Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:41 AM GMT Updated On
date_range 17 Oct 2017 5:41 AM GMTമെട്രോ: വരുമാനത്തിൽ ഇടിവെന്ന് സ്വകാര്യ ബസുടമകൾ
text_fieldsbookmark_border
കൊച്ചി: മെട്രോ ട്രെയിൻ നഗരമധ്യത്തിലേക്ക് ഓടിയെത്തിപ്പോൾ സ്വകാര്യ ബസ് വരുമാനത്തിലുണ്ടായത് വൻ ഇടിവ്. മെട്രോ സർവിസ് നടത്തുന്ന ആലുവ---കളമശ്ശേരി റൂട്ടിൽ ബസ് യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവാണ് രണ്ടാഴ്ചക്കിടെ ഉണ്ടായത്. വരുമാനം 20 ശതമാനത്തോളം കുറഞ്ഞതായി ബസ് ഉടമകൾ പറയുന്നു. രാവിലെയും വൈകീട്ടുമാണ് കൂടുതൽ ആളുകൾ ബസിനെ ആശ്രയിച്ചിരുന്നത്. ഇവരിൽ ഭൂരിഭാഗവും ഇപ്പോൾ മെട്രോയിലാണ് യാത്ര ചെയ്യുന്നത്. ഓഫിസ് ജീവനക്കാർ, വനിതകൾ എന്നിവരാണ് കൂടുതലായി മെട്രോയിലേക്ക് മാറിയത്. മിനിമം ചാർജ് ടിക്കറ്റുകളിൽ വലിയ ഇടിവ് സംഭവിച്ചതായി ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് എം.ബി. സത്യൻ 'മാധ്യമ'ത്തോട് പറഞ്ഞു. ആലുവ--മഹാരാജാസ് മേഖലയിൽ പ്രതിദിനം ഇരുന്നൂറോളം മിനിമം ചാർജ് യാത്രക്കാരാണ് ഓരോ ബസിനും ഉണ്ടായിരുന്നത്. ഇത് 100 മുതൽ 150 വരെയായി കുറഞ്ഞു. 530 ബസാണ് നഗരത്തിൽ ആകെ സർവിസ് നടത്തുന്നത്. ആലുവ -മഹാരാജാസ് മേഖലയിൽ 188 ബസും സർവിസ് നടത്തുന്നു. ഇവയെല്ലാം ഇപ്പോൾ നഷ്്ടത്തിലാണെന്നാണ് ഉടമകൾ പറയുന്നത്. നിരക്ക് അൽപം കൂടിയാലും ബ്ലോക്ക് കൂടാതെ സുരക്ഷിതമായും വേഗത്തിലും ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുമെന്നതാണ് ആളുകളെ മെട്രോയിലേക്ക് ആകർഷിക്കുന്നത്. ഓഫിസ് സമയങ്ങളിൽ വലിയ ബ്ലോക്കാണ് അനുഭവപ്പെടുന്നത്. കളമശ്ശേരിയിലും ഇടപ്പള്ളിയിലും ഫ്ലൈ ഓവർ വന്നശേഷം മാറ്റം ഉണ്ടായെങ്കിലും ഇടപ്പള്ളിയിൽ ബ്ലോക്ക് പഴയപടിയായി. ഫീഡർ സർവിസുകളും ബസുകളുടെ വരുമാനം ഇടിയാൻ കാരണമായി. കളമശ്ശേരിയിൽനിന്ന് എച്ച്.എം.ടി ഭാഗത്തേക്കും മറ്റും വലിയ തോതിൽ ആളുകൾ ഫീഡർ വാനുകളെ ആശ്രയിക്കുന്നുണ്ട്. മെട്രോ അധികൃതരുടെ നേതൃത്വത്തിൽ ബസുകൾ ഉൾപ്പെടുത്തി രൂപവത്കരിച്ച സൊസൈറ്റി പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞതായും സത്യൻ പറഞ്ഞു. സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ബസുകൾ രാവിലെ അഞ്ചിന് സർവിസ് ആരംഭിക്കണമെന്നായിരുന്നു നിർദേശം. മെട്രോ സർവിസ് തുടങ്ങുന്ന ആറ് മണിക്ക് ഉൾപ്രദേശങ്ങളിൽനിന്ന് ആളുകൾക്ക് സ്റ്റേഷനുകളിൽ എത്താൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ, ഈ സമയത്ത് യാത്രക്കാർ തീരെ കുറവായിരിക്കും. സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് ബസുകളുടെ വരുമാനത്തിൽനിന്ന് ഇവക്ക് നൽകണം. ഇത് നഷ്ടത്തിന് ഇടയാക്കുന്നതായും ബസുടമകൾ പറയുന്നു.
Next Story