Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 11:17 AM IST Updated On
date_range 18 Oct 2017 11:17 AM ISTകടൽകടന്ന് കുടുംബശ്രീ ലക്ഷദ്വീപിലും
text_fieldsbookmark_border
കൊച്ചി: കേരളത്തിെൻറ സ്വന്തം കുടുംബശ്രീയുടെ മാതൃകയിൽ ലക്ഷദ്വീപിലും പദ്ധതി. ദേശീയ ഗ്രാമീണ ഉപജീവന മിഷെൻറ ഭാഗമായി സ്ത്രീ ശാക്തീകരണവും ദാരിദ്ര്യ നിർമാർജനവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് ദ്വീപിൽ തുടക്കമായത്. കുടുംബശ്രീ നാഷനൽ റിസോഴ്സ് ഓർഗനൈസേഷനാണ് (കെ.എൻ.ആർ.ഒ) സ്ത്രീകളുടെ സ്വയംസഹായ ഗ്രൂപ്പുകളുടെ രൂപവത്കരണത്തിനും ഉപജീവനപദ്ധതികൾ നടപ്പാക്കുന്നതിനും നേതൃത്വം കൊടുക്കുന്നത്. 2012ൽ തുടക്കമിട്ട ദേശീയ ഗ്രാമീണ ഉപജീവന മിഷെൻറ ഭാഗമായി സ്ത്രീകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് കുടുംബശ്രീ മാതൃകയിൽ ദ്വീപിൽ നടപ്പാക്കുന്നത്. ഒരു വർഷത്തേക്കാണ് ലക്ഷദ്വീപ് ഭരണകൂടവുമായി കരാർ. പത്ത് ദ്വീപുകളിൽ കവരത്തി, കടമത്ത്, അമിനി, അഗത്തി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇത്നടപ്പാക്കുന്നത്. മേയ് 28ന് തുടക്കമിട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ 170ഓളം സ്വയം സഹായ സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. ഒാരോ ദ്വീപിലും ഒരു കമ്യൂണിറ്റി ഡെവലപ്മെൻറ് സൊസൈറ്റി (സി.ഡി.എസ്) ചെയർപേഴ്സണിനാണ് പ്രവർത്തന ചുമതല. പരമാവധി സ്വയംസഹായ സംഘങ്ങൾ രൂപവത്കരിക്കുക, ദ്വീപിലെ സാഹചര്യത്തിന് അനുയോജ്യമായ ഉപജീവന മാർഗങ്ങൾ കണ്ടെത്താൻ സഹായിക്കുക, അതിനുള്ള സാങ്കേതിക സഹായം ലഭ്യമാക്കുക എന്നിവയിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് കെ.എൻ.ആർ.ഒ പ്രോഗ്രാം ഓഫിസർ എസ്. മനുശങ്കർ പറഞ്ഞു. തേങ്ങ, മത്സ്യം എന്നിവകൊണ്ടുള്ള പലഹാരം ഉൾപ്പെടെയുള്ള ഉൽപന്നങ്ങളാണ് ദ്വീപിലെ പ്രധാന വരുമാന മാർഗം. താൽപര്യമുള്ള സ്ത്രീകൾക്ക് സ്വയംതൊഴിലിനും പുതിയ സംരംഭങ്ങൾക്കും വായ്പയോ മറ്റു ഫണ്ടുകളോ കണ്ടെത്താൻ ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകും. ലക്ഷദ്വീപിെൻറ തനത് ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തി സംഘങ്ങളെ പ്രാപ്തരാക്കും. രണ്ടാം ഘട്ടത്തിൽ നാല് ദ്വീപുകളിലേക്കു കൂടി പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1998ൽ കേരളത്തിൽ തുടക്കമിട്ട കുടുംബശ്രീ മാതൃക ഇതിനകം ദേശീയ, അന്തർദേശീയ പ്രശസ്തി നേടിയിട്ടുണ്ട്. 14 സംസ്ഥാനങ്ങൾ മാതൃക പിന്തുടരുന്നുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ആദ്യമായാണ് മാതൃക നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story