Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:38 AM GMT Updated On
date_range 30 Nov 2017 5:38 AM GMTആദ്യ പ്ലാസ്റ്റിക്മാലിന്യ സംസ്കരണപ്ലാൻറ് ഭരണിക്കാവ് ബ്ലോക്ക് പരിസരത്ത് സജ്ജം
text_fieldsbookmark_border
ചാരുംമൂട്: ജില്ലയിലെ ആദ്യ പ്ലാസ്റ്റിക്മാലിന്യ സംസ്കരണപ്ലാൻറ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പ്രവർത്തനസജ്ജമായി. ഹരിതകേരള മിഷൻ പദ്ധതിയുടെ ഭാഗമായാണ് പ്ലാൻറ് സ്ഥാപിച്ചത്. കൂടാതെ വനിത വ്യവസായകേന്ദ്രം, വനിത കാൻറീൻ, ജൈവമാലിന്യ സംസ്കരണകേന്ദ്രങ്ങൾ, കാർഷികവിജ്ഞാന വ്യാപനകേന്ദ്രം എന്നിവയും ആരംഭിക്കും. പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ 19 സർക്കാർ, എയിഡഡ് ഹൈസ്കൂളുകൾക്ക് പേനക്കൂടകൾ വിതരണം ചെയ്യും. 75 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്. 50 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക് വേർതിരിച്ചെടുത്ത് പൊടിയാക്കിയും ചുളുക്കിയും സൂക്ഷിക്കുക എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ആറ് പഞ്ചായത്തിലെ പ്ലാസ്റ്റിക് ശേഖരിക്കും. ഇതിന് പഞ്ചായത്തുതലത്തിൽ കർമസേനയും വാർഡുകളിൽ രണ്ട് അംഗങ്ങളെയും ചുമതലപ്പെടുത്തി. കഴുകി ഉണക്കി നൽകുന്ന പ്ലാസ്റ്റിക് സംസ്കരിച്ച് റോഡ് നിർമാണത്തിനും ഉൽപന്ന നിർമാണത്തിനുമായി ക്ലീൻ കേരള മിഷനെ ഏൽപിക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം ക്ലീൻ കേരള മിഷനാണ് 24 ലക്ഷം രൂപ മുടക്കി പ്ലാൻറ് നിർമിച്ചത്. മണ്ണ് സംരക്ഷിച്ച് ജീവൻ രക്ഷിക്കാൻ അനുബന്ധ പദ്ധതികൾക്കും ബ്ലോക്ക് പഞ്ചായത്ത് രൂപംനൽകി. പേപ്പർ കാരി ബാഗ്, തുണി, ചണം, പേപ്പർ എന്നിവ കൊണ്ടുള്ള ഉൽപന്നങ്ങൾ നിർമിച്ച് വിപണനം നടത്തുന്ന വനിത വ്യവസായ യൂനിറ്റാണ് ഇവയിലൊന്ന്. 8.5 ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയത്. താമരക്കുളം പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന വനിത കാൻറീന് 16 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. 15 ലക്ഷം രൂപ മുടക്കി താമരക്കുളത്തും പാലമേലും ജൈവമാലിന്യ സംസ്കരണ പദ്ധതികളും പൂർത്തീകരിച്ചു. മേന്മ എന്ന പേരിൽ കാർഷികവിജ്ഞാന വ്യാപനകേന്ദ്രത്തിന് തുടക്കംകുറിക്കും. താമരക്കുളം കൃഷി ഓഫിസർക്ക് ചുമതലയുള്ള ഈ പദ്ധതിക്ക് അഞ്ചുലക്ഷം രൂപയാണ് വകയിരുത്തിയത്. ജില്ലയിലെ രണ്ടാമത്തെ ബ്ലോക്ക് ഓഫിസ് ഐ.എസ്.ഒ പ്രഖ്യാപനമാണ് ഭരണിക്കാവിെൻറ മറ്റൊരു നേട്ടം. ഈ പദ്ധതിക്ക് അഞ്ചുലക്ഷം രൂപയും പേനക്കൂടകൾക്ക് 15,000 രൂപയുമാണ് വകയിരുത്തിയത്. ചാരുംമൂട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ജൈവമാലിന്യ സംസ്കരണ പ്ലാൻറുകൾ നിർമിക്കുമെന്ന് പ്രസിഡൻറ് രജനി ജയദേവ് അറിയിച്ചു. ചോരാത്ത വീട് ഭവനപദ്ധതി മാന്നാര്‍: ചോരാത്തവീട് ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടപ്ര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് തോട്ടുമാലില്‍ വാസുദേവന്‍--സരോജിനി ദമ്പതികളുടെ വീടിെൻറ നവീകരണം പഞ്ചായത്ത് പ്രസിഡൻറ് ഷിബു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പദ്ധതി ചെയര്‍മാന്‍ കെ.എ. കരീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വിജയലക്ഷ്മിയമ്മാള്‍, ടി.കെ. സുരേഷ്‌കുമാര്‍, ഒ.സി. രാജു, റോയി പുത്തന്‍പുരക്കല്‍, കെ. ബിനോയ്, കെ. പളനി ആചാരി, സോജിത്ത്, കെ.എം. പ്രദീപ്, സി.എ. സുകുമാരന്‍, വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ കരുമാടി-കച്ചേരിമുക്ക്, വണ്ടാനം-അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
Next Story