Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:38 AM GMT Updated On
date_range 30 Nov 2017 5:38 AM GMTഎം.ജി സർവകലാശാല അത്ലറ്റിക് മീറ്റ്: കിരീടം നിലനിർത്തി എം.എ കോളജും പാലാ അൽഫോൻസയും
text_fieldsbookmark_border
പാലാ: എം.ജി സർവകലാശാല അത്ലറ്റിക് മീറ്റിൽ പുരുഷവിഭാഗത്തിൽ കോതമംഗലം എം.എ കോളജും വനിത വിഭാഗത്തിൽ പാലാ അൽഫോൻസയും കിരീടം നിലനിർത്തി. 165 പോയൻറ് നേടിയാണ് തുടർച്ചയായ രണ്ടാംതവണയും എം.എ കോളജിെൻറ ചാമ്പ്യൻപട്ടം. 202 പോയൻറുമായാണ് പാലാ അൽഫോൻസ വനിത വിഭാഗത്തിൽ തുടർച്ചയായ മൂന്നാം തവണ കിരീടം ഉയർത്തിയത്. പുരുഷവിഭാഗത്തിൽ 103 പോയൻറുമായി ചങ്ങനാശ്ശേരി എസ്.ബി കോളജ് രണ്ടാമതും 51 പോയൻറുമായി പാലാ സെൻറ് തോമസ് കോളജും മൂന്നാമതുമായി. 50 പോയൻറ് നേടിയ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സിനാണ് നാലാം സ്ഥാനം. വനിത വിഭാഗത്തിൽ കിരീടപോരാട്ടത്തിൽ ഒപ്പത്തിനൊപ്പം പോരാടിയ ചങ്ങനാശ്ശേരി അസംപ്ഷൻ 183 പോയൻറുമായി രണ്ടാമതായി. 81 പോയൻറുമായി കോതമംഗലം എം.എ കോളജാണ് മൂന്നാമത്. പുരുഷവിഭാഗത്തിൽ 11 സ്വർണവും എട്ട് വെള്ളിയും ആറുവെങ്കലവും നേടിയാണ് എം.എ കോളജിെൻറ വിജയക്കുതിപ്പ്. 58 അംഗസംഘം കോതമംഗലത്തിനായി പാലായിലെ ട്രാക്കിലിറങ്ങി. ഇതിൽ 38 പുരുഷന്മാരും 20 വനിതകളുമായിരുന്നു. മേളയിലെ മികച്ച പുരുഷതാരമായി എറണാകുളം സെൻറ് ആൽബർട്ട് കോളജിലെ ജിയോ ജോസിനെയും വനിതതാരമായി ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലെ വി.കെ. വിസ്മയയെയും തെരഞ്ഞെടുത്തു. ഹൈജമ്പിൽ ജിയോ റെക്കോഡ് സ്വന്തമാക്കിയപ്പോൾ 200,400, 4X400 മീ. റിലേ എന്നിവയിൽ വിസ്മയ സുവർണനേട്ടം അണിഞ്ഞു. മേളയുടെ അവസാനദിനം ഏഴ് റെക്കോർഡും പിറന്നു. മേളയുടെ അവസാനമണിക്കൂറുകളെ ആവേശത്തിരയിലാഴ്ത്തിയ റിലേയിലാണ് ഇതിൽ നാലും. ഇതോടെ മൊത്തം 10 റെക്കോഡിന് മീനച്ചിലാറിെൻറ തീരത്തെ സിന്തറ്റിക്ട്രാക്ക് സാക്ഷിയായി. പുരുഷന്മാരുടെ 400 മീ.ഹർഡിൽസിൽ പാലാ അൽഫോൻസ കോളജിലെ ജെറിൻ ജോസഫ് (ഒരു മീറ്റർ ), വനിതകളുടെ 3000 മീ. സ്റ്റിപ്പിൾ ചേസിൽ അൽഫോൻസ കോളജിലെ തന്നെ എയ്ഞ്ചൽ ജയിംസ് (11:4.29), വനിതകളുടെ ഹെപ്റ്റാത്തലണിൽ ഇതേ കോളജിലെ തന്നെ മരീന ജോർജ് (4929 പോയൻറ്) എന്നിവരാണ് വ്യക്തിഗത ഇനങ്ങളിലെ റെക്കോഡ് വേട്ടക്കാർ. അവസാനം നടന്ന മുഴുവൻ റിലേ മത്സരങ്ങളിലും പുതുറെക്കോഡുകൾ പിറന്നു. 4X100 വനിതകളുടെ വിഭാഗത്തിൽ പാലാ അൽഫോൻസ കോളജും പുരുഷന്മാരുടെ വിഭാഗത്തിൽ കോതമംഗലം എം.എ കോളജും പുതുനേട്ടം സ്വന്തമാക്കി. 4X400 മീറ്റർ പുരുഷവിഭാഗത്തിൽ പാലാ സെൻറ് തോമസ് കോളജും വനിത വിഭാഗത്തിൽ അസംപ്ഷൻ കോളജ് ചങ്ങനാശ്ശേരിയും പുതുറെക്കോഡ് സ്ഥാപിച്ചു. സമാപനസമ്മേളനത്തിൽ പാലാ നഗരസഭ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ സമ്മാനദാനം നിർവഹിച്ചു.
Next Story