Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:02 AM GMT Updated On
date_range 15 Jun 2017 8:02 AM GMTകുടിവെള്ളം മുടങ്ങിയത് പുഴക്ക് അടിയിലൂടെ പോകുന്ന പൈപ്പിലെ വിള്ളൽമൂലം
text_fieldsbookmark_border
കളമശ്ശേരി: ഏലൂർ വടക്കുംഭാഗം പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങിയത് പുഴക്ക് അടിയിലൂടെ പോകുന്ന പൈപ്പിലെ വിള്ളൽ മൂലമെന്ന് കണ്ടെത്തൽ. അഞ്ച് ദിവസമായി കുടിവെള്ളം തടസ്സപ്പെടുന്നതിനെത്തുടർന്ന് വാട്ടർ അതോറിറ്റി അധികൃതർ നടത്തിയ പരിശോധനയിലാണ് പുഴയുടെ അടിയിലെ പൈപ്പിലെ വിള്ളൽ കണ്ടെത്തിയത്. കളമശ്ശേരിയിൽനിന്ന് ഏലൂരിലേക്ക് കുടിവെള്ളം എത്തിക്കുന്ന പുതിയ റോഡ് പാലത്തിനടിയിലെ പുഴയിൽ സ്ഥാപിച്ചിട്ടുള്ള 350 എം.എം.എച്ച്.ഡി.പി.ഇ പൈപ്പാണ് വട്ടം പൊട്ടി ജലം പാഴായിക്കൊണ്ടിരുന്നത്. തകരാർ പരിഹരിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. 1984 ലാണ് പൈപ്പ് സ്ഥാപിച്ചത്. കാലപ്പഴക്കമാണ് തകർച്ചക്ക് കാരണമെന്നാണ് വിലയിരുത്തൽ. പൊതുമരാമത്തുവകുപ്പ് അനുമതി നൽകിയാൽ പൈപ്പ് ലൈൻ പാലത്തിലൂടെ കടത്തിവിടാൻ ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചു. പൈപ്പ് തകർച്ചയെത്തുടർന്ന് ഏലൂർ വടക്കുംഭാഗത്തെ ജനങ്ങൾ ദുരിതത്തിലാണ്. പലരും കുപ്പിവെള്ളത്തെ ആശ്രയിക്കുകയാണ്. വാട്ടർ അതോറിറ്റി സൂപ്രണ്ട് എൻജിനീയർ, എ.എക്സ്.ഇ, എ.ഇ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പൈപ്പിലെ തകരാർ പരിഹരിക്കുന്നതിനാൽ ഏലൂർ നഗരസഭാ പരിധിയിൽ വ്യാഴാഴ്ച ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. സിറ്റി ബസ് സർവിസ് കണ്ടനാട് വരെ നീട്ടണം തൃപ്പൂണിത്തുറ: സിറ്റി ബസ് സർവിസ് ഉദയംപേരൂർ കണ്ടനാട് വരെ നീട്ടണമെന്നും പ്രദേശത്തെ ജനങ്ങൾ കൊല്ലങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതം പരിഹരിക്കണമെന്നും റെസിഡൻറ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു. ഒട്ടേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കണ്ടനാട് പ്രദേശത്ത് യാത്രാക്ലേശം അതീവ ദുസ്സഹമാണ്. രണ്ടുകിലോമീറ്റർ നടന്നെങ്കിലേ ഏതെങ്കിലും ഒരു ബസ്സ്റ്റോപ്പിൽ എത്താൻ സാധിക്കൂ. പിറവം--എറണാകുളം സർവിസ് നടത്തുന്ന രണ്ട് സ്വകാര്യ ബസ് ഓടുന്നുണ്ടെങ്കിലും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ മതിയാവില്ല. കണ്ടനാട് ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് നാലും അഞ്ചും കിലോമീറ്റർ നടന്നു വേണം ബസ്സ്റ്റോപ്പിലെത്താൻ. വിദ്യാർഥികൾക്കും തൊഴിലിന് പോകുന്നവർക്കുമെല്ലാം ഇത് വലിയ ദുരിതമാണ്. മുളന്തുരുത്തി -ചോറ്റാനിക്കര റോഡിനും പൂത്തോട്ട-എറണാകുളം റോഡിനും ഉള്ളിൽ സ്ഥിതിചെയ്യുന്നതും ചോറ്റാനിക്കര-ഉദയംപേരൂർ, മുളന്തുരുത്തി പഞ്ചായത്ത് പ്രദേശങ്ങൾകൂടി ഉൾപ്പെടുന്നതുമാണ് കണ്ടനാട് പ്രദേശം. ഏറെ കൊല്ലം പിന്നിട്ടെങ്കിലും കണ്ടനാട് പ്രദേശത്തെ ജനങ്ങൾ ഇപ്പോഴും നടക്കുകതന്നെയാണ്. എറണാകുളം- തൃപ്പൂണിത്തുറ സർവിസ് നടത്തുന്ന ഏതാനും സിറ്റി ബസുകൾ തൃപ്പൂണിത്തുറയിൽ ട്രിപ് അവസാനിപ്പിക്കാതെ കണ്ടനാട് വരെ വന്നുപോയാൽ യാത്രാദുരിതം മാറിക്കിട്ടും.
Next Story