Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:38 AM GMT Updated On
date_range 7 Nov 2017 5:38 AM GMTജനറൽ ആശുപത്രി പേവാർഡിലെ ക്രമക്കേട്: അന്വേഷണ റിപ്പോർട്ട് പുറത്ത്
text_fieldsbookmark_border
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന നഗരസഭ പേവാർഡിൽ സാമ്പത്തിക തിരിമറി നടന്നതായി നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കണ്ടെത്തി. രണ്ടരവർഷത്തെ കണക്ക് പരിശോധിച്ചപ്പോഴാണ് അഴിമതി വിവരങ്ങൾ പുറത്തുവന്നത്. പ്രതിപക്ഷ അംഗങ്ങളുടെ പരാതിയെ തുടർന്ന് നഗരസഭ സൂപ്രണ്ടിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാൽ, റിപ്പോർട്ട് പുറത്തുവന്ന് നാലുമാസം കഴിഞ്ഞിട്ടും നഗരസഭ അധികാരികൾ നടപടിയെടുക്കുകയോ പൊലീസിൽ പരാതിപ്പെടുകയോ ചെയ്യാതെ കുറ്റാരോപിതരെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുസ്സലാം, ഉപനേതാവ് സി.എം. ഷുക്കൂർ, അംഗങ്ങളായ ജെയ്സൺ തോട്ടത്തിൽ, ജിനു ആൻറണി, പ്രമീള ഗിരീഷ് കുമാർ, ഷൈല അബ്ദുല്ല, സന്തോഷ് കുമാർ, സുമിഷ നൗഷാദ് എന്നിവർ കുറ്റപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് പുറത്തുവരാതായതോടെ സി.എം.ഷുക്കൂർ വിവരാവകാശ അപേക്ഷ നൽകുകയായിരുന്നു. പേവാർഡിെൻറ വരവുചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുകയോ നഗരസഭയുടെ കണക്കിൽ വരവുവെക്കുകയോ ചെയ്യാതെയായിരുന്നു പ്രവർത്തനമെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കർത്തവ്യം നിർവഹിച്ചിെല്ലന്നും റിപ്പോർട്ടിലുണ്ട്. പരിശോധന കാലയളവിൽ 18,58,602 രൂപ വരവും 18,22,016 രൂപ ചെലവുമാണുള്ളത്. എട്ടു ലക്ഷത്തോളം രൂപ മാത്രമാണ് ബാങ്കിൽ നിക്ഷേപിച്ചത്. അവസാന 10 മാസത്തോളം ഒരുരൂപ പോലും ബാങ്കിൽ അടച്ചിട്ടില്ലെന്നും കണ്ടെത്തി. ബാക്കി തുകയായ 10 ലക്ഷം ചുമതലക്കാരെൻറ കൈവശം സൂക്ഷിച്ച് ചെലവഴിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആകെ എത്ര രസീതുകൾ അടിച്ചുവെന്നോ എത്രയെണ്ണം ഉപയോഗിച്ചുവെന്നോ പരിശോധനക്ക് ലഭ്യമായില്ല. രസീത് ബുക്കുകൾ സർട്ടിഫൈ ചെയ്യുകയോ ഓഫിസ് മുദ്ര പതിക്കുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. അധിക ചെലവുകൾക്കും ബില്ല് സൂക്ഷിച്ചിരുന്നില്ല. അധികാരികളുടെ സമ്മതം ഇല്ലാതെയായിരുന്നു രണ്ടര വർഷത്തെ ശമ്പളം ഒഴികെയുള്ള ചെലവുകൾ. വെള്ളക്കടലാസിൽ എഴുതിയ ചെലവ് വിവരങ്ങളാണ് ഉണ്ടായിരുന്നത്. പണം കൈവശം ഉണ്ടായിരുന്നിട്ടും വൈദ്യുതി ബില്ലുകൾ വൈകിപ്പിച്ച് ഒറ്റത്തവണയായി അടച്ചു തീർക്കുകയായിരുന്നു. രോഗികളെ പ്രവേശിപ്പിക്കുമ്പോൾ മുൻകൂറായി വാങ്ങുന്ന തുകക്ക് രസീത് നൽകിയിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഓഡിറ്റിങ്ങിലും ക്രമക്കേട് കണ്ടെത്തിയതായി സൂചനയുണ്ട്.
Next Story