Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:44 AM GMT Updated On
date_range 21 Nov 2017 5:44 AM GMTതദ്ദേശ സ്ഥാപനങ്ങൾ ഡിസംബർ 31നകം 70 ശതമാനം ചെലവഴിക്കണം ^മന്ത്രി കെ.ടി. ജലീൽ
text_fieldsbookmark_border
തദ്ദേശ സ്ഥാപനങ്ങൾ ഡിസംബർ 31നകം 70 ശതമാനം ചെലവഴിക്കണം -മന്ത്രി കെ.ടി. ജലീൽ ആലപ്പുഴ: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതി തുകയിൽ 27 ശതമാനം വിനിയോഗിച്ചതായി മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ആലപ്പുഴ ടി.വി. തോമസ് സ്മാരക നഗരസഭ ടൗൺഹാളിൽ നടന്ന വാർഷിക പദ്ധതി അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മാർച്ചിനുമുമ്പ് 85 ശതമാനം തുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിനിയോഗിക്കണം. മാർച്ചിൽ 15 ശതമാനം തുക മാത്രമേ വിനിയോഗിക്കാൻ അനുവദിക്കൂ. പദ്ധതി വിനിയോഗത്തിനുള്ള സോഫ്റ്റ്വെയറിൽ ഇതിൽ അധികം ചെലവഴിക്കാൻ ഓപ്ഷൻ ഉണ്ടാകില്ലെന്നും മന്ത്രി സൂചിപ്പിച്ചു. വീടില്ലാത്തവർക്ക് ഉണ്ടാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നോൺ റോഡ് മെയിൻറനൻസ് ഫണ്ടിൽനിന്ന് 50 ശതമാനം വരെ തുക നീക്കിവെക്കാം. നവംബർ 22 വരെ പുതുക്കി നൽകാം. വീടുകൾ വാർഡ് അടിസ്ഥാനത്തിൽ വീതംവെക്കേണ്ടതല്ല. അനർഹർ പദ്ധതികളിൽ വരാതെ നോക്കാൻ ശ്രദ്ധിക്കണം. പട്ടികജാതി-വർഗ ഫണ്ടുകൾ വേണ്ടതുപോലെ വിനിയോഗിക്കപ്പെടുന്നില്ല. വിനിയോഗത്തിൽ അലംഭാവം കാട്ടാതെ നോക്കണം. എസ്.സി ഫണ്ട് ഉപയോഗിച്ച് പ്രദേശത്ത് നടപ്പാക്കുന്ന പദ്ധതികൾക്ക് താമസക്കാരിൽ 51 ശതമാനം എസ്.സി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം എന്ന നിബന്ധനയിൽ ഇളവുവരുത്തി. 25 വരെയായാലും ഫണ്ട് വിനിയോഗിക്കാൻ തീരുമാനിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉച്ചക്കുശേഷം പ്രവർത്തിക്കുന്നതിന് ഡോക്ടറെയും ഫാർമസിസ്റ്റിനെയും താൽക്കാലികമായി നിയമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ആരോഗ്യമേഖലയിലെ പ്ലാൻ ഫണ്ടിൽനിന്ന് ഇവർക്കുള്ള പണം നൽകാൻ ഉത്തരവും നൽകി. ഇത് പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം. ഉത്തരവിനെ ദുർവ്യാഖ്യാനിച്ച് ഡോക്ടർമാരുടെ നിയമന കാലാവധി രണ്ടും മൂന്നും മാസമാക്കുന്നത് ശരിയല്ല. പഞ്ചായത്ത് തീരുമാനിക്കുംവരെ നിയോഗിക്കാം. മാർച്ച് അവസാനം വരെ പദ്ധതി നിർവഹണം നീട്ടിക്കൊണ്ടുപോയിരുന്ന ശീലത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞത് ചരിത്രനേട്ടമാണ്. ജനങ്ങൾക്ക് ഏറ്റവും വേഗത്തിൽ സേവനം ലഭ്യമാക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റുകളും ശ്മശാനങ്ങളും നായ്ക്കളുടെ വന്ധ്യംകരണ കേന്ദ്രങ്ങളും ആരംഭിക്കാൻ ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ്, കലക്ടർ ടി.വി. അനുപമ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ജില്ലയിൽ ചെലവഴിച്ചത് 25.97 ശതമാനം; അമ്പലപ്പുഴ ബ്ലോക്കും ചേർത്തലയും മുട്ടാറും മുന്നിൽ ആലപ്പുഴ: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതി തുകയിൽ 25.97 ശതമാനം ചെലവഴിച്ചു. മന്ത്രി കെ.ടി. ജലീലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 30നകം പദ്ധതി തുകയുടെ 30 ശതമാനം വിനിയോഗിക്കാനാണ് നിർദേശം നൽകിയിരുന്നത്. ഡിസംബർ 31നകം 70 ശതമാനം തുക ചെലവഴിക്കണം. പദ്ധതി തുക ചെലവഴിക്കുന്നതിൽ മുട്ടാർ ഗ്രാമപഞ്ചായത്താണ് നിലവിൽ ഒന്നാമത്. സ്പിൽഓവർ പദ്ധതികളിലടക്കം 88.94 ശതമാനം തുക ചെലവഴിച്ചു. വീയപുരം (52.02 ശതമാനം), കരുവാറ്റ (49.85) പഞ്ചായത്തുകൾ രണ്ടും മൂന്നും സ്ഥാനത്തെത്തി. ആറാട്ടുപുഴ (13.48), വയലാർ (14.30), എഴുപുന്ന (14.42) പഞ്ചായത്തുകളാണ് പിന്നിൽ. ബ്ലോക്ക് പഞ്ചായത്തുകളിൽ 45 ശതമാനം ചെലവഴിച്ച അമ്പലപ്പുഴയാണ് മുന്നിൽ. ഹരിപ്പാട് (42.28), കഞ്ഞിക്കുഴി (32.38) ബ്ലോക്കുകൾ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. 19.13 ശതമാനം ചെലവഴിച്ച ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്താണ് ഏറ്റവും പിന്നിൽ. ചേർത്തല നഗരസഭ 37.84 ശതമാനവും ആലപ്പുഴ നഗരസഭ 29.69 ശതമാനവും ചെലവഴിച്ചു. 21 ശതമാനം ചെലവഴിച്ച കായംകുളമാണ് പിന്നിൽ. ജില്ല പഞ്ചായത്ത് 10.94 ശതമാനം ചെലവഴിച്ചു. പ്രായോഗിക പദ്ധതികൾക്കേ പണം നീക്കിവെക്കാവൂവെന്ന് മന്ത്രി സൂചിപ്പിച്ചു. ബില്ലുകൾ എഴുതി കൃത്യസമയത്ത് സമർപ്പിക്കണം. 25 ലക്ഷം രൂപക്ക് മുകളിലുള്ളവക്ക് വേയ്സ് ആൻഡ് മീൻസ് എഴുതണമെന്നതിനാൽ പാർട്ട് ബില്ലുകൾ തയാറാക്കി സമർപ്പിച്ച് കാലതാമസം ഒഴിവാക്കണം. എ.ഇമാരെക്കൊണ്ട് കൃത്യമായി പാർട്ട് ബില്ലുകൾ തയാറാക്കിക്കാൻ തദ്ദേശസ്വയംഭരണ അധ്യക്ഷരും മേലുദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും ഗുണഭോക്തൃ പട്ടിക കൃത്യമായി വകുപ്പുകൾക്ക് ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ പദ്ധതി വിനിയോഗം വിലയിരുത്തി. മികച്ച പ്രകടനം കാഴ്ചവെക്കുന്ന തദ്ദേശസ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരും നഗരസഭ അധ്യക്ഷരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Next Story