Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 5:07 PM GMT Updated On
date_range 23 Jun 2017 5:07 PM GMTബാലവേല: ബിഹാറിൽനിന്നുള്ള നാല് കുട്ടികളെ മോചിപ്പിച്ചു
text_fieldsbookmark_border
കൊച്ചി: കളമശ്ശേരി വ്യവസായ മേഖലയിലെ കുപ്പിവെള്ള ഫാക്ടറിയിൽ ബാലവേല ചെയ്ത ബിഹാർ സ്വദേശികളായ നാല് കുട്ടികളെ മോചിപ്പിച്ചു. ജില്ല ലേബര്‍ ഓഫിസറുടെ (എന്‍ഫോഴ്സ്മെൻറ്) നേതൃത്വത്തില്‍ ജുവൈനല്‍ പൊലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ബാലവേല കണ്ടെത്തിയത്. കുട്ടികളെ ജില്ല ശിശുക്ഷേമ സമിതിയിൽ ഹാജരാക്കി. 12 നും 17 നും ഇടയിൽ പ്രായമുള്ളവരാണ് നാലുപേരും. കുപ്പിയിൽ വെള്ളം നിറക്കലും അവ വാഹനത്തിൽ കയറ്റലുമായിരുന്നു ഇവരുടെ ജോലികൾ. സ്ഥാപനത്തിനെതിരെ നടപടിക്ക് പൊലീസിനോട് ശിപാർശ ചെയ്തു. ഏതാനും ദിവസം മുമ്പ് കരാറുകാരനാണ് കുട്ടികളെ ജോലിക്ക് എത്തിച്ചത്. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശോധനയില്‍ ജില്ല ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സ്മെൻറ്) മുഹമ്മദ് സിയാദ്, അസി. ലേബര്‍ ഓഫിസര്‍മാരായ ജഅ്ഫര്‍ സാദിഖ്, ചിത്ര രാജൻ, രാജേഷ്, അബ്ദുൽ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു. ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും -കടകംപള്ളി സുരേന്ദ്രന്‍ കൊച്ചി: നേരേത്ത അംഗീകാരം ലഭിക്കുകയും പണം മാറ്റിവെക്കുകയും ചെയ്ത വിനോദസഞ്ചാര പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എറണാകുളം ബോട്ടുജെട്ടിയില്‍ പൂര്‍ത്തീകരിച്ച കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണപദ്ധതിയും ടേക് എ- ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാൻ നിയമ പരിരക്ഷയോടെ ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ബോട്ടുജെട്ടി പരിസരം അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം യാര്‍ഡ് എന്ന ആശയത്തില്‍ മികച്ച ടൂറിസം ഫെസിലിറ്റേഷന്‍ സെൻററാക്കലും പരിഗണിക്കും. കൂടാതെ, ഡി.ടി.പി.സി നേതൃത്വത്തില്‍ ബോട്ടുജെട്ടി പരിസരവും കുട്ടികളുടെ പാര്‍ക്കും നടപ്പാതയും നവീകരിക്കും. ജി.സി.ഡി.എയുമായി ചേർന്ന് മറൈന്‍ഡ്രൈവ് വാക്വേ നവീകരണവും ലക്ഷ്യമാണ്. കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള വിനോദസഞ്ചാരപദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ബസ് സ്റ്റാൻഡ് നവീകരണപദ്ധതിക്ക് 1.25 കോടിയും ടേക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രത്തിന് 46 ലക്ഷം രൂപയുമാണ് ടൂറിസം വകുപ്പ് അനുവദിച്ചത്. ലഘുഭക്ഷണശാല, ടോയ്‌ലറ്റ്, എ.ടി.എം കൗണ്ടര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വഴിയോര വിശ്രമകേന്ദ്രം. ഹൈബി ഈഡന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയര്‍ സൗമിനി ജയിന്‍, പ്രഫ. കെ.വി. തോമസ് എം.പി, ജില്ല കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല, കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ഡി.ടി.പി.സി എം-പാനല്‍ ചെയ്ത വിവിധ പാക്കേജുകളുടെ സേവനദാതാക്കള്‍ക്ക് അംഗീകൃത സേവനദാതാവ് എന്ന സാക്ഷ്യപത്രം മന്ത്രി നൽകി. ഡി.ടി.പി.സി ഭരണസമിതി അംഗങ്ങളായ പി.ആര്‍. റനീഷ്, എസ്. സതീഷ്, പി.എസ്. പ്രകാശൻ, ടൂറിസം ജോയൻറ് ഡയറക്ടര്‍ പി.ജി. ശിവൻ, ഡി.ടി.പി.സി സെക്രട്ടറി എസ്. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story