Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടികൾക്ക്​ എതിരായ...

കുട്ടികൾക്ക്​ എതിരായ ലൈംഗിക അതിക്രമ കേസുകൾ പിഴവറ്റതാക്കാൻ ഡി.ജി.പിയുടെ നിർദേശം

text_fields
bookmark_border
തിരുവനന്തപുരം: പോക്സോ നിയമപ്രകാരം കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച കേസുകളുടെ അന്വേഷണത്തിൽ പിഴവുകൾ ഒഴിവാക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സർക്കുലർ പുറപ്പെടുവിച്ചു. 2012ലെ പോക്സോ നിയമപ്രകാരമുള്ള കേസുകളിൽ അന്വേഷണത്തിലെ വീഴ്ചകൾ കാരണം പ്രതികൾ രക്ഷപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് സർക്കുലർ. ഇത്തരം കേസുകളിൽ ഇരകളോട് ഏറ്റവും അനുഭാവപൂർണമായ സമീപനം പുലർത്തണം. ഇരയായ കുട്ടിക്ക് ആവശ്യമെങ്കിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. ബന്ധുക്കൾ പ്രതികളാകുന്ന കേസുകളിൽ കുട്ടിയെ സ്വാധീനിച്ച് പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാധ്യത ഒഴിവാക്കണം. ഇതിനായി കുടുംബാംഗങ്ങളല്ലാത്ത സാക്ഷികൾ, കുട്ടികളെ പരിശോധിച്ച ഡോക്ടർമാർ, സാമൂഹിക പ്രവർത്തകർ, പുനരധിവാസ കേന്ദ്രത്തിലെ അധികാരികൾ തുടങ്ങിയവരിൽനിന്നുള്ള മൊഴി പ്രാധാന്യത്തോടെ രേഖപ്പെടുത്തണം. കുട്ടിയുടെ മൊഴി ദൃശ്യ, ശ്രവ്യ ഉപകരണങ്ങളിലും റെക്കോഡ് ചെയ്യണം. പോക്സോ കേസുകളിൽ അന്വേഷണവും തുടർന്നുള്ള നടപടികളും കുട്ടികളെ കൂടുതൽ മാനസിക സംഘർഷങ്ങളിലേക്ക് നയിക്കാതെ നോക്കണം. കുടുംബത്തോടൊപ്പം കുട്ടിയെ പാർപ്പിക്കാനുള്ള സാധ്യത ഇല്ലാത്ത അവസരങ്ങളിൽ മാത്രമാവണം പുനരധിവാസ കേന്ദ്രത്തിലോ മറ്റോ ആക്കുന്നത്. കുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ പുറത്തറിയാതെനോക്കേണ്ടത് പൊലീസി​െൻറ ഉത്തരവാദിത്തമാണ്. കുട്ടിയുടെ വീട്ടിലോ, കുട്ടിക്കുകൂടി സമ്മതമുള്ള സ്ഥലത്തോെവച്ച് മൊഴി രേഖപ്പെടുത്തണം. പെൺകുട്ടികൾ ഇരകളാകുന്ന കേസിൽ കഴിയുന്നതും വനിത പൊലീസ് ഉദ്യോഗസ്ഥയാകണം മൊഴി രേഖപ്പെടുത്തേണ്ടത്. ഇത്തരം കേസുകളിൽ ഇരയായ കുട്ടിയുമൊത്തുള്ള സമയത്ത് ഉദ്യോഗസ്ഥർ യൂനിഫോമിലായിരിക്കരുത്. ഇരയായ കുട്ടിയെ ഒരു സാഹചര്യത്തിലും ലോക്കപ്പിലോ ജയിലിലോ മുതിർന്ന പ്രതികളോടൊപ്പമോ ആക്കരുത്. ആവശ്യമെങ്കിൽ പരിഭാഷകർ, കോൺസലർമാർ എന്നിവരുടെ സേവനം ലഭ്യമാക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ മോശം ഭാഷ ഉപയോഗിക്കരുത്. കുട്ടിയെ അതിക്രമത്തി​െൻറ ഭയാനകമായ ഓർമകളുണർത്തുന്ന വിധത്തിൽ നേരിട്ടുള്ള ചോദ്യങ്ങളും ഒഴിവാക്കണം. പ്രതിയുമായി സമ്പർക്കത്തിനുള്ള സാഹചര്യം ഉണ്ടാകരുത്. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണം. ഇരയായ കുട്ടികളുടെ വൈദ്യപരിശോധന, പുനരധിവാസം എന്നിവ നിയമപരമായും കുട്ടിയുടെ ശാരീരിക -മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്ന രീതിയിലുമാകണം. ഇത്തരം കേസുകളിലെ അന്വേഷണം കൂടുതൽ ശാസ്ത്രീയമാക്കുന്നതിന് ആരോഗ്യ വകുപ്പ് അധികൃതർ, ഡോക്ടർമാരുടെ സംഘടനകൾ, സാമൂഹിക പ്രവർത്തകർ, സാമൂഹിക നീതി വകുപ്പ് അധികൃതർ തുടങ്ങിയവരുമായി ചർച്ച നടത്തുമെന്നും ഡി.ജി.പി വ്യക്തമാക്കി. സ്വന്തം ലേഖകൻ
Show Full Article
TAGS:LOCAL NEWS
Next Story