Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:11 AM GMT Updated On
date_range 15 Jun 2017 9:11 AM GMTകപ്പലിടിച്ച് ദുരന്തം: 6.08 കോടിയുടെ നഷ്ടപരിഹാരം തേടി ബോട്ടുടമയും തൊഴിലാളികളും ഹൈകോടതിയിൽ
text_fieldsbookmark_border
കൊച്ചി: കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്ന സംഭവത്തിൽ നഷ്ടപരിഹാരം തേടി ബോട്ടുടമയും തൊഴിലാളികളും ഹൈകോടതിയിൽ. 6.08 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിക്കണമെന്നും ഇതിന് തുല്യമായ സെക്യൂരിറ്റിത്തുക കെട്ടിവെക്കുന്നതുവരെ എം.വി ആമ്പർ എൽ എന്ന കപ്പലിനെ കൊച്ചി തീരത്തുനിന്ന് വിടരുതെന്നും ആവശ്യപ്പെട്ടാണ് ബോട്ടുടമ പള്ളുരുത്തി സ്വദേശി യു.എ നാസർ, മത്സ്യത്തൊഴിലാളികളും കന്യാകുമാരി സ്വദേശികളുമായ നവിസ് തോബിയാസ്, ഏണസ്റ്റ് തോബിയാസ്, ആൻറണി ദാസ് ക്രിസ്തുരാജൻ, എൽ. കുരിശു മിഖായേൽ, മെർലിൻ തോബിയാസ്, ആംസ്‌ട്രോങ് ബ്രിട്ടു, ആംസ്‌ട്രോങ് ബിനീഷ്, ആൾട്ടോ വിൻസെൻറ്, ആൻറോസ് എമിലിയാസ് എന്നിവർ ഹരജി നൽകിയത്. ജൂൺ 11ന് പുലർച്ച രണ്ടുമണിയോടെയാണ് കാർമൽ മാത എന്ന മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചത്. രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചതിന് പുറമേ ഒരാളെ കാണാതാവുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന മറ്റ് 11 തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. നിശ്ശേഷം തകർന്ന ബോട്ടിെൻറ അവശിഷ്ടങ്ങളിൽ പിടിച്ച് രണ്ടു മണിക്കൂറോളം കടലിൽ കഴിയേണ്ടിവന്നെന്നും മരണത്തെ മുഖാമുഖം കണ്ട സന്ദർഭമായിരുന്നുവെന്നും ഹരജിയിൽ പറയുന്നു. 75 ലക്ഷം രൂപയുടെ നഷ്ടം ബോട്ടിനുണ്ടായി. മൂന്ന് കോടിയുടെ ഉപജീവന നഷ്ടമുണ്ടായി. മത്സ്യത്തൊഴിലാളികൾ അനുഭവിക്കേണ്ടിവന്ന മാനസിക വ്യഥ, സമ്മർദം എന്നിവക്കുള്ള പരിഹാരമായി 1. 44 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരത്തുകക്ക് തുല്യമായ സെക്യൂരിറ്റി കെട്ടിവെക്കാതെ കപ്പൽ കൊച്ചി വിട്ടാൽ പിന്നീട് നഷ്ടപരിഹാരം ഈടാക്കാൻ കഴിയില്ലെന്നും അതുവരെ കപ്പൽ തടഞ്ഞിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. എം.വി ആമ്പർ എൽ എന്ന കപ്പൽ, ക്യാപ്റ്റൻ ജോർജ് അയോണിസ്, ഗ്രീസിലെ കാർലോഗ് ഷിപ്പിങ് കമ്പനി പ്രതിനിധി, മറൈൻ മർക്കൈൻറൽ ഡിപ്പാർട്ട്മെൻറിലെ പ്രിൻസിപ്പൽ ഓഫിസർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ, കോസ്റ്റ് ഗാർഡ് കമാൻഡിങ് ഓഫിസർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി.
Next Story