Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:32 AM GMT Updated On
date_range 9 Nov 2017 5:32 AM GMTകോൺഗ്രസ് ഹൗസ് വിൽപന; പരാതിയുമായി മണ്ഡലം പ്രസിഡൻറുമാർ
text_fieldsbookmark_border
ആലുവ: നഗരത്തിലെ കോൺഗ്രസ് ഹൗസ് വിൽപനയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പോര് മുറുകുന്നു. വിൽപനക്കെതിരെ രംഗത്തുവന്ന ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറിനെതിരെ മണ്ഡലം പ്രസിഡൻറുമാർ ആക്രമണം ആരംഭിച്ചു. ഇതിെൻറ ഭാഗമായി ഐ ഗ്രൂപ്പുകാരനായ ബ്ലോക്ക് പ്രസിഡൻറിനെതിരെ എ ഗ്രൂപ്പുകാരായ എട്ട് മണ്ഡലം പ്രസിഡൻറുമാരാണ് കെ.പി.സി.സി പ്രസിഡൻറിന് പരാതി നൽകിയത്. കഴിഞ്ഞ ദിവസം പരസ്യമായി ഗ്രൂപ് യോഗം ചേർന്ന് ബ്ലോക്ക് പ്രസിഡൻറിനെതിരെ മുന്നോട്ട് വന്നതിെൻറ തുടർച്ചയായാണ് മണ്ഡലം പ്രസിഡൻറുമാരെ മുന്നിൽ നിർത്തിയുള്ള ആക്രമണം. ഓഫിസ് വിൽപനക്കെതിരെ എ.ഐ.സി.സിക്ക് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോപ്പിൽ അബു പരാതി നൽകിയതോടെയാണ് ഗ്രൂപ് യുദ്ധം മുറുകിയത്. ഇതിെൻറ വൈരാഗ്യം തീർക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥ സ്വീകരണ പരിപാടികളിൽനിന്നും കളങ്കിതനായ അബുവിനെ നീക്കണമെന്നാവശ്യപ്പെട്ടാണ് മണ്ഡലം പ്രസിഡൻറുമാർ കെ.പി.സി.സി പ്രസിഡൻറിന് പരാതി നൽകിയത്. ആലുവ നിയോജക മണ്ഡലത്തിലെ മണ്ഡലം പ്രസിഡൻറുമാരായ ജോസി പി. ആൻഡ്രൂസ് (ആലുവ), എ.കെ. മുഹമ്മദാലി (തോട്ടക്കാട്ടുകര), കെ.കെ. ജമാൽ (ചൂർണിക്കര), പി.ജെ. സുനിൽകുമാർ (കീഴ്മാട്), സി.വൈ. ശാബോർ (നെടുമ്പാശ്ശേരി), കെ.ഡി. പൗലോസ് (കാഞ്ഞൂർ), കെ.വി. പൗലോസ് (ചെങ്ങമനാട്), വി.വി. സെബാസ്റ്റ്യൻ (ശ്രീമൂലനഗരം) എന്നിവരാണ് പരാതിയിൽ ഒപ്പ് വെച്ചിട്ടുള്ളത്. പടയൊരുക്കം 17നാണ് ആലുവയിൽ എത്തുന്നത്. കെ.പി.സി.സി വൈസ് പ്രസിഡൻറിെൻറ സർക്കുലർ പ്രകാരം ബ്ലോക്ക് പ്രസിഡൻറ് തോപ്പിൽ അബു ജാഥയെ സ്വീകരിക്കാൻ എത്തരുതെന്നാണ് മണ്ഡലം പ്രസിഡൻറുമാരുടെ ആവശ്യം. അബുവിെൻറ മകനെ മയക്കുമരുന്ന് കേസിൽ പൊലീസ് അറസ്‌റ്റ് ചെയ്തതും വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചതും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയിട്ടുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. യു.ഡി.എഫ് ഭരണകാലത്ത് തോപ്പിൽ അബു രണ്ടാമത്തെ അംഗമായ തിരു-കൊച്ചി സഹകരണ സംഘം രൂപവത്കരിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചു. നോട്ടിരട്ടിപ്പു തട്ടിപ്പുകാരായ അനി, സുനി സംഘത്തിന് പത്തുലക്ഷം തോപ്പിൽ അബു നൽകി. മുൻ കെ.പി.സി.സി. പ്രസിഡൻറ് വി.എം. സുധീരെൻറ ഫണ്ട് ശേഖരണ പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വിഹിതമായി ലഭിച്ച രണ്ട് ലക്ഷത്തിലധികം രൂപ സ്വകാര്യ ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായും പരാതിയിൽ ആരോപിക്കുന്നു. ഇത്തരത്തിൽ കളങ്കിതനായ തോപ്പിൽ അബുവിനെ ജാഥ പരിപാടികളിൽനിന്നും മാറ്റി നിർത്തണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് മണ്ഡലം പ്രസിഡൻറുമാരുടെ ആവശ്യം.
Next Story