Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2017 8:27 PM IST Updated On
date_range 12 May 2017 8:27 PM ISTമൂവാറ്റുപുഴ ജനറൽ ആശുപത്രി കൂടുതല്‍ ഡോക്ടര്‍മാരുടെ നിയമനം ആവശ്യപ്പെട്ട് മന്ത്രിയെ കാണും
text_fieldsbookmark_border
മൂവാറ്റുപുഴ: െഡങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രിയെ കാണാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം. മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരെൻറ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസം മന്ത്രിയെ കാണും. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടര്‍ന്ന് ഒ.പിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച ചേര്‍ന്ന ആശുപത്രി വികസനസമിതി യോഗം മന്ത്രിക്ക് നിവേദനം നല്‍കാനും വിവരം ധരിപ്പിക്കാനും തീരുമാനിച്ചത്. നേരേത്ത ജനറൽ ആശുപത്രി ഒ.പിയില്‍ ദിനേന 1000-1200 രോഗികളാണ് ചികിത്സ തേടിയിരുന്നത്. എന്നാൽ, കാലാവസ്ഥ വ്യതിയാനവും സമീപ പഞ്ചായത്തുകളില്‍ അടക്കം പകര്‍ച്ചപ്പനി വ്യാപകമായതോടെ ആശുപത്രിയില്‍ രോഗികളുടെ എണ്ണം വർധിച്ചു. നിലവില്‍ ആശുപത്രിയില്‍ 38 ഡോക്ടര്‍മാരുടെ തസ്തികയാണ് ഉള്ളത്. ഇതില്‍ ആറ് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ആശുപത്രി സൂപ്രണ്ട്, ആര്.എം.ഒ എന്നിവര്‍ ഭരണപരമായ ചുമതലകളാണ് വഹിക്കുന്നത്. ജൂനിയര്‍ കണ്‍സൽട്ടൻറ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുഴുവന്‍ സമയ വര്‍ക്കിങ് അറേഞ്ച്മെൻറിലാണ്. റേഡിയോ തെറപ്പിസ്റ്റ് ആഴ്ചയില്‍ മൂന്നുദിവസം എറണാകുളം ജനറല്‍ ആശുപത്രിയിലും ജോലി ചെയ്യണം.പതോളജിസ്റ്റ്, അസി. പൊലീസ് സര്ജന് എന്നിവര്‍ക്ക് ജനറല്‍ ഒ.പിയില്‍ ഡ്യൂട്ടിയില്ല. കാഷ്വൽറ്റി മെഡിക്കല്‍ ഓഫിസര്‍മാരായ അഞ്ചുപേര്‍ ആ ജോലി മാത്രമാണ് ചെയ്യുന്നത്. രണ്ട് അനിസ്തേഷ്യ ഡോക്ടര്‍മാരും ഒരു ദന്ത ഡോക്ടറും ഒ.പിയില്‍ ജോലി ചെയ്യാറില്ല. ബാക്കിയുള്ള 19 ഡോക്ടര്‍മാരാണ് ഒ.പി പരിശോധന നടത്തുന്നത്. ലീവ്, വീക്ക്ലി ഓഫ്, നൈറ്റ് ഡ്യൂട്ടി, ഓപറേഷന് മുതലായ കാര്യങ്ങൾ വരുന്നതോടെ ഒ.പിയുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയാണ്. നിലവിലുള്ള രണ്ട് ഫിസിഷ്യൻമാർക്ക് പുറമെ രണ്ട് ഫിസിഷ്യന്‍, രണ്ട് സര്ജന്, പീഡിയാട്രിക്, സൈക്ക്യാര്‍ട്ടിസ്റ്റ്, കാഷ്വൽറ്റി മെഡിക്കല്‍ ഓഫിസര്‍ എന്നിവരെകൂടി നിയമിക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രിയെ കാണുന്നത്. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എം.എ. സഹീര്‍, ആശുപത്രി സൂപ്രണ്ട് ഷാനി അബു തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story