Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭരണഭാഷ വാരാഘോഷം: ...

ഭരണഭാഷ വാരാഘോഷം: അണുവിടയിൽ അടിപതറി അധ്യാപകരും

text_fields
bookmark_border
ആലപ്പുഴ: അണുവിടയാണോ അണുകിടയാണോ ശരി, ഉയർത്താണോ ഉയിർത്താണോ, പിന്നാക്കമാണോ പിന്നോക്കമാണോ, പൊടുന്നനവേ ആണോ പൊടുന്നനേ ആണോ ശരിയെന്നറിയാതെ ഭരണഭാഷ വാരാഘോഷത്തി​െൻറ ഭാഗമായി നടത്തിയ മത്സരത്തിൽ ഉദ്യോഗസ്ഥർ വട്ടംചുറ്റി. ഉത്തരോത്തരം, കടവാതിൽ എന്നിവ എങ്ങനെ വാക്യത്തിൽ പ്രയോഗിക്കണമെന്ന് അറിയാതെ കുഴങ്ങിയവരാണ് ഭൂരിപക്ഷവും. ഉത്തരോത്തരം അവർ പ്രത്യക്ഷപ്പെട്ടുവെന്നും വാതിൽ തുറന്നപ്പോൾ കടവാതിൽ പറന്നുപോയെന്നും ആളില്ലാത്ത വീടുകൾ കടവാതിലുകളുടെ ആവാസ കേന്ദ്രമാണെന്നും യക്ഷിക്കഥകളിലെ സ്ഥിരം സാന്നിധ്യമാണ് കടവാതിലെന്നും വാക്യത്തിൽ പ്രയോഗിച്ചു ചിലർ. ആളുകൾ ഏറെ തെറ്റിദ്ധരിക്കുന്ന സസ്തനിയാണെന്നും കടവാതിലുകൾ പകൽ ഇരതേടാറില്ലെന്നും എഴുതി. കടവാതിലും കടവാവലും തമ്മിലുള്ള അർഥവ്യത്യാസം തിരിച്ചറിയുന്നതിൽ അധ്യാപകരടക്കം കുഴങ്ങി. ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ച് ജീവനക്കാർക്കും അധ്യാപകർക്കുമായി നടത്തിയ വിവിധ മത്സരങ്ങളിലാണ് ഇത്തരം ആശയക്കുഴപ്പം മത്സരാർഥികളെ വലച്ചത്. സ്കൂൾ കാലഘട്ടത്തിനുശേഷം കേട്ടെഴുത്ത് പരീക്ഷയിൽ പലരും ആദ്യമായാണ് പങ്കെടുത്തത്. അധ്യാപകർ പലരും സ്കൂളിൽ കേട്ടെഴുത്ത് നടത്തുന്നവരാണെങ്കിലും ഇത്തരമൊരു പരീക്ഷയിൽ പങ്കെടുത്തത് നവ്യാനുഭവമായി. ഭാഷപരിചയ പരീക്ഷയിൽ പദശുദ്ധി, വാക്യത്തിൽ പ്രയോഗിക്കുക, തെറ്റുതിരുത്തൽ എന്നീ ഇനങ്ങളായിരുന്നു. ഭരണഭാഷ മലയാളമാണെങ്കിലും ഇംഗ്ലീഷ്-മലയാളം തർജമ പരീക്ഷ കടുകട്ടിയായെന്നാണ് പലരും അഭിപ്രായപ്പെട്ടത്. തർജമയാണെന്ന് മറന്ന് മലയാളപദങ്ങൾക്കിടയിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതി ചിലർ. കവിത രചന മത്സരത്തിൽ 'തുറന്ന ഫയൽ ജീവിതം' എന്നതായിരുന്നു വിഷയം. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ല ഭരണകൂടവും ചേർന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ മത്സരത്തിൽ ജില്ലയിലെ വിവിധ വകുപ്പുകളിൽനിന്നുള്ള ജീവനക്കാരും അധ്യാപകരും പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഏഴിന് നടക്കുന്ന ഭരണഭാഷ വാരാഘോഷ സമാപന ചടങ്ങിൽ വിതരണം ചെയ്യും. സർക്കാർ ജീവനക്കാരെയും അധ്യാപകരെയും പങ്കെടുപ്പിച്ച് ജില്ല ട്രഷറി സംഘടിപ്പിക്കുന്ന പ്രശ്നോത്തരി മത്സരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടക്കും.
Show Full Article
TAGS:LOCAL NEWS
Next Story