Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡോക്ടർമാരുടെ വിരമിക്കൽ...

ഡോക്ടർമാരുടെ വിരമിക്കൽ പ്രായം വർധിപ്പിച്ചതിനെതിരെ കെ.ജി.പി.എം.ടി.എ

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനുകീഴിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം വർധിപ്പിച്ചതിനെതിരെ കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.പി.എം.ടി.എ) രംഗത്ത്. വിരമിക്കൽ പ്രായം 60ൽ നിന്ന് 62 ആക്കാനുള്ള തീരുമാനം തെറ്റിദ്ധാരണകളിൽനിന്ന് ഉടലെടുത്തതാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. മെഡിക്കൽ കോളജുകളിൽ അടിയന്തരസ്വഭാവമുള്ള കാഷ്വാലിറ്റിയിലും മറ്റും സേവനമനുഷ്ഠിക്കുന്നത് ജൂനിയർ അധ്യാപകരും റെസിഡൻറുമാരുമാണ്. ക്ലിനിക്കൽ, അക്കാദമിക കാര്യങ്ങളുടെ മുക്കാൽ ഭാഗവും ഈ വിഭാഗമാണ് എന്നിരിക്കെ പെൻഷൻ പ്രായവർധന അനുചിതമാണെന്നാണ് ഇവരുടെ വാദം. ജൂനിയർ തസ്തികയിലുള്ളവർ സ്ഥാനക്കയറ്റം ലഭിക്കാതെ തൽസ്ഥാനത്ത് ഏറെക്കാലം തുടരാൻ നിർബന്ധിതരാവുകയും ഇത് ഗവ. മെഡിക്കൽ കോളജുകളിൽ നിയമനത്തി​െൻറ തോത് കുറക്കുകയും ചെയ്യും. മെഡിക്കൽ കോളജുകളിൽ വിദഗ്ധ പ്രഫസർമാരില്ലാത്തത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തെ ബാധിക്കുമെന്നാണ് തീരുമാനം നടപ്പാക്കാനായി മുന്നോട്ടുവെക്കുന്ന വാദങ്ങളിലൊന്ന്. എന്നാൽ, ഒരു മെഡിക്കൽ കോളജിലും പ്രഫസർമാരുടെ കുറവ് എം.സി.ഐ അംഗീകാരത്തെ ബാധിച്ചിട്ടില്ല. പകരം എൻട്രി കാഡറിലും ജൂനിയർ തസ്തികയിലുമുള്ള ഡോക്ടർമാരുടെ കുറവാണ് കൗൺസിൽ ന്യൂനതയായി രേഖപ്പെടുത്താറുള്ളത്. പരിചയസമ്പത്തുള്ള പ്രഫസർമാരുടെ അഭാവം പരിഹരിക്കുകയാണ് ലക്ഷ്യം എന്ന വാദവും തെറ്റാണെന്ന് കെ.ജി.പി.എം.ടി.എ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ അസോസിയേറ്റ് പ്രഫസർമാരുടെ പരിചയസമ്പത്തും വൈദഗ്ധ്യവും രാജ്യത്തെ മറ്റേതു ഉന്നതമെഡിക്കൽ കോളജുകളിലെ അധ്യാപകരോടും കിടപിടിക്കുന്നതാണ്. എന്നാൽ, സമയബന്ധിതമായി സ്ഥാനക്കയറ്റം ലഭിക്കാത്തതിനാലും തങ്ങളേക്കാൾ ജോലിപരിചയമുള്ളവർ വിരമിക്കാത്തതിനാലും മാത്രം ഇവർക്ക് തൽസ്ഥാനത്ത് തുടരേണ്ടിവരുന്നു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തി​െൻറ തകർച്ചക്കിടയാക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ പ്രസിഡൻറ് ഡോ. അജിത് പ്രസാദ്, സെക്രട്ടറി ഡോ. ജി. ജെജി എന്നിവർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. സ്വന്തം ലേഖിക
Show Full Article
TAGS:LOCAL NEWS
Next Story