Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:32 AM GMT Updated On
date_range 11 Nov 2017 5:32 AM GMTഅനധികൃത ലോറി പാർക്കിങ്; ഉളിയന്നൂർ റോഡിൽ യാത്ര ദുരിതം
text_fieldsbookmark_border
ആലുവ: ഉളിയന്നൂർ റോഡിലെ അനധികൃത ലോറി പാർക്കിങ് യാത്രക്കാർക്ക് ദുരിതമാകുന്നു. ആലുവ-ഉളിയന്നൂർ പൊതുമരാമത്ത് റോഡിലാണ് മാസങ്ങളായി യാത്രക്കാർ ബുദ്ധിമുട്ടുന്നത്. മാർക്കറ്റിലേക്കും മറ്റും വരുന്ന വലിയ ചരക്കുലോറികൾ പലതും ഇവിടെ നിർത്തിയിടാറുണ്ട്. ഇതിനുപുറമെ, ഗുഡ്‌സ് ഷെഡിലെ സിമൻറ് ലോറികളും മറ്റ് മിനിലോറികളും ഇവിടേക്ക് ചേക്കേറിയിട്ടുണ്ട്. വലിയ ലോറികൾ ഇവിടെ നിർത്തിയിടുമ്പോൾ റോഡിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ വീതി കുറയുന്നു. ഇരുദിശയിൽ ഒരേ സമയം വാഹനങ്ങൾ സഞ്ചരിക്കാൻ ബുദ്ധിമുട്ടുന്നു. കാൽനടക്കാരുടെ കാര്യം കൂടുതൽ കഷ്ടത്തിലാണ്. നഗരത്തിൽ വന്നുപോകുന്ന വിദ്യാർഥികളടക്കമുള്ള കാൽനടക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാകുന്നില്ല. അതിനാൽ കാൽനടക്കാർ അപകടത്തിൽപെടുന്നത് പതിവായി. ഉളിയന്നൂർ-ഏലൂക്കര പാലങ്ങൾ വന്നതോടെ വാഹനങ്ങൾ ഈ പാതയിൽ വർധിച്ചു. അനധികൃത വാഹന പാർക്കിങ്ങിെൻറ മറവിൽ വൻതോതിൽ മാലിന്യം നിക്ഷേപിക്കലും നടക്കുന്നു. ലോറി പാർക്കിങ് തുടങ്ങിയതോടെ രാത്രി സാമൂഹികവിരുദ്ധ ശല്യവും വർധിച്ചെന്നാണ് ആക്ഷേപം. ലോറികളുടെ മറപറ്റി മയക്കുമരുന്ന് ഇടപാടുകാർ ഇവിടെ സുരക്ഷിത വിപണി തീർത്തിരിക്കുന്നു. കാലി കച്ചവടക്കാരടക്കമുള്ളവർ കന്നുകാലികളെ റോഡിനിരുവശവും കെട്ടിയിടുന്നതും പതിവാണ്. മാർക്കറ്റിലെ മാലിന്യം മാടുകൾക്ക് തീറ്റയായി നൽകുന്നതിൽ ശേഷിക്കുന്നവ റോഡരികിൽ അവശേഷിക്കുന്നു. റോഡിലെ അനധികൃത പാർക്കിങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ഉളിയന്നൂർ ബ്രാഞ്ച് സെക്രട്ടറി കെ.എ. മുഹമ്മദ് സജീൻ പൊലീസിന് പരാതി നൽകി.
Next Story