Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 5:33 AM GMT Updated On
date_range 23 Oct 2017 5:33 AM GMTആവേശം പെയ്തിറങ്ങി; കൊച്ചിയിലെ കൗമാരപോരാട്ടത്തിന് സമാപനം
text_fieldsbookmark_border
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഒരിക്കൽകൂടി ശബ്ദമുഖരിതമായി. കൗമാര ലോകകപ്പിലെ െകാച്ചിയിലെ അവസാന മത്സരത്തിന് കാണികൾ ഒഴുകിയെത്തി. 29,000 പേർക്ക് പ്രവേശനാനുമതിയുള്ള ഗാലറിയിൽ ഞായറാഴ്ച 28,436 പേർ കളികണ്ടു. കൊച്ചിയിലെ ഏറ്റവും ഉയർന്ന ആൾക്കൂട്ടം. കൈയടിച്ചും ആർപ്പുവിളിച്ചും മെക്സിക്കൻ തിരമാലകൾ തീർത്തും മത്സരം ഉത്സവാന്തരീക്ഷത്തിലാക്കി. മിനി കൊച്ചിൻ കാർണിവൽ തീർത്ത് ലോകകപ്പ് കിരീടത്തെ വരവേറ്റ നഗരം നന്ദി നിറഞ്ഞ മനസ്സോടെ ഫുട്ബാളിനും ലോകകപ്പിനും വിടചൊല്ലി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഒഴിഞ്ഞുകിടന്ന ഗാലറി അവസാന ദിനവും കൊച്ചിയുടെ മാനംകെടുത്തുമോയെന്ന ആശങ്കകളുണ്ടായിരുന്നു. എന്നാൽ, ഞായറാഴ്ച ഉച്ചയോടടുത്തപ്പോൾ ആശങ്കകൾ അകന്നു. പലദിക്കുകളിൽനിന്നും ജനം ഒഴുകിയെത്തി. ചിലർ ടിക്കറ്റ് ലഭിക്കുന്ന സ്ഥലം അന്വേഷിച്ചെത്തി. കടവന്ത്രയിലെ റീജനൽ സ്പോർട്സ് സെൻററിലാണ് ടിക്കറ്റ് കൗണ്ടറെന്ന് അറിഞ്ഞതോടെ അങ്ങോട്ടോടി. അവസാന മത്സരത്തിന് കുടുംബസമേതം ടിക്കറ്റ് ബുക്ക് ചെയ്തവർ ലുലുമാളും മറൈൻഡ്രൈവും ബോട്ട് യാത്രയും മെട്രോ യാത്രയുമൊക്കെ ആസ്വദിച്ച് ഉച്ച കഴിഞ്ഞതോടെ സ്റ്റേഡിയത്തിലെത്തി. മൂന്നുമണിയോടെ കാണികളെ പ്രവേശിപ്പിച്ചു തുടങ്ങി. സ്പെയിൻ ജഴ്സിയണിഞ്ഞവർ, ഇറാെൻറ പതാകയേന്തിയവർ, ബ്ലാസ്റ്റേഴ്സ് ജഴ്സിയണിഞ്ഞവർ, ഇതര സംസ്ഥാനക്കാർ, വിദേശികൾ... ഗാലറി പതുക്കെ പതുക്കെ നിറഞ്ഞു. ലോകകപ്പിൽ കൊച്ചിയിൽ ഇതുവരെ കാണാതിരുന്ന ആൾക്കൂട്ടമായത് മാറി. എട്ട് മത്സരങ്ങളിൽ ഉദ്ഘാടന ദിവസം സ്പെയിൻ-ബ്രസീൽ മത്സരം കാണാൻ 21,362 പേരെത്തിയതായിരുന്നു കൊച്ചിയുടെ ഇതുവരെയുള്ള റെക്കോഡ്. ഉത്തര കൊറിയ-നൈജർ: 2,754 സ്പെയിൻ-നൈജർ: 7,926, ഉത്തര കൊറിയ -ബ്രസീൽ: 15,314, ഗിനിയ-ജർമനി: 9,250, സ്പെയിൻ-കൊറിയ: 14,544, ബ്രസീൽ-ഹോണ്ടുറാസ് പ്രീ ക്വാർട്ടർ: 20,668 എന്നിങ്ങനെയായിരുന്നു മറ്റു മത്സരങ്ങളിലെ കാണികളുടെ എണ്ണം. നല്ല കളിയെ അകമഴിഞ്ഞ പ്രോത്സാഹിപ്പിക്കുന്ന മലയാളിയുടെ സ്പോർട്സ്മാൻ സ്പിരിറ്റ് സ്പെയിനും ഇറാനും അനുഭവിച്ചറിഞ്ഞു. ഇരു ടീമുകളുടെയും കളിക്കാരുടെ മുന്നേറ്റങ്ങൾക്ക് നിറഞ്ഞ കൈയടി, വിഫലമായ ഗോൾശ്രമങ്ങളിൽ ഉയർന്ന നെടുവീർപ്പുകൾ, ഗാലറിയെ ത്രസിപ്പിച്ച മെക്സിക്കൻ തിരമാലകൾ, മൊബൈൽ ടോർച്ച് തീർത്ത ദീപക്കാഴ്ചകൾ. കൗമാര ലോകകപ്പിെൻറ കൊച്ചിയിലെ ആഘോഷരാവിന് നിറപ്പകിട്ടാർന്ന സമാപനത്തിൽ കളിക്കാർക്കൊപ്പം സംഘാടകരുടെയും മനം നിറഞ്ഞു.
Next Story