Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 8:52 AM GMT Updated On
date_range 2017-06-26T14:22:51+05:30ട്രോളിങ് നിരോധനം: സമുദ്രോൽപന്ന സംസ്കരണ തൊഴിലാളികൾ പട്ടിണിയിൽ
text_fieldsമട്ടാഞ്ചേരി: ട്രോളിങ് നിരോധനം ആരംഭിച്ച് പത്ത് ദിവസങ്ങൾ പിന്നിട്ടതോടെ സമുദ്രോൽപന്ന സംസ്കരണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ പട്ടിണിയുടെ നിഴലിൽ. പതിനഞ്ച് ലക്ഷത്തോളം തൊഴിലാളികളാണ് പീലിങ് ഷെഡുകളിലും മത്സ്യസംസ്കരണ മേഖലയിലുമായി സംസ്ഥാനത്ത് പണിയെടുക്കുന്നത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. മത്സ്യമേഖലയിലാണ് പണിയെടുക്കുന്നതെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഒന്നുപോലും ഇവർക്ക് ലഭിക്കാത്തതിനാൽ ട്രോളിങ് നിരോധന നാളുകൾ ഇവരെ സംബന്ധിച്ചിടത്തോളം വറുതിയുടെ കറുത്ത ദിനങ്ങളാണ്. മത്സ്യം കേടുകൂടാതെയിരിക്കാൻ ഇടുന്ന ഐസിൽ പണിയെടുക്കുന്നതിനാൽ കാലക്രമേണ വാതസംബന്ധമായ അസുഖങ്ങൾക്കും ഇവർ വിധേയരാകുന്നു. വട്ടിപ്പലിശക്കാരും, ബ്ലേഡ് മാഫിയകളും ട്രോളിങ് നിരോധന കാലയളവ് ചൂഷണം ചെയ്യുകയാണ്. അനുദിനം കടം പെരുകുകയാണെന്നും ഇവ വീട്ടണമെങ്കിൽ കമ്പനികൾ തുറന്നു പ്രവർത്തിക്കണമെന്നുമാണ് 72 കാരിയായ ഏലിയാമ്മ പറയുന്നത്. മക്കളെയും പേരക്കുട്ടികളെയും പട്ടിണിക്കിടാനാകുമോ എന്നാണ് ഏലിയാമ്മയുടെ ചോദ്യം. പഞ്ഞമാസത്തിൽ സൗജന്യ റേഷനെങ്കിലും നൽകാൻ തയാറാകണമെന്നാണ് അമ്പതുകാരിയായ കനകമ്മ പറയുന്നത്. സർക്കാറുകൾ മാറി വരുമ്പോഴും പരാതികളും, നിവേദനങ്ങളും സമർപ്പിക്കുന്നുണ്ടെങ്കിലും പരിഗണനയിലേക്ക് വരുന്നില്ലെന്ന് ഭാരതിയും കുറ്റപ്പെടുത്തുന്നു. ഇത്തവണയും മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്ന് സീഫുഡ് വർക്കേഴ്സ് സൊസൈറ്റി പ്രസിഡൻറ് ഇ.ഒ. വർഗീസ് പറഞ്ഞു. ഒാരോ തവണയും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുമെങ്കിലും ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ വെളിച്ചം കാണാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറൈൻ പ്രൊഡക്ട് എക്സ്പോർട്ട് െഡവലപ്പ്മെൻറ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം 20,000 കോടിയുടെ വിദേശനാണ്യമാണ് സമുദ്രോൽപന്ന കയറ്റുമതിയിലൂടെ നേടുന്നത്. എം.പി.ഇ.ഡി.എയും സീ ഫുഡ് കമ്പനികളുടെ വളർച്ചക്ക് സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നൽകി കയറ്റുമതി പരിപോഷിപ്പിക്കുമ്പോൾ തൊഴിലാളികൾക്ക് ആനുകൂല്യങ്ങളോ, ദുരിതാശ്വാസമോ നൽകാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തയാറാകാത്തത് തൊഴിലാളികളോട് കാട്ടുന്ന ക്രൂരതയാണെന്നും വർഗീസ് ആരോപിച്ചു.
Next Story