Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 5:17 AM GMT Updated On
date_range 4 Nov 2017 5:17 AM GMTപുതുവൈപ്പ് സമരം: നഗരത്തിലേക്ക് കാൽനട ജാഥക്ക് അനുമതിയില്ല
text_fieldsbookmark_border
കൊച്ചി: പുതുവൈപ്പ് ഐ.ഒ.സി എൽ.പി.ജി ടെര്‍മിനലിനെതിരായ സമരത്തിെൻറ ഭാഗമായി ഇൗ മാസം ആറിന് എറണാകുളം നഗരത്തിേലക്ക് കാൽനട ജാഥ നടത്തുന്നതിന് അനുമതി നിഷേധിച്ച പൊലീസ് നടപടി ഹൈകോടതി ശരിവെച്ചു. ജനവാസ സ്ഥലത്ത് എൽ.പി.ജി ടെർമിനൽ സ്ഥാപിക്കുന്നതിനെതിരായ ബഹുജനപ്രക്ഷോഭത്തിെൻറ ഭാഗമായി ഗോശ്രീ ജങ്ഷനിൽനിന്ന് രാജേന്ദ്ര മൈതാനത്തേക്ക് കാല്‍നട ജാഥക്കും ഓട്ടോയില്‍ മൈക് കെട്ടിയുള്ള പ്രചാരണത്തിനും പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ ആൻറി എൽ.പി.ജി ടെർമിനൽ ജനകീയ സമരസമിതി ചെയർമാൻ എം.ബി. ജയഘോഷ് നൽകിയ ഹരജിയാണ് തള്ളിയത്. അനുമതി തേടിയെങ്കിലും പൊലീസ് മറുപടിപോലും നൽകിയില്ലെന്നായിരുന്നു ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, ജാഥ നടത്താൻ അനുമതി തേടിയുള്ള അപേക്ഷ നിരസിച്ചെന്നായിരുന്നു പൊലീസിെൻറ വിശദീകരണം. വാഹനത്തിരക്കുമൂലം ബുദ്ധിമുട്ടുന്ന നഗരത്തിലേക്ക് ജാഥ നടത്തുന്നത് രൂക്ഷ ഗതാഗതക്കുരുക്കുണ്ടാക്കുമെന്നും പദയാത്ര അക്രമാസക്തമാകാനിടയുണ്ടെന്നും പൊലീസ് വിശദീകരിച്ചു. മാത്രമല്ല, പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചുള്ള ഹൈകോടതി വിധിയും ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് അപേക്ഷ നിരസിച്ചതെന്ന പൊലീസിെൻറ വിശദീകരണം ശരിെവച്ചാണ് ഹരജി തള്ളിയത്. മൈതാനിയിൽ നടക്കുന്ന പരിപാടിക്ക് വിലക്കില്ല.
Next Story