Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:38 AM GMT Updated On
date_range 15 Nov 2017 5:38 AM GMTഎൻ.സി.പി യോഗത്തിൽ നേതൃത്വത്തിനും തോമസ് ചാണ്ടിക്കും രൂക്ഷ വിമർശനം
text_fieldsbookmark_border
കൊച്ചി: എൻ.സി.പി നേതൃയോഗത്തിൽ മന്ത്രി തോമസ് ചാണ്ടിക്കും പാർട്ടി സംസ്ഥാന നേതൃത്വത്തിനും രൂക്ഷ വിമർശനം. മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രൂക്ഷമായ വാദപ്രതിവാദങ്ങൾക്കും അധ്യാപകഭവനിൽ അടച്ചിട്ട ഹാളിലെ യോഗം വേദിയായി. ചിലർ സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരനെ പേരെടുത്ത് വിമർശിച്ചു. അംഗത്വ കാമ്പയിനെക്കുറിച്ച് ചർച്ചചെയ്യാൻ ഒരു മാസം മുമ്പ് നിശ്ചയിച്ചതനുസരിച്ചാണ് യോഗമെന്ന് അധ്യക്ഷപ്രസംഗത്തിൽ പീതാംബരൻ പറഞ്ഞു. തോമസ് ചാണ്ടി വിഷയം കേന്ദ്ര നേതൃത്വത്തിെൻറ തീരുമാനമറിഞ്ഞ ശേഷം യോഗംചേർന്ന് ചർച്ചചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. ഇവിടെ ചർച്ചചെയ്ത് വാദപ്രതിവാദങ്ങൾക്ക് ഇട നൽകിയാൽ മാധ്യമങ്ങൾ വഷളാക്കുമെന്നായിരുന്നു അദ്ദേഹത്തിെൻറ നിലപാട്. തുടർന്ന് സംസാരിച്ച മുൻമന്ത്രി എ.കെ. ശശീന്ദ്രനും ഇത് ആവർത്തിച്ചതോടെ ഭൂരിഭാഗം അംഗങ്ങളും എതിർത്തു. തോമസ് ചാണ്ടി വിഷയം ഇവിടെ ചർച്ചചെയ്തശേഷം മതി കേന്ദ്ര ഇടപെടൽ എന്നായിരുന്നു ഇവരുടെ ആവശ്യം. അങ്ങനെയെങ്കിൽ മറ്റു പല കാര്യങ്ങളും ചർച്ച ചെയ്യേണ്ടിവരുമെന്നായി തോമസ് ചാണ്ടി പക്ഷം. എൻ.സി.പിക്കാരനെന്ന് പറഞ്ഞ് നാട്ടിലിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് കോഴിക്കോട്ടുനിന്നുള്ള പ്രതിനിധി പറഞ്ഞു. ഇങ്ങനെയൊരാളെ സംരക്ഷിക്കേണ്ട ആവശ്യം പാർട്ടിക്കുണ്ടോ എന്നും മന്ത്രി തെറ്റുകാരനല്ലെന്നതിന് സംസ്ഥാന നേതൃത്വത്തിന് എന്ത് തെളിവാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. എൻ.സി.പിയെ ഇടതുമുന്നണിയിലേക്ക് മടക്കിക്കൊണ്ടുവരാൻ തോമസ് ചാണ്ടി ഒരുപാട് പണം ചെലവഴിച്ചിട്ടുണ്ടെന്ന ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള പ്രതിനിധികളുടെ പരാമർശം ഒച്ചപ്പാടിനിടയാക്കി. പീതാംബരനും ശശീന്ദ്രനും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അംഗങ്ങൾ അടങ്ങിയില്ല. രാജിവെക്കുന്നതുവരെ തോമസ് ചാണ്ടി പാർട്ടിയുടെ മന്ത്രിയാണെന്ന് ഒാർക്കണമെന്നായിരുന്നു അധ്യക്ഷെൻറ താക്കീത്. പീതാംബരനെപ്പോലുള്ള സോഷ്യലിസ്റ്റ് നേതാവിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് അദ്ദേഹത്തിേൻറതായി മാധ്യമങ്ങളിൽ വന്ന വാക്കുകൾ എന്നായിരുന്നു തൃശൂരിൽനിന്നുള്ള പ്രതിനിധി ഉണ്ണികൃഷ്ണെൻറ വിമർശനം. തോമസ് ചാണ്ടി രാജിവെക്കില്ലെന്ന് സംസ്ഥാന ഭാരവാഹികളുമായി ആലോചിക്കാതെ പരസ്യപ്രസ്താവന നടത്താൻ പ്രസിഡൻറിന് എന്താണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു. ഒരു നിമിഷം പോലും വൈകാതെ രാജി ആവശ്യപ്പെടാൻ ആർജവം കാണിക്കണമെന്നായിരുന്നു മറ്റൊരംഗത്തിെൻറ ആവശ്യം. സംസ്ഥാന നിർവാഹക സമിതിയിലേക്ക് മൂന്നംഗങ്ങളെ നാമനിർദേശംചെയ്ത നടപടിയും വിമർശനത്തിനിടയാക്കി. യോഗം ബഹളത്തിൽ മുങ്ങിയതോടെ ചർച്ച അവസാനിപ്പിച്ചതായി പീതാംബരൻ പ്രഖ്യാപിക്കുകയായിരുന്നു.
Next Story