Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:09 AM IST Updated On
date_range 1 Nov 2017 11:09 AM ISTബസ് തടഞ്ഞ് ആക്രമണം: മൂന്ന് ഗുണ്ടകൾക്ക് 10 വർഷം തടവ്
text_fieldsbookmark_border
അങ്കമാലി: സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാരിയായ അധ്യാപികയെ വെട്ടിപ്പരിക്കേല്‍പിക്കുകയും ഡോര്‍ ചെക്കറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കുപ്രസിദ്ധ വാടകഗുണ്ടകളായ മൂന്നുപേര്‍ക്ക് 10 വര്‍ഷം കഠിനതടവ്. ലക്ഷം രൂപ വീതം പിഴയും അടക്കണം. മലയാറ്റൂര്‍ കാടപ്പാറ കാര രതീഷ് എന്ന രതീഷ് (32), മൂക്കന്നൂര്‍ താബോര്‍ കരേടത്ത് വീട്ടില്‍ ആച്ചി എല്‍ദോ എന്ന എല്‍ദോ (36), കടപ്പാറ വെട്ടിക്കവീട്ടില്‍ ലൂണ മനോജ് എന്ന മനോജ് (34) എന്നിവരെയാണ് പറവൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2014 മാര്‍ച്ച് 10ന് വൈകീട്ട് 6.50ന് അങ്കമാലി നായരങ്ങാടിയില്‍ ബൈക്കിലെത്തി അങ്കമാലി--പെരുമ്പാവൂര്‍ ബസ് തടഞ്ഞുനിര്‍ത്തി കേടുവരുത്തിയശേഷം ബസിനകത്ത് കയറിയാണ് ആക്രമണം അഴിച്ചുവിട്ടത്. കണ്ടാലറിയാവുന്ന മറ്റ് ഏതാനും പ്രതികളും ഒപ്പമുണ്ടായിരുന്നു. മാരകായുധങ്ങളുമായി ബസില്‍ കയറി ഭീകാരന്തരീക്ഷം സൃഷ്ടിച്ചശേഷം ആക്രമികള്‍ ഡോര്‍ ചെക്കറായ രജിത്തിനെ വടിവാളുപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചു. ഈ സമയം സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ബസില്‍നിന്ന് പുറത്ത് കടക്കാനുള്ള തത്രപ്പാടിലായിരുന്നു. ഇതിനിടെ, യാത്രക്കാരി തൃക്കാക്കര കര്‍ദിനാള്‍ സ്കൂളിലെ പ്രധാനാധ്യാപിക ലീന ജോര്‍ജിനും തലക്ക് വെട്ടേറ്റു. മരണത്തെ മുഖാമുഖം കണ്ട രജിത്ത് ഏറെ േക്ലശം സഹിച്ചാണ് രക്ഷപ്പെട്ടത്. കാലടിയില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലും പ്രതിയാണ് രതീഷ്. കൊലപാതകം, വധശ്രമം, മാരകായുധം ഉപയോഗിച്ചുള്ള കുറ്റകൃത്യം, സ്ഫോടകവസ്തു ഉപയോഗിച്ചുള്ള കുറ്റകൃത്യം എന്നിങ്ങനെ രതീഷ് 25 കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. മനോജിനെതിരെ 16 കേസും എല്‍ദോക്കെതിരെ 15 കേസുമാണുള്ളത്. മൂന്നുപ്രതികള്‍ക്കും 10 വര്‍ഷം തടവിന് പുറമെ 324 വകുപ്പ് പ്രകാരം രണ്ടുവര്‍ഷം തടവും ആംസ് ആക്ട് പ്രകാരം നാലുവര്‍ഷവും തടവുശിക്ഷ കോടതി വിധിച്ചു. കൂടാതെയാണ് ഓരോ ലക്ഷം വീതം പിഴയും വിധിച്ചിട്ടുള്ളത്. എന്നാല്‍, പ്രതികള്‍ ആകെ 10 വര്‍ഷം കഠിനതടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. അതേസമയം, നാലുമുതല്‍ എട്ടുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story