Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 5:11 PM IST Updated On
date_range 22 Jun 2017 5:11 PM ISTസെസ് വികസനത്തിന് 200 ഏക്കർ; പരിസരവാസികള്‍ ആശങ്കയില്‍
text_fieldsbookmark_border
കാക്കനാട്: പ്രത്യേക സാമ്പത്തിക മേഖലക്ക് (സെസ്) സ്ഥലം ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം പരിസരവാസികളെ ആശങ്കയിലാക്കി. കഴിഞ്ഞദിവസം മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിയുടെ മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളിലൊന്ന് പ്രത്യേക സാമ്പത്തിക മേഖലയില്‍ വ്യവസായങ്ങള്‍ക്ക് 200 ഏക്കര്‍ കൂടി ഏറ്റെടുക്കണമെന്നതായിരുന്നു. ഇതോടെ കയറ്റുമതി മേഖല സമീപ വാസികളാണ് വീടും സ്ഥലവും നഷ്ടപ്പെടുമെന്ന് ആശങ്കയിലായത്. നിലവില്‍ സെസിന് തെക്കുവശം കൊച്ചിയുടെ സെക്ടറല്‍ (മാസ്റ്റർ) പ്ലാന്‍ അനുസരിച്ച് ഭാവിയില്‍ വ്യവസായ വികസനത്തിനുള്ള ഇന്‍ഡസ്ട്രിയല്‍ മേഖലയായി നിലനിര്‍ത്തിയ പ്രദേശമാണ്. ഇതനുസരിച്ച് പ്രദേശത്ത് രണ്ട് നിലയില്‍ കൂടുതല്‍ കെട്ടിട നിര്‍മാണത്തിന് തൃക്കാക്കര നഗരസഭ അനുമതി നല്‍കാറില്ല. എന്നാൽ, ഇതിന് വിരുദ്ധമായി പ്രത്യേകാനുമതി വാങ്ങിയാണ് നിലവില്‍ ബഹുനില ഫ്ലാറ്റുകളും കെട്ടിടങ്ങളും നിര്‍മിച്ചത്. നഗരസഭയില്‍ കെട്ടിട നിര്‍മാണച്ചട്ടം നിലവില്‍ വരുന്നതിനുമുമ്പ് അംഗീകാരം വാങ്ങിയ സ്ഥാപനങ്ങളും വ്യക്തികളും നിര്‍മിച്ച ഫ്ലാറ്റുകൾ ഇന്‍ഡസ്ട്രിയല്‍ സോണില്‍ നിലവിലുണ്ടെന്ന് നഗരസഭ അധികൃതര്‍ ചൂണ്ടിക്കാട്ടി. നഗരസഭ പ്രദേശത്തെ 18-ാം വാര്‍ഡ് ഏറക്കുറെ പൂര്‍ണമായും ഇന്‍ഡസ്ട്രിയല്‍ സോണായാണ് മാസ്റ്റർ പ്ലാനില്‍ രേഖപ്പെടുത്തുന്നത്. 400ല്‍പരം വീടുകളും 12 ഫ്ലാറ്റുകളും നിരവധി വില്ലകളുമാണ് ഇൗ മേഖലയിലുള്ളത്. ഇതെല്ലാം ഒഴിപ്പിക്കുമെന്ന ആശങ്കയിലാണ്. വ്യവസായ മേഖലയിലെ മാലിന്യം പുറന്തള്ളുന്ന ചാത്തനാംചിറ തോടിന് ഇരുവശവും മാസ്റ്റർ പ്ലാനില്‍ ഇന്‍ഡസ്ട്രിയല്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. തോടിന് പടിഞ്ഞാറുവശം വാഴക്കാല വില്ലേജിലും കിഴക്കുവശം 18-ാം വാര്‍ഡ് ഏറക്കുറെ പൂര്‍ണമായും കാക്കനാട് വില്ലേജിലുമാണ് ഉള്‍പ്പെടുന്നത്. സെസിന് അനുബന്ധമായി സ്ഥലം ഏറ്റെടുക്കുകയാണെങ്കില്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന് പടിഞ്ഞാറുവശം കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും ഫ്ലാറ്റുകളും ഏറ്റെടുക്കേണ്ടിവരും. എന്നാൽ, സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഫാക്ടിെൻറ സ്ഥലത്ത് സെസ് വികസനത്തിന് സ്ഥലം കണ്ടെത്താനുകുമെന്നാണ് സെസ് ഡെവലപ്മെൻറ് അധികൃതര്‍ നല്കുന്ന സൂചന. ഫാക്ടിെൻറ അമ്പലമേട് ഡിവിഷനിലോ മറ്റേതെങ്കിലും പൊതുമേഖല സ്ഥാപനങ്ങളുടെയോ സ്ഥലം ഏറ്റെടുക്കാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. അടുത്തകാലം വരെ സെസ് വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍ സര്‍ക്കാര്‍ പരിഗണനയില്‍ ഇല്ലായിരുന്നു. എന്നാൽ, സെസിലെ 103 ഏക്കറില്‍ വ്യവസായ സ്ഥാപനങ്ങള്‍ കൂടാതെ പുറത്തുള്ള കയറ്റുമതി വ്യവസായികള്‍ കൂടുതല്‍ തല്പര്യം പ്രകടിപ്പിച്ചതോടെയാണ് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കഴിഞ്ഞ മാര്‍ച്ചില്‍ വാണിജ്യമന്ത്രാലയം സെക്രട്ടറി തലസ്ഥാനത്തെത്തി ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സെസ് വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാര്‍ സജീവമായി പരിഗണിച്ചത്. 130 വ്യവസായ യൂനിറ്റുകൾ പ്രവര്‍ത്തിക്കുന്ന സെസിനകത്ത് ഒരിഞ്ച് സ്ഥലം പോലും നിലവിലില്ല. സെസിനകത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി (വാറ്റ്) കയറ്റുമതിക്കുശേഷം നല്കിയാല് മതിയെന്ന നിബന്ധനയാണ് വ്യവസായികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. പുറത്തുള്ള കയറ്റുമതി വ്യവസായങ്ങള്‍ സെസിനകത്ത് കേന്ദ്രീകരിക്കാനുള്ള അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് സെസ് അധികൃതര്‍ ചൂണ്ടിക്കാട്ടി. സെസിലേക്ക് പ്രകൃതി വാതകം എത്തിയതും വ്യവസായങ്ങള്‍ക്ക് അനുകൂല ഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story