Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 5:35 AM GMT Updated On
date_range 10 Nov 2017 5:35 AM GMTവിവരാവകാശത്തിന് ഒാൺലൈൻ സംവിധാനം; നടപടി ഉദ്യോഗസ്ഥർ അട്ടിമറിച്ചു
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്ത് വിവരാവകാശ അപേക്ഷകൾ സമർപ്പിക്കാനും മറുപടി നൽകാനും ഒാൺലൈൻ സംവിധാനം നടപ്പാക്കാനുള്ള സർക്കാർ നടപടി ഉദ്യോഗസ്ഥർ അട്ടിമറിച്ചു. അപേക്ഷ സമർപ്പിക്കാൻ നിർബന്ധമായും ഇലക്ട്രോണിക് സംവിധാനം ഉണ്ടായിരിക്കണമെന്ന് വിവരാവകാശ നിയമം നിഷ്കർഷിക്കുന്നുണ്ട്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ചില നടപടികൾക്ക് തുടക്കമിെട്ടങ്കിലും ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം ഫലം കണ്ടില്ല. ഒാൺലൈൻ സംവിധാനം നടപ്പായാൽ അപേക്ഷകർ കൂടുമെന്നതാണ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിന് കാരണം. തപാൽ വഴി നൽകുന്ന അപേക്ഷ കണാതാകുന്ന സംഭവങ്ങൾ പതിവാണെന്നിരിക്കെ ഒാൺലൈനാകുേമ്പാൾ വ്യക്തമായ തെളിവുണ്ടാകുമെന്നതും ഉദ്യോഗസ്ഥർ പദ്ധതിയോട് മുഖംതിരിക്കാൻ കാരണമാണ്. വിവരാവകാശ അപേക്ഷ സമർപ്പണത്തിനും വിവരങ്ങൾ നൽകാനും ഇലക്ട്രോണിക് സംവിധാനം ഒരുക്കണമെന്ന് 2014 നവംബറിൽ സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകിയിരുന്നു. വിവരാവകാശ ഫീസ് ഒാൺലൈൻ വഴി അടക്കാൻ ചട്ടം ഭേദഗതി ചെയ്ത് തൊട്ടടുത്ത മാസം വിജ്ഞാപനം പുറപ്പെടുവിക്കുക മാത്രമാണ് കേരളം ചെയ്തത്. അതേസമയം, ഭൂരിഭാഗം സംസ്ഥാനങ്ങളും സംവിധാനം നടപ്പാക്കി. കേന്ദ്ര സർക്കാറിെൻറ എല്ലാ വകുപ്പിലും ഒാൺലൈനായി അപേക്ഷ നൽകാൻ സൗകര്യമുണ്ട്. ഭൂരിഭാഗം സർക്കാർ സേവനങ്ങളും ഒാൺലൈനാക്കുകയും കടലാസ്രഹിത ഒാഫിസ് എന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന കേരളത്തിൽ ഇൗ സംവിധാനം മാത്രം നടപ്പാക്കാത്തതിന് പിന്നിൽ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താൽപര്യമാണെന്ന് പറയപ്പെടുന്നു. ഇൗ ആവശ്യവുമായി ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിവരാവകാശ പ്രവർത്തകർ. വിവരാവകാശ നടപടികൾ ഒാൺലൈൻ വഴിയാക്കണമെന്ന് സർക്കാറിന് ശിപാർശ സമർപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന മുഖ്യ വിവരാവകാശ കമീഷണർ വിൻസൺ എം. പോൾ 'മാധ്യമ'ത്തോട് പറഞ്ഞു. ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും വൈകാതെ നടപ്പാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. --പി.പി. കബീർ--
Next Story