Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 5:40 AM GMT Updated On
date_range 3 Oct 2017 5:40 AM GMTഅവധിക്കുശേഷം സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും തിരക്കിലേക്ക്
text_fieldsbookmark_border
കാക്കനാട്: നാലുദിവസത്തെ അവധിക്കുശേഷം ചൊവ്വാഴ്ച തുറക്കുന്ന സര്‍ക്കാര്‍ ഓഫിസുകളില്‍ പൊതുജനങ്ങളുടെ തിരക്കേറും. സിവില്‍ സ്റ്റേഷനിൽ ഏറ്റവും തിരക്കുള്ള ആര്‍.ടി ഓഫിസില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ തിങ്കളാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചതോടെ ജില്ലയിലെ ആര്‍.ടി ഓഫിസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരുന്നു. എറണാകുളം, മൂവാറ്റുപുഴ ആര്‍.ടി ഓഫിസുകളിലും ഏഴ് സബ് ഓഫിസുകളിലുമായി ജോ. ആര്‍.ടി.ഒമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവർ സെക്രേട്ടറിയറ്റ് പടിക്കല്‍ നടക്കുന്ന ധര്‍ണയില്‍ പങ്കെടുക്കാന്‍ കൂട്ടമായി അവധിയെടുത്ത് പ്രതിഷേധിച്ചതാണ് നൂറുകണക്കിന് വാഹന ഉടമകള്‍ക്ക് തിരിച്ചടിയായത്. റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ തിരക്കുള്ള ജില്ല, താലൂക്ക് സിവില്‍ സപ്ലൈസ് ഓഫിസുകള്‍ കഴിഞ്ഞ നാലുദിവസമായി അടഞ്ഞുകിടക്കുകയായിരുന്നു. മുന്‍ഗണന റേഷന്‍ കാര്‍ഡുകളില്‍ കയറിക്കൂടിയ അനധികൃതരെ പുറത്താക്കുന്നത് ഉള്‍പ്പെടെ ജോലികള്‍ തകൃതിയായി നടക്കുന്നതിനിടെയാണ് അവധി ദിനം. റേഷൻ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുക, പുതിയ റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കുക തുടങ്ങി നൂറുകണക്കിന് അപേക്ഷകരാണ് സിവില്‍ സ്റ്റേഷനിലെ ജില്ല സപ്ലൈ ഓഫിസുകളിലേക്ക് ഒഴുകിയെത്തുന്നത്. ചികിത്സാസഹായം ഉള്‍പ്പെടെ സാധാരണക്കാരെ ബാധിക്കുന്ന കലക്ടറേറ്റ്, താലൂക്ക് ഓഫിസുകളിലും ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. റവന്യൂ വകുപ്പിെൻറ അനാസ്ഥ കാരണം റീ സര്‍വേ ഉള്‍പ്പെടെ പരാതികള്‍ക്കും പരിഹാരമായിട്ടില്ല. അശാസ്ത്രീയവും അനാസ്ഥയോടും കൂടിയുള്ള റീസര്‍വേ വരുത്തിയ പിഴവുകള്‍ പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകുന്നില്ലെന്നാണ് അപേക്ഷകരുടെ പരാതി. ആധാറുമായി ബന്ധപ്പെട്ട് ജനം നടന്ന് വലയുകയാണ്. കുട്ടികളുടെ പേര് ആധാറില്‍ ചേര്‍ക്കാനും തെറ്റ് തിരുത്താനും നിരവധി പേരാണ് എത്തുന്നത്. അടിയന്തര പ്രാധാന്യമുള്ള നൂറുകണക്കിന് ഫയലുകളാണ് സര്‍ക്കാര്‍ ഓഫിസുകളില്‍ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. ജനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങി സമയവും പണവും നഷ്ടപ്പെടുത്തുന്നതല്ലാതെ പ്രയോജനം ലഭിക്കുന്നില്ല. മറ്റ് വകുപ്പുകളിലും നിരവധി ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഇതുകൂടാതെ നാല് ദിവസത്തെ അവധിയില്‍ ജില്ല ആസ്ഥാനത്തെ വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകളും കാലിയായി. സംസ്ഥാനത്തെ ഒട്ടുമിക്ക ബാങ്കുകൾക്കും കാക്കനാട്ട് ശാഖകളുണ്ട്. എന്നാല്‍, പ്രമുഖ ബാങ്കുകള്‍ ഉള്‍പ്പെടെ എ.ടി.എമ്മുകള്‍ കാലിയായി. ചൊവ്വാഴ്ച പണം എത്തിച്ച് എ.ടി.എമ്മുകള്‍ നിറയുന്നതോടെ ബാങ്കിങ് രംഗം സജീവമാകും.
Next Story