Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 5:26 AM GMT Updated On
date_range 14 Oct 2017 5:26 AM GMTപൂഴിമണലിൽ ഓടി മടുത്തു; പള്ളിപ്പുറത്തെ സിന്തറ്റിക് ട്രാക്ക് പ്രഖ്യാപനത്തിലൊതുങ്ങി
text_fieldsbookmark_border
ആലപ്പുഴ: സെൻറ് മൈക്കിൾ കോളജിലെ ജില്ല കായികമേളയിൽ ആയിരത്തോളം കായികതാരങ്ങളെയും പരിശീലകരെയും അധ്യാപകരെയും സാക്ഷിനിർത്തി പള്ളിപ്പുറത്ത് സിന്തറ്റിക് ട്രാക്ക് നിർമിക്കുമെന്ന പ്രഖ്യാപനം പാഴായി. ഒരുവർഷം മുമ്പ് മേളയുടെ ഉദ്ഘാടനവേദിയിൽ എ.എം. ആരിഫ് എം.എൽ.എയാണ് പ്രഖ്യാപനം നടത്തിയത്. ഒന്നര കോടി ചെലവഴിച്ച് പള്ളിപ്പുറം എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ ഒരുവർഷത്തിനുള്ളിൽ സിന്തറ്റിക് ട്രാക്ക് ഒരുക്കുമെന്നാണ് പറഞ്ഞത്. പ്രഖ്യാപനം നടത്തി രണ്ടുവർഷമായിട്ടും യാഥാർഥ്യമായില്ല. ഇത്തവണയെങ്കിലും പുതിയ ട്രാക്കിൽ കുതിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടികൾ. പൂഴിമണലിൽ ഓടിക്കയറുന്നവർ സംസ്ഥാന മീറ്റിൽ സിന്തറ്റിക് ട്രാക്കുകളിലാണ് ഓടുന്നത്. സിന്തറ്റിക് ട്രാക്കിൽ ഒാടി പരിശീലനമില്ലാത്ത താരങ്ങൾ സംസ്ഥാന മീറ്റിൽ പ്രയാസങ്ങൾ നേരിടുന്നത് പതിവാണ്. പരിചയക്കുറവ് കൊണ്ടുമാത്രം പിന്തള്ളപ്പെടുന്നവരും കൂടുതലാണ്. സിന്തറ്റിക് ട്രാക്കുകളിൽ മാത്രമേ കൃത്യമായി ഓടി ഫിനിഷ്ചെയ്യാൻ സാധിക്കൂവെന്ന് കായികാധ്യാപകർ പറയുന്നു. വലിയ ബുദ്ധിമുട്ടുകൾ സഹിച്ചാണ് കുട്ടികൾ പൂഴിമണലിലൂടെ ഓടുന്നത്. നല്ല സ്റ്റേഡിയങ്ങളും മൈതാനങ്ങളും ജില്ലയിലില്ല. മത്സര സീസണാകുമ്പോൾ ട്രാക്ക് തേടി സംഘാടകർ അലയുന്നത് പതിവാണ്. ദീർഘദൂര മത്സരത്തിലും മറ്റും പങ്കെടുക്കുന്ന കുട്ടികളെ ചെറിയ ട്രാക്കിൽ ഓടിക്കുക എന്ന ദ്രോഹം മറ്റുവഴിയില്ലാത്തതിനാൽ അധികൃതർക്കും ചെയ്യേണ്ടിവരുന്നു. മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും തദ്ദേശ സ്ഥാപനങ്ങളുമൊക്കെ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ച് ജില്ലയുടെ പരിതാപസ്ഥിതി മാറ്റി അടുത്ത വർഷമെങ്കിലും സിന്തറ്റിക് ട്രാക്കൊരുക്കി നൽകണമെന്നാണ് കായികതാരങ്ങളുടെ ആവശ്യം. കായികമേളയല്ല; ഇനി മുതൽ സ്കൂള്‍ കായികോത്സവം ആലപ്പുഴ: സ്കൂള്‍ കായികമേളകൾ ഇനിമുതൽ അറിയപ്പെടുക സ്കൂള്‍ കായികോത്സവമെന്ന പേരില്‍. കാലിക്കറ്റ് സര്‍വകലശാല സ്റ്റേഡിയത്തില്‍ കഴിഞ്ഞ ഡിസംബറിൽ നടന്ന സംസ്ഥാന മീറ്റ് മുതലാണ് പുതിയ പേര് പ്രാബല്യത്തില്‍ വന്നത്. ഫിസിക്കല്‍ എജുക്കേഷന്‍ -സ്പോര്‍ട്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫാണ് അന്ന് പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍തലത്തില്‍ എടുത്ത തീരുമാനമാണ് സ്കൂള്‍ കായികമേള സ്കൂള്‍ കായികോത്സവമെന്ന പേരിലേക്ക് മാറ്റിയത്. എന്നാൽ, ഭൂരിഭാഗംപേരും ഇന്നും സ്കൂള്‍ കായികമേള എന്നാണ് പറയുന്നത്.
Next Story