Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2017 12:14 PM GMT Updated On
date_range 31 March 2017 12:14 PM GMTവയോജനസംരക്ഷണം: പുതിയ മാതൃകയുമായി ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷനല്‍ ഓഫിസ്
text_fieldsbookmark_border
കൊച്ചി: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിന് പുതിയ മാതൃകയുമായി ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷനല്‍ ഓഫിസ്. മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സംരക്ഷണവും ക്ഷേമവും നല്‍കാനുള്ള നിയമം നടപ്പാക്കുന്നതിനാണ് സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ നേതൃത്വത്തില്‍ ആര്‍.ഡി.ഒ ഓഫിസിെൻറ നടപടി. മുതിര്‍ന്ന പൗരന്മാരുടെ പരാതികള്‍ പഠിക്കാനും മധ്യസ്ഥശ്രമങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച 40ഒാളം സന്നദ്ധപ്രവര്‍ത്തകരാണ് ഫോര്‍ട്ട് കൊച്ചിയിലുള്ളത്. വയോജനങ്ങളുടെ പരാതികള്‍ കാലതാമസം കൂടാതെ പരിഗണിക്കാനും ഫലപ്രദമായ പോംവഴി കണ്ടെത്താനും മധ്യസ്ഥശ്രമങ്ങള്‍ സഹായകമാണെന്ന് ഡോ. അദീല പറഞ്ഞു. വയോജന സംരക്ഷണത്തിനുള്ള നിയമം നടപ്പാക്കാൻ ഇത്രയും സന്നദ്ധപ്രവര്‍ത്തകരെ അണിനിരത്താന്‍ കഴിഞ്ഞ സംസ്ഥാനത്തെ ഏക സബ് ഡിവിഷന്‍ ഓഫിസും ഫോര്‍ട്ട് കൊച്ചിയാണ്. വയോജന സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്നത് സംബന്ധിച്ച നിയമം അനുസരിച്ച് മക്കളും ബന്ധുക്കളും സംരക്ഷിക്കാത്ത മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആർ.ഡി.ഒക്ക് പരാതി നല്‍കാം. നിയമം അനുശാസിക്കുന്ന രീതിയില്‍ മൂന്നുമാസത്തിനകം പരാതിക്കാരന് ജീവനാംശം ലഭ്യമാക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആർ.ഡി.ഒക്ക് അധികാരമുണ്ട്. കൂടാതെ, കൈമാറ്റംചെയ്ത ഭൂമി വയോജനങ്ങള്‍ക്ക് തിരികെനല്‍കാനുള്ള അധികാരവും ആർ.ഡി.ഒയിൽ നിക്ഷിപ്തമാണ്. ആഴ്ചയില്‍ ശരാശരി 20ഒാളം കേസുകളാണ് വയോജനങ്ങളുടെ സംരക്ഷണവും സേവനവും സംബന്ധിച്ച് റവന്യൂ ഡിവിഷന്‍ ഓഫിസില്‍ ലഭിക്കുന്നത്.സാന്ത്വന കൗണ്‍സലിങ് സെൻറര്‍, ഏജ് ഫ്രണ്ട്‌ലി എറണാകുളം എന്നീ സംഘടനകളിലെ അംഗങ്ങളും വിദ്യാർഥികളും സന്നദ്ധപ്രവര്‍ത്തകരിലുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഇവരെ ഉള്‍പ്പെടുത്തിയുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് റവന്യൂ ഡിവിഷനല്‍ ഓഫിസില്‍ തുടക്കമിട്ടത്. അഡ്വ. ശ്രീലാല്‍ വാര്യര്‍, അഡ്വ. രഘുനന്ദനന്‍, അഡ്വ. സാധന കുമാരി എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനവും നല്‍കിയിരുന്നു. വയോജനങ്ങളുടെ പരാതി ലഭിച്ച് മൂന്നു മാസത്തിനകം തീരുമാനം നടപ്പാക്കണമെന്നാണ് നിയമം. കണ്‍സിലിയേഷന്‍ ഓഫിസര്‍മാര്‍ എന്നറിയപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ ഇരു കൂട്ടരുമായും സംസാരിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ടു നൽകും. ഇതനുസരിച്ച് വേഗത്തില്‍ പ്രവര്‍ത്തിക്കാനും തീരുമാനമെടുക്കാനും കഴിയുമെന്ന് സബ് കലക്ടര്‍ പറഞ്ഞു.
Next Story