Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:35 AM GMT Updated On
date_range 9 Nov 2017 5:35 AM GMTസംരക്ഷിക്കപ്പെടണം ഇൗ പൈതൃകങ്ങൾ
text_fieldsbookmark_border
ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങൾ രണ്ട് സഞ്ചാരകേന്ദ്രങ്ങളാണ്. ഡച്ച് കൊട്ടാരവും ജൂതപ്പള്ളിയും മട്ടാഞ്ചേരിയിലെയും സെൻറ് ഫ്രാൻസിസ് ദേവാലയം ഫോർട്ട്കൊച്ചിയിലെയും സംരക്ഷിത സ്മാരകങ്ങളായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കേന്ദ്രങ്ങൾക്ക് തൊട്ടടുത്ത് ബസ് സ്റ്റാൻഡുകളും ബോട്ട് ജെട്ടികളും ഉണ്ടെങ്കിലും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻപോലും ഇവിടെ എത്തുന്നവർക്ക് സൗകര്യമില്ല. പേരിന് ബസ് സ്റ്റാൻഡാണെങ്കിലും മഴയും വെയിലും കൊള്ളാതിരിക്കാൻ ഒരു ഷെഡുപോലും മട്ടാഞ്ചേരി ബസ് സ്റ്റാൻഡിലില്ല. നിരവധി സ്വകാര്യബസുകൾ ഇവിടെനിന്ന് സർവിസ് നടത്തുന്നുണ്ട്. കേന്ദ്രസർക്കാർ സഹായത്തോടെ ഫോർട്ട്കൊച്ചിയിൽ ഫെസിലിറ്റേഷൻ സെൻറർ ഉൾപ്പെടെ ബസ് സറ്റാൻഡ് പേരിന് പണിതെങ്കിലും യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന രീതിയിലായിരുന്നില്ല നിർമാണം. നാട്ടുകാരും ബസ് ജീവനക്കാരും ശബ്ദമുയർത്തിയപ്പോൾ ഷീറ്റുകൾകൊണ്ടൊരു ഷെഡ് പണിതെങ്കിലും മൂത്രപ്പുര പണിതില്ല. ഇപ്പോൾ ബസുകൾ സ്റ്റാൻഡിൽ കയറ്റാനാകാത്ത അവസ്ഥയാണ്. വിദേശസഞ്ചാരികളും നാട്ടുകാരും മഴയും വെയിലും കൊള്ളണമെന്ന് മാത്രമല്ല, പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഹോട്ടലിലേക്ക് ഓടിക്കയറണം. ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയിലും മട്ടാഞ്ചേരി ജെട്ടിയിലും മൂത്രപ്പുരയില്ല. കൊച്ചിയുടെ പൈതൃകത്തനിമ നിലനിർത്താൻ സർക്കാർ പൈതൃക സംരക്ഷണനിയമം കൊണ്ടുവന്നിട്ടുണ്ട്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിപോലും പ്രത്യേക അനുമതിയോടെ മാത്രമേ നടത്താനാവൂ. ആർട്ട് ആൻഡ് ഹെറിറ്റേജ് കമീഷെൻറ അംഗീകാരത്തോടെ മാത്രമേ ഓടുകൾപോലും മാറ്റി സ്ഥാപിക്കാനാവൂ എന്നതാണ് അവസ്ഥ. എന്നാൽ, സ്വാധീനവും പണവുമുണ്ടെങ്കിൽ ഇതൊരു പ്രശ്നമല്ലെന്നാണ് നാട്ടിലെ പാട്ട്. ഇടനിലക്കാരായി ഒരുലോബി പ്രവർത്തിക്കുന്നു. ഇതിന് തെളിവായി പല കെട്ടിടങ്ങളും ഈ മേഖലയിൽ ഉയരുന്നുണ്ട്. കൊച്ചിയിലെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കാൻ ആദ്യം ഭരണകർത്താക്കൾ തയാറാകണം. രാജ്യത്തുതന്നെ ആദ്യം ആരംഭിച്ച ഒട്ടേറെ കാര്യങ്ങൾ കൊച്ചിയിലുണ്ട്. ഇവയെല്ലാം അടയാളപ്പെടുത്തി സഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ സൗകര്യമൊരുക്കണം. ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് വിദ്യാലയം, ആദ്യത്തെ ടാറിട്ട റോഡ്, അലോപ്പതി ആശുപത്രി, ഉയർത്തുന്ന പാലം തുടങ്ങി പലതും കൊച്ചിയിലാണുള്ളത്. ഒരോ പ്രദേശത്തിെൻറയും ചരിത്രം പുസ്തകരൂപത്തിലാക്കണം. ശുചീകരണം, കൊതുകുനശീകരണം എന്നിവ മുടക്കം കൂടാതെ നടത്തണം. തുറമുഖത്ത് വിനോദസഞ്ചാരികളെ ലക്ഷ്യംവെച്ച് ഒരേക്കർ സ്ഥലത്ത് വൻ ക്രൂയിസ് സെൻറർ ഒരുങ്ങുകയാണ്. ഓരോ വർഷവും കൊച്ചി തുറമുഖത്തെത്തുന്ന ആഡംബരക്കപ്പലുകളുടെ എണ്ണത്തിലും വർധനയാണ് കാണിക്കുന്നത്. സഞ്ചാരികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുമ്പോൾ അധികൃതർ ഉണർന്നുപ്രവർത്തിക്കേണ്ടതുണ്ട്. പൈതൃകക്കാഴ്ചകൾ തേടി ആയിരക്കണക്കിന് മൈലുകൾ താണ്ടി വരുന്ന സഞ്ചാരികൾ നിരാശരായി മടങ്ങാൻ ഇടവരരുത്. (അവസാനിച്ചു)
Next Story