Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 11:08 AM IST Updated On
date_range 2 Nov 2017 11:08 AM ISTപാചകവാതകവില വീണ്ടും മേലോട്ട്; ജനജീവിതം ദുരിതത്തിലേക്ക്
text_fieldsbookmark_border
കൊച്ചി: അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാർക്ക് ഇരുട്ടടിയായി വീണ്ടും പാചകവാതക വിലവർധന. ഇൗ വർഷം ഇതുവരെ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറുകളുടെ സബ്സിഡി കിഴിച്ചുള്ള വിലയിൽ 61 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതേ കാലയളവിൽ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ 265 രൂപയുടെ വർധനവുമുണ്ടായി. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 94 രൂപയാണ് ബുധനാഴ്ച മുതൽ വർധിപ്പിച്ചത്. 729 രൂപയാണ് പുതിയ വില. സബ്സിഡി ആനുകൂല്യം ലഭിച്ചുവരുന്ന ഗാർഹിക ഉപഭോക്താക്കൾ സബ്സിഡി കിഴിച്ച് നിലവിലെ 491.13 രൂപക്ക് പകരം 495.69 രൂപയാണ് നൽകേണ്ടിവരുക. ഫലത്തിൽ ഇവർക്കുണ്ടാകുന്ന വർധന 4.56 രൂപയായിരിക്കും. എന്നാൽ, സബിസിഡിക്ക് പുറത്തുള്ള ഗാർഹിക ഉപഭോക്താക്കൾ നിലവിലെ 635 രൂപക്ക് പകരം 729 രൂപയും നൽകേണ്ടിവരും. വാണിജ്യാവശ്യത്തിനുള്ള 19 കിലോ സിലിണ്ടറിന് 1,142രൂപയിൽനിന്ന് 1,289 രൂപയായി വർധിച്ചു. അടുത്തവർഷം മാർച്ചോടെ പാചകവാതക സബ്സിഡി പൂർണമായി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിെൻറ ഭാഗമായാണ് ഘട്ടംഘട്ടമായി വില വർധിപ്പിക്കുന്നത്. കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിന് ശേഷം ഇതുവരെ സബ്സിഡി സിലിണ്ടറിന് 11 തവണയും ഗാർഹികേതര സിലിണ്ടറിന് ഒമ്പത് തവണയും വില വർധിപ്പിച്ചു. ഇൗ വർഷം ജനുവരി ഒന്നിന് 434.71 രൂപയായിരുന്നു ഗാർഹികാവശ്യത്തിനുള്ള സബ്സിഡി സിലിണ്ടറുകളുടെ വില. ഇപ്പോൾ ഗാർഹിക സബ്സിഡി സിലിണ്ടറിന് ഫലത്തിൽ 4.56 രൂപയേ കൂടിയിട്ടുള്ളൂ എങ്കിലും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വില കുത്തനെ ഉയരുന്നത് പരോക്ഷമായി ജനജീവിതത്തെ സാരമായി ബാധിക്കും. ജി.എസ്.ടിയും സാമ്പത്തികമാന്ദ്യവും സൃഷ്ടിച്ച പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നതാണ് പാചകവാതക വില വർധനവെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു. സംസ്ഥാനത്തെ ഹോട്ടലുകളിൽ പ്രതിദിനം ശരാശരി മൂന്ന്-, നാല് സിലിണ്ടറുകൾ ഉപയോഗിക്കുന്നുണ്ട്. വിലവർധനവിലൂടെ 500 രൂപയുടെ അധിക ചെലവാണ് ഒരു ദിവസം ഉണ്ടാകുന്നത്. ഉള്ളി, സവാള, തേങ്ങ, വെളിച്ചെണ്ണ വിലയും ക്രമാതീതമായി ഉയരുകയാണ്. ഇൗ സാഹചര്യത്തിൽ ഭാവികാര്യങ്ങൾ അസോസിയേഷൻ യോഗം ചേർന്ന് തീരുമാനിക്കുമെന്നും ജയപാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story