Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 9:05 AM GMT Updated On
date_range 17 Jun 2017 9:05 AM GMTഎ.ടി.എമ്മിൽ കളഞ്ഞുകിട്ടിയ പണം ഉടമക്ക് തിരിച്ചുനൽകി
text_fieldsbookmark_border
നെടുമ്പാശ്ശേരി: എ.ടി.എമ്മിൽനിന്ന് ലഭിച്ച 10,000 രൂപ ഉടമക്ക് തിരികെ നൽകി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപത്തെ ആശുപത്രിയിലെ ജീവനക്കാരനായ നീലീശ്വരം ശാന്തിപുരം കുറിയോടം വീട്ടിൽ റോബിൻ റോയിക്കാണ് ഇടപാടിനു മുമ്പായി എ.ടി.എമ്മിൽനിന്ന് പണം ലഭിച്ചത്. ഹോട്ടൽ ജീവനക്കാരനായ കോഴിക്കോട് കണ്ണോത്ത് വീട്ടിൽ കെ. അരുൺകുമാറിനാണ് നഷ്ടമായെന്ന് കരുതിയ പണം തിരികെലഭിച്ചത്. കഴിഞ്ഞ രണ്ടിന് വിമാനത്താവളത്തിനടുത്തുള്ള ഫെഡറൽ ബാങ്ക് എ.ടി.എമ്മിൽനിന്ന് 10,000 രൂപ പിൻവലിക്കാൻ അരുൺകുമാർ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. യന്ത്രത്തകരാറാണെന്ന് കരുതി ശ്രമം ഉപേക്ഷിച്ചുമടങ്ങി. പിറ്റേന്ന് എ.ടി.എമ്മിൽനിന്ന് പണമെടുത്തപ്പോൾ അക്കൗണ്ടിൽ 10,000 രൂപയുടെ കുറവ് കണ്ടെത്തി. തുടർന്ന് കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തിയെങ്കിലും എ.ടി.എമ്മിൽനിന്ന് പണം ലഭിച്ചില്ലെന്ന് വ്യക്തമാക്കി അരുൺകുമാർ രേഖാമൂലം ബാങ്കിൽ പരാതി നൽകിയിരുന്നു. അന്നേദിവസം പണം പിൻവലിക്കാനെത്തിയ റോബിന് ഇടപാടിനുമുമ്പ് എ.ടി.എമ്മിൽനിന്ന് 10,000 രൂപ ലഭിച്ചു. തുക ഉടനെ നെടുമ്പാശ്ശേരി പൊലീസിൽ ഏൽപിച്ചു. പൊലീസ് പണത്തോടൊപ്പം ലഭിച്ച എ.ടി.എം സ്ലിപ്പ് ബാങ്ക് അധികൃതരെ കൊണ്ട് പരിശോധിപ്പിച്ച് അക്കൗണ്ട് ഉടമയെ കണ്ടെത്തുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് ഉടമയെ കണ്ടെത്തിയത്. എസ്.ഐ. സോണി മത്തായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിച്ചശേഷം റോബിനെക്കൊണ്ട് അരുൺകുമാറിന് പണം കൈമാറുകയായിരുന്നു. എ.ടി.എം പ്രവർത്തനം വേഗം കുറഞ്ഞ രീതിയിലേക്ക് മാറിയപ്പോൾ പണം പുറത്തേക്കു വരാൻ വൈകിയതാകാം പ്രശ്നമായതെന്ന് സംശയിക്കുന്നു. അരുൺകുമാർ എ.ടി.എം ഇടപാട് റദ്ദാക്കിയത് ശരിയാകാത്തതിനാൽ പണം പുറത്തേക്കു വന്നതാണെന്നും പൊലീസ് കരുതുന്നു.
Next Story