Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇരുട്ടിൽ തപ്പി പൊലീസ്...

ഇരുട്ടിൽ തപ്പി പൊലീസ് പട്ടാപ്പകൽ രണ്ടുലക്ഷം കവർന്നു

text_fields
bookmark_border
മുളന്തുരുത്തി: മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി ആരക്കുന്നം മേഖല മാറിയിട്ടും പ്രതികളെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് കാനറ ബാങ്കി​െൻറ ആരക്കുന്നം ശാഖയിൽനിന്ന് രണ്ടുലക്ഷം രൂപ പിൻവലിച്ച ശേഷം പേപ്പതിയിലേക്ക് ബസിൽ പോയ യുവതിയുടെ ബാഗിൽനിന്ന് മുഴുവൻ പണവും മോഷണം പോയി. വെളിയനാട് സ്വദേശിനി ദീപയുടെ പണമാണ് മോഷ്ടാക്കൾ കവർന്നത്. ഭർത്താവ് വിദേശത്തുനിന്ന് അയച്ച പണം ബാങ്കിലെത്തി പിൻവലിച്ച ശേഷം ആരക്കുന്നം കവലയിൽനിന്ന് ബസിൽ കയറി പേപ്പതിയിൽ ഇറങ്ങി. ബാഗിൽ ഭാരക്കുറവ് അനുഭവപ്പെട്ടതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. മുളന്തുരുത്തി പൊലീസിൽ പരാതി നൽകിയതി​െൻറ അടിസ്ഥാനത്തിൽ ആരക്കുന്നം മേഖലയിൽ പരിശോധന നടത്തി. ബസ് സ്റ്റോപ്പിന് സമീപത്തെ വ്യാപാര സ്ഥാപനത്തിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വിയിൽ സംശയകരമായ ആരുടെയെങ്കിലും ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിച്ചു. ഈ സമയം മോഷണ വിവരം അറിഞ്ഞെത്തിയ മാധ്യമപ്രവർത്തകൻ പൊലീസ് പരിശോധന നടത്തുന്ന ചിത്രം പകർത്താൻ ശ്രമിച്ചത് മുളന്തുരുത്തി എസ്.ഐ അരുൺദേവ് തടഞ്ഞു. നിരന്തരമായി ആരക്കുന്നം മേഖലയിൽ മോഷണം നടന്നിട്ടും ഒരു പ്രതിയെപ്പോലും പിടികൂടാൻ പൊലീസിന് കഴിയാത്ത സാഹചര്യം നിലനിൽക്കെ വീണ്ടും മോഷണം നടന്ന സംഭവം വാർത്തയാക്കാൻ മാധ്യമപ്രവർത്തകൻ എത്തിയതാണ് എസ്.ഐയെ ചൊടിപ്പിച്ചത്. ആഴ്ചകൾക്ക് മുമ്പ് ആരക്കുന്നം കവലയിലുള്ള ആറ് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു. സി.സി ടി.വി ദൃശ്യങ്ങളും വിരലടയാളവും ലഭിച്ചിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞട്ടില്ല. മുളന്തുരുത്തി പള്ളിത്താഴത്ത് പുതൃക്കോവിൽ ക്ഷേത്രത്തിന് എതിർവശത്തുള്ള റോഡിൽ നടന്നുപോയ സ്ത്രീയുടെ രണ്ടര പവൻ മാല ബൈക്കിലെത്തിയ രണ്ടുപേർ പൊട്ടിച്ച് കടന്നുകളഞ്ഞതും പട്ടാപ്പകലാണ്. ഈ സംഭവത്തിലും മോഷ്ടാക്കളുടെ സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞട്ടില്ല. അഞ്ചുമാസം മുമ്പ് ആരക്കുന്നം, കട്ടിമുട്ടം മേഖലകളിലെ വീടുകൾ കുത്തിത്തുറന്ന് വ്യാപകമോഷണം നടന്നിരുന്നെങ്കിലും ഒരു പ്രതിയെപ്പോലും പൊലീസ് പിടികൂടിയില്ല.
Show Full Article
TAGS:LOCAL NEWS
Next Story