Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 5:26 AM GMT Updated On
date_range 14 Oct 2017 5:26 AM GMTനിർമാണ മേഖല സ്തംഭിച്ചു: ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങുന്നു
text_fieldsbookmark_border
മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിർമാണ മേഖല സ്തംഭനത്തിലായതോടെ ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടക്കം തുടങ്ങി. നോട്ട് നിരോധനത്തിെൻറ ആഘാതത്തിൽനിന്നും കരകയറുന്നതിനിടയിൽ ചരക്കുസേവന നികുതി കൂടി വന്നതോടെയാണ് നിർമാണ മേഖല പൂർണമായി സ്തംഭനത്തിലായത്. നിർമാണ മേഖലക്ക് പുറമെ വ്യവസായ മേഖലയും സജീവമല്ലാതായതോടെ തൊഴിലില്ലായ്മ രൂക്ഷമാകുകയാണ്. ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം പ്രദേശവാസികളും ജോലിചെയ്തിരുന്ന പ്ലൈവുഡ് വ്യവസായം തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. റബ്ബർ തടിക്ക് ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതോടെ വ്യാപാരികൾ മരം വാങ്ങാൻ തയാറാകാതായതോടെ മരത്തിന് ക്ഷാമം നേരിട്ടു. ഇതോടെ പ്ലൈവുഡ് കമ്പനികളുടെ പ്രവർത്തനം അവതാളത്തിലായി. മൂവാറ്റുപുഴയടക്കമുള്ള കിഴക്കൻ മേഖല പിടിച്ചുനിന്നത് പ്ലൈവുഡും അനുബന്ധ വ്യവസായങ്ങളും സജീവമായതിനാലായിരുന്നു. പ്ലൈവുഡ് നിർമാണം തകർന്നതോടെ കിഴക്കൻ മേഖല മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി. ഇതിനു പുറമെയാണ് മണൽ ക്ഷാമവും കരിങ്കൽ ക്ഷാമവും. നൂറുകണക്കിന് ആളുകൾക്ക് നേരിട്ടും ആയിരക്കണക്കിന് ആളുകൾക്ക് അനുബന്ധമായും തൊഴിൽ ലഭിച്ചിരുന്ന മേഖലയായിരുന്നു ഇത്. തൊഴിൽ മേഖലയിൽ നിന്നുള്ള വരുമാനം കുറഞ്ഞതോടെ പലചരക്കുകട, പച്ചക്കറികട , ഹോട്ടൽ എന്നീ ചെറുകിട കച്ചവടക്കാരും സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലായി. നേരിട്ടുള്ള പണമിടപാടിന് പകരം ബാങ്ക് മുഖേന പണമിടപാട് എന്നനിലയിലേക്ക് കാര്യങ്ങൾ മാറിയതോടെ ഭൂമിയുടെ ക്രയവിക്രയം നിലച്ചു. ഇതോടെ റിയൽ എസ്റ്റേറ്റ് രംഗം തകർച്ച നേരിടുകയാണ്. കിഴക്കൻ മേഖലയിലെ കരിങ്കൽ ക്വാറികളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. 120ഓളം ക്വാറികളുള്ള മേഖലയിൽ പത്തോളം വൻകിട ക്വാറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കരിങ്കൽ ക്ഷാമം രൂക്ഷമായതോടെ മെറ്റലും പാറമണലും കിട്ടാക്കനിയായിരിക്കുകയാണ്. ഇവ കിട്ടാതായതോടെ ഹോളോബ്രിക്സ് കമ്പനികളുടെ പ്രവർത്തനവും പരുങ്ങലിലായി. ക്ഷാമം ചൂണ്ടിക്കാണിച്ച് ഹോളോബ്രിക്സ് ഉൽപന്നങ്ങൾക്ക് കുത്തനെ വില വർധിപ്പിച്ചു. മഴ മാറുന്നതോടെ പൊതുമരാമത്തിെൻറയും ത്രിതല പഞ്ചായത്തുകളുടെയും റോഡ് കെട്ടിട നിർമാണങ്ങൾ ടെൻഡർ നടപടികൾ പൂർത്തിയായിരിക്കുകയാണ്. കരിങ്കല്ലും അനുബന്ധ സാധനങ്ങളും ലഭിക്കാതാകുന്നതോടെ സർക്കാർ നടത്തുന്ന നിർമാണവും സ്തംഭിക്കും.
Next Story