Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:42 AM GMT Updated On
date_range 19 Oct 2017 5:42 AM GMTഭരണതലപ്പത്ത് എൻജിനീയർമാരും ആവശ്യം ^ഇ. ശ്രീധരൻ
text_fieldsbookmark_border
ഭരണതലപ്പത്ത് എൻജിനീയർമാരും ആവശ്യം -ഇ. ശ്രീധരൻ കൊച്ചി: രാഷ്ട്ര പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന എൻജിനീയർമാർ ഭരണതലപ്പത്ത് വരാത്തത് പഠനവിധേയമാക്കണമെന്ന് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരൻ. വെണ്ണലയിൽ എൻജിനീയേഴ്സ് ക്ലബിെൻറ 2017ലെ എൻജിനീയേഴ്സ് ചോയ്സ് പുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എ.എസുകാർ ഭരണതലത്തിൽ അംഗീകരിക്കപ്പെടുമ്പോൾ എൻജിനീയറിങ് രംഗത്ത് ലോകോത്തര നിലവാരത്തിൽ കഴിവ് തെളിയിച്ചവർപോലും അവഗണിക്കപ്പെടുന്നു. രാജ്യത്ത് ലക്ഷക്കണക്കിന് എൻജിനീയർമാർ ഉണ്ടായിട്ടും ദേശീയതലത്തിൽ ഉന്നത സ്ഥാനത്ത് ശോഭിക്കുന്ന ഒരു എൻജിനീയറെയും കാണുന്നില്ല. ഉന്നത സ്ഥാനങ്ങളിൽ പലതിലും രാഷ്ട്രീയക്കാരാണ്. തീരുമാനങ്ങൾ എടുക്കേണ്ട പ്രധാന പദവികളിൽ ഐ.എ.എസുകാരും. 25-30 വർഷം പരിചയസമ്പത്തുള്ള എൻജിനീയർമാർ 10-12 വർഷം മാത്രം പരിചയമുള്ള ഐ.എ.എസുകാരുടെ ഉത്തരവുകൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടിവരുന്നത് കണ്ടപ്പോൾ സങ്കടം തോന്നിയിട്ടുണ്ട്. ഒരു ചീഫ് എൻജിനീയർക്ക് ഒരു എക്സിക്യൂട്ടിവ് എൻജിനീയറെ സ്ഥലംമാറ്റാനുള്ള അധികാരം പോലുമില്ല. ഇങ്ങനെ വരുന്നതോടെ താഴെ തട്ടിലുള്ള പല എൻജിനീയർമാരും ആശ്രയിക്കുന്നത് രാഷ്ട്രീയക്കാരെയാണ്. സ്വന്തമായി തീരുമാനങ്ങൾ എടുക്കേണ്ട സ്ഥാനങ്ങളിൽ എൻജിനീയർമാരെ പ്രതിഷ്ഠിക്കേണ്ടതുെണ്ടന്ന് ശ്രീധരൻ അഭിപ്രായപ്പെട്ടു. എൻജിനീയേഴ്സ് ക്ലബ് പ്രസിഡൻറ് ആർക്കിടെക്റ്റ് എൽ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. എസ്.എഫ്.എസ് ഹോംസാണ് ഈ വർഷത്തെ മികച്ച ബിൽഡർ. ചെറിയാൻ വർക്കി ആൻഡ് കമ്പനി മികച്ച കരാറുകാരും. സെറ സാനിറ്ററീസ് മികച്ച ഉൽപന്നത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി. സെക്രട്ടറി റോയ് എബ്രഹാം മാമൻ, ട്രഷറർ സി. സുരേഷ് ബാബു, അൾട്രാടെക് സിമൻറ് വൈസ് പ്രസിഡൻറ്(മാർക്കറ്റിങ്) അനിൽ എബ്രഹാം, പൊതുമരാമത്ത് വകുപ്പ് മുൻ ചീഫ് എൻജിനീയർ കുര്യൻ മാത്യു, ഡി. രജിത്, കെ.എ. ജോസഫ് എന്നിവർ സംസാരിച്ചു.
Next Story