text_fieldsbookmark_border
കൊച്ചി: കോട്ടയം തലപ്പാടിയിൽ പ്രവർത്തിക്കുന്ന എം.ജി യൂനിവേഴ്സിറ്റിക്ക് കീഴിലെ ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ ബയോ മെഡിക്കൽ റിസർച്ച് സെൻററിെൻറയും സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെയും നിർമാണ കരാറിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ സി.ബി.െഎ കേസെടുത്തു. കരാറുകാരന് അധികമായി സേവനനികുതി നൽകി തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ബി.എസ്.എൻ.എൽ കോട്ടയം സിവിൽ ഡിവിഷനിലെ എക്സിക്യൂട്ടിവ് എൻജിനീയർ ജെ. വിമലൻ റോഡ്രിഗസ്, അക്കൗണ്ട്സ് ഒാഫിസർമാരായ കെ.ജെ. ജഗദീഷ്, പി. ജഗദീഷ്, നിർമാണ കരാർ ഏറ്റെടുത്ത തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹീത്തർ കൺസ്ട്രക്ഷൻസ് എന്നിവർക്കെതിരെയാണ് സി.ബി.െഎ കൊച്ചി യൂനിറ്റ് കേസ് രജിസ്റ്റർ ചെയ്തത്. 2011 - 2014 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. 2011ലാണ് ബി.എസ്.എൻ.എൽ സിവിൽ വിഭാഗം എം.ജി യൂനിവേഴ്സിറ്റിയുമായി സൂപ്പർ സ്പെഷാലിറ്റി ആശുപത്രി അടക്കമുള്ളവയുടെ നിർമാണ മേൽനോട്ടത്തിന് കരാറിലേർപ്പെട്ടത്. കരാർ പ്രകാരം നിർമാണത്തിന് പ്രതീക്ഷിക്കുന്ന തുകയുടെ 10 ശതമാനം യൂനിവേഴ്സിറ്റി മുൻകൂറായി ബി.എസ്.എൻ.എല്ലിന് നൽകും. ബി.എസ്.എൻ.എല്ലാണ് നിർമാണ കമ്പനിക്ക് പണം നൽകിയിരുന്നത്. എല്ലാ നികുതികളും ഉൾപ്പെടെയാണ് കരാറിനായി തുക കണക്കാക്കിയിരുന്നത്. എന്നാൽ, കരാറിന് വിരുദ്ധമായി ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ സേവന നികുതി എന്ന നിലയിൽ 24,19,064 രൂപ നിർമാണ കമ്പനിക്ക് നൽകിയതായാണ് ആരോപണം. ഇത്രയും തുകയുടെ നഷ്ടം സർക്കാറിനുണ്ടായെന്നാണ് സി.ബി.െഎ പറയുന്നത്. നാല് പേർക്കുമെതിരെ എറണാകുളം പ്രത്യേക സി.ബി.െഎ കോടതി മുമ്പാകെ എഫ്.െഎ.ആർ നൽകിയാണ് അന്വേഷണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സി.ബി.െഎ കൊച്ചി യൂനിറ്റ് ഇൻസ്പെക്ടർ വി.എസ്. ഉമയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Next Story