Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 5:37 AM GMT Updated On
date_range 6 Oct 2017 5:37 AM GMTവാഹന പരിശോധന കർശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്
text_fieldsbookmark_border
കാക്കനാട്: വാഹന പരിശോധന തടസ്സപ്പെടുത്തുന്ന പ്രവണത അനുദിനം വര്‍ധിച്ച സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ട്രാൻസ്പോര്‍ട്ട് കമീഷണര്‍ അനില്‍ കാന്തിെൻറ നിര്‍ദേശം. മനഃപൂര്‍വം പരിശോധന തടയാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പരിശോധന ശക്തമാക്കാന്‍ അദ്ദേഹം നിർദേശിച്ചു. ചിലയിടങ്ങളില്‍ പരിശോധന തടസ്സപ്പെടുത്താന്‍ ടിപ്പര്‍ മാഫിയ സംഘങ്ങള്‍ ശ്രമിച്ച സാഹചര്യത്തിലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ഊര്‍ജിതമാക്കിയത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നടത്തിയ വാഹന പരിശോധനയില്‍ 560 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. വിവിധ നിയമ ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയ വാഹനങ്ങളില്‍നിന്ന് 5.84 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി. ബുധനാഴ്ച രാവിലെ അഞ്ചിന് തുടങ്ങിയ പരിശോധന വ്യാഴാഴ്ച രാവിലെ വരെ തുടര്‍ന്നു. അമിതഭാരം കയറ്റിയ 43 ടിപ്പര്‍ ലോറികള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. പിടികൂടിയ ലോറികളില്‍നിന്ന് ലോഡ് ഇറക്കിയശേഷമാണ് വാഹനങ്ങള്‍ തുടര്‍സര്‍വിസ് നടത്താന്‍ അനുവദിച്ചത്. അപകടകരമായും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും 35 വാഹന ഉടമകള്‍ക്കെതിരെ കേസെടുത്തു. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. അമിതമായി തടി കയറ്റിയ 20 ലോറികള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ കെ.ജി. സാമുവല്‍ എന്‍ഫോഴ്സ്മെൻറ് ആര്‍.ടി.ഒ എം. സുരേഷ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. 60ല്‍ അധികം ഉദ്യോഗസ്ഥര്‍ വാഹന പരിശോധനയില്‍ പങ്കെടുത്തു.
Next Story