Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 10:03 AM GMT Updated On
date_range 28 Jun 2017 10:03 AM GMTകൊതുകുനിവാരണത്തിന് പുതിയ മരുന്ന്; മരുന്നുതളിക്ക് ഇന്ന് കമ്മട്ടിപ്പാടത്ത് തുടക്കം
text_fieldsbookmark_border
കൊച്ചി: കൊതുകുനിവാരണത്തിന് നഗരത്തില്‍ പുതിയ മരുന്നുതളിക്കുന്ന പദ്ധതിക്ക് ഇന്ന് കമ്മട്ടിപ്പാടത്ത് തുടക്കമാകുമെന്ന് മേയര്‍ സൗമിനി ജയിന്‍. ഒരേയിനം മരുന്നിെൻറ തുടര്‍ച്ചയായ ഉപയോഗം മൂലം കൊതുകുകളിൽ പ്രതിരോധശക്തി രൂപപ്പെടുന്നുവെന്ന വിദഗ്ധ അഭിപ്രായം കണക്കിലെടുത്താണ് പുതിയ മരുന്നുപയോഗിക്കാന്‍ നഗരസഭ തയാറായതെന്ന് മേയര്‍ പറഞ്ഞു. പനിപടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിെൻറ നിര്‍ദേശപ്രകാരം എറണാകുളം ടൗണ്‍ഹാളില്‍ നടന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മേയര്‍. ബാക്ടോ പവര്‍ എന്ന കൊതുക് നശീകരണ മരുന്നാണ് പുതിയതായി നഗരസഭയില്‍ ഉപയോഗിക്കുന്നത്. കമ്പനിയുടെ ജീവനക്കാര്‍ സ്ഥലത്തെത്തി മരുന്നിെൻറ മിശ്രിതം തയാറാക്കുന്നതടക്കമുള്ള രീതികള്‍ നഗരസഭ തൊഴിലാളികളെ ബോധ്യപ്പെടുത്തും. മരുന്നുതളി ആദ്യം കമ്മട്ടിപ്പാടത്തും പിന്നീട് മറ്റ് ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കും. വിവിധ ഡിവിഷനുകളില്‍ മരുന്നുപരീക്ഷിച്ച് വിജയമാെണന്ന് വിലയിരുത്തിയിട്ടുണ്ട്. കൊതുക് നിവാരണത്തിനായി ഒരുമാസത്തെ ഊർജിത പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇതിന് തുടര്‍ച്ചയുണ്ടാകണമെന്നും ഒരു വര്‍ഷം വരെ നീളുന്ന പ്രവര്‍ത്തനങ്ങളാണ് നഗരസഭ ലക്ഷ്യം വെക്കുന്നതെന്നും മേയര്‍ വ്യക്തമാക്കി. കോര്‍പറേഷെൻറ കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ നേതൃത്വം കൊടുക്കും. ഫോര്‍ട്ട് കൊച്ചിയില്‍ ഷൈനി മാത്യു, പള്ളുരുത്തിയില്‍ പി.എം. ഹാരിസ്, ഇടപ്പള്ളിയില്‍ വി.കെ. മിനി മോള്‍, കോര്‍പറേഷന്‍ സെന്‍ട്രലില്‍ ഗ്രേസി ജോസഫ്, വൈറ്റിലയില്‍ എ.ബി. സാബു, പൂർണിമ നാരായണന്‍ എന്നിവര്‍ സംയുക്തമായും, വടുതലയില്‍ കെ.വി.പി കൃഷ്ണകുമാറിനുമാണ് ചുമതല. നഗരസഭ ഹെല്‍ത്ത് കമ്മിറ്റിയുടെ പൂര്‍ണ നിരീക്ഷണത്തിലാകും പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്ന് മേയര്‍ പറഞ്ഞു. അതേസമയം നഗരത്തിലെ സ്വകാര്യ ആശുപത്രികള്‍ െഡങ്കിപ്പനികള്‍ ഡി.എം.ഒയെ റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ മേയര്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. സ്വകാര്യ ആശുപത്രികള്‍ െഡങ്കിപ്പനിപോലുള്ളവ ഡി.എം.ഒ യെ അറിയിച്ചാല്‍ മാത്രമേ കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ട സ്ഥലങ്ങള്‍ തിരിച്ചറിയാനാകൂ എന്ന് മേയര്‍ ചൂണ്ടിക്കാട്ടി. പൊതുപരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പിന്തുടരുന്നത് കര്‍ശനമാക്കണമെന്നും മേയര്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് കെ.ജെ. ആൻറണി, സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങളായ കെ.വി.പി. കൃഷ്ണകുമാര്‍, വി.കെ. മിനിമോ ള്‍, എ.ബി. സാബു, ഗ്രേസി ജോസഫ്, ഷൈനി മാത്യു, പൂര്‍ണിമ നാരായണന്‍ നഗരസഭയിലെ വിവിധ റെസിഡൻറ്സ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, മറ്റ് സന്നദ്ധ സംഘടനകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story